എറണാകുളം : കോതമംഗലം വാരപ്പെട്ടിയിൽ വിളവെടുക്കാറായ വാഴകൾ കെഎസ്ഇബി ജീവനക്കാർ വെട്ടി നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. 400ൽ ഏറെ ഏത്ത വാഴകളാണ് 220 കെ വി ലൈനിൽ തട്ടിയെന്ന കാരണം പറഞ്ഞ് ഉടമസ്ഥരെ അറിയിക്കാതെ കെഎസ്ഇബി ജീവനക്കാർ വെട്ടി മാറ്റിയത്. സംഭവത്തിൽ എറണാകുളം ജില്ല കലക്‌ടർ എൻ എസ് കെ ഉമേഷ് റിപ്പോർട്ട് തേടിയിട്ടുണ്ട്.
മൂവാറ്റുപുഴ തഹ്സിൽദാറോടാണ് കലക്‌ടർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. കർഷകരുടെ പരാതിയിൽ കൃഷി മന്ത്രി പി പ്രസാദ് വിഷയത്തിൽ ഇടപെടുകയും കെഎസ്ഇബി ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധം അറിയിക്കുകയും ചെയ്‌തു.
ഓണവിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്‌ടമാണ് ഉണ്ടായത്. വാരപ്പെട്ടി സ്വദേശികളായ തോമസും മകൻ അനീഷും ചേർന്നായിരുന്നു കൃഷി ചെയ്‌തത്. വർഷങ്ങളായി ഇതേ ഹൈടെൻഷൻ ലൈനിന് താഴെയാണ് ഇവർ കൃഷി ചെയ്‌തുവന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പും നൽകാതെയാണ് കെഎസ്ഇബിയുടെ നടപടി എന്ന് കർഷകൻ പറഞ്ഞു.
കർഷകന്‍റെ അധ്വാനത്തിന് ഒരു വിലയും കണക്കാക്കാതെയുള്ള കെഎസ്ഇബിയുടെ നടപടിയിൽ നാട്ടുകാർക്കിടയിലും പ്രതിഷേധം ശക്തമായിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്‌ച (ഓഗസ്റ്റ് 4) ഉച്ചയ്ക്ക് ശേഷമായിരുന്നു മൂലമറ്റത്ത് നിന്നെത്തിയ കെഎസ്ഇബി ജീവനക്കാർ വാഴകൾ സ്ഥലത്ത് നിന്ന് വെട്ടി മാറ്റിയത്. രണ്ടര ഏക്കറിൽ 1,600 ഏത്തവാഴകളാണ് ഉണ്ടായിരുന്നത്. ഇതിൽ അര ഏക്കറിലെ വാഴകളാണ് കെഎസ്ഇബി ജീവനക്കാർ വെട്ടി നശിപ്പിച്ചത്.
ഹൈടെൻഷൻ ലൈനുകൾക്ക് ഉണ്ടായിരിക്കേണ്ട ഉയരത്തിൽ കുറവുള്ളതിനാലാണ് വാഴയിലകൾ ലൈനിൽ തട്ടിയത് എന്നാണ് കർഷകരും നാട്ടുകാരും ആരോപിക്കുന്നത്. കുലച്ച വാഴ ഓണത്തിന് മുമ്പ് വിളവെടുക്കുക എന്ന കർഷകന്‍റെ ദീർഘ നാളത്തെ സ്വപ്‌നമാണ് കെഎസ്ഇബി ഒറ്റ ദിവസം കൊണ്ട് തകർത്തത്.
വെള്ളിയാഴ്‌ച (ഓഗസ്റ്റ് 4) ഒരു വാഴയുടെ ഇല ലൈനിൽ മുട്ടി കത്തി നശിച്ചിരുന്നു. ഇതേ തുടർന്നാണ് 406 വാഴകൾ വെട്ടികളഞ്ഞത് എന്ന് കർഷകനായ അനീഷ് വ്യക്തമാക്കി. പത്ത് മാസത്തോളം അധ്വാനിക്കുകയും പരിപാലനത്തിന് ആയി പണം ചെലവഴിക്കുകയും ചെയ്‌ത വാഴകൾ വിളവെടുക്കാനിരിക്കെയാണ് വെട്ടി മാറ്റിയത്. എന്നാൽ യാതൊരുവിധ മുന്നറിയിപ്പും കെഎസ്ഇബി നൽകിയിരുന്നില്ലെന്നും അനീഷ് അറിയിച്ചു.
50 വർഷം മുമ്പ് സ്ഥാപിച്ച ഹൈടെൻഷൻ ലൈൻ ഒരോ വർഷവും താഴ്ന്ന് വരികയാണ്. ഇങ്ങനെയാണെങ്കിൽ ഭാവിയിൽ ഇതുവഴി നടന്ന് പോകുന്ന ആളുകൾക്ക് പോലും ഷോക്കടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ ഉള്ളപ്പോൾ ഇത്തരം നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് ശരിയല്ല. ഉദ്യോഗസ്ഥർ കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുത്. നാല് ലക്ഷത്തോളം രൂപയുടെ നഷ്‌ടമാണ് ഉണ്ടായതെന്നും അനീഷ് വ്യക്തമാക്കി. അതേസമയം, അപകടം ഒഴിവാക്കാനാണ് വാഴ വെട്ടിയതെന്നാണ് കെഎസ്ഇബിയുടെ നിലപാട്.
Also read :വൈദ്യുതി ബില്ലില്‍ തട്ടി 'ഷോക്കേറ്റ്' തൊടുപുഴക്കാര്‍ ; ജൂലൈയിലെ തുക പത്തിരട്ടി വരെ