എറണാകുളം:ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് (24.08.2022) വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മന്ത്രിതല ചർച്ചയുടെ വിശദാംശങ്ങൾ കെ.എസ്.ആർ ടി.സി കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ ഹർജി പരിഗണിക്കവെ കോടതി ഉത്തരവുണ്ടായിട്ടും ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളം നൽകാത്തതിൽ സിംഗിൾ ബഞ്ച് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഉത്തരവ് നടപ്പിലാക്കിയില്ലെങ്കിൽ സിഎംഡിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കഴിഞ്ഞ മാസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്ക് കോടതി അനുവദിച്ച അധിക സമയം 22 ന് അവസാനിച്ചിരുന്നു. തൊഴിലാളികളെ ഓണത്തിന് പട്ടിണിക്കിടുമോയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചിരുന്നു.