ചിരികൾ പലവിധം.. ചിരി, പുഞ്ചിരി, പൊട്ടിച്ചിരി, കള്ളച്ചിരി, അട്ടഹാസം.. ചിലർ മനസുതുറന്ന് ചിരിക്കും, ചിലർ നമ്മളെ ചിരിപ്പിക്കും. അവർക്കൊക്കെയായുള്ള ദിവസമാണ് ഇന്ന്. ഒക്ടോബർ 6, ലോക പുഞ്ചിരി ദിനം.
ഒരു പുഞ്ചിരി അല്ലേ.. ശാസ്ത്രബോധത്തിൽ മനുഷ്യന് മാത്രം പ്രകടിപ്പിക്കാൻ സാധിക്കുന്ന അത്ഭുത സിദ്ധിയല്ലേ.. ജീവിതവുമായും ഒരല്‌പം ഹാസ്യവുമായും പുഞ്ചിരിയെ ചേർത്ത് വായിച്ചാലോ? സൂക്ഷിച്ചില്ലെങ്കിൽ ചിരിയാണ് ലോകത്തിലെ ഏറ്റവും അപകടകാരിയെന്നാണ് ടെലിവിഷൻ, മിമിക്രി താരം കെ എസ് പ്രസാദ് പറയുന്നത്.
ഒക്ടോബർ ആറിന് മാത്രം ചിരിച്ചാൽ പോരാ. ഒരു മനുഷ്യന്‍റെ മുഖത്ത് എക്കാലവും പുഞ്ചിരി ഉണ്ടാകണം എന്നാണ് കെ എസ് പ്രസാദിന്‍റെ അഭിപ്രായം. മലയാളിയുടെ മുഖത്ത് ഒരു ചിരി ഫിറ്റ് ചെയ്യാൻ വർഷങ്ങളായി ഹാസ്യത്തിന്‍റെ വഴിയെ സഞ്ചരിക്കുന്ന പ്രശസ്‌തനായ കലാകാരനാണ് കെ എസ് പ്രസാദ്. ചിരിക്കും പുഞ്ചിരിക്കും പല മാനദണ്ഡങ്ങളുണ്ട്. ആളറിഞ്ഞും അരങ്ങറിഞ്ഞും ചിരിച്ചില്ലെങ്കിൽ ചിരിയാണ് ലോകത്തിലെ ഏറ്റവും വലിയ അപകടകാരി എന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
ഇനി ചില ചിരിക്കഥകളിലേക്ക്....
സിനിമ ലൊക്കേഷനിലെ ചിരിവർത്താനം:പഴയ ഒരു മലയാള ചിത്രത്തിന്‍റെ ലൊക്കേഷൻ. പ്രേം നസീർ, ഷീല, ഉമ്മർ അടക്കം നിരവധി താരങ്ങൾ ഒരുമിച്ചുണ്ട്. തിക്കുറിശ്ശി, അടൂർ ഭാസി എന്നീ രസികർ രംഗം കൊഴുപ്പിക്കാനായി പല തമാശകൾ ആവനാഴിയിലെ അസ്ത്രങ്ങൾ പോലെ തൊടുത്തു വിടുകയാണ്. അതിനിടയിലാണ് ഒരു വിദ്വാൻ സംസാരവിഷയം കെ പി ഉമ്മറിനെ കുറിച്ച് തിരിച്ചു വിടുന്നത്.
പൊതുവേ ഗൗരവക്കാരനായ കെ പി ഉമ്മറിനെ ആരും തന്നെ തമാശ രൂപേണ കളിയാക്കാനോ അദ്ദേഹത്തോട് തമാശ പറയാനോ ശ്രമിക്കാറില്ല. ഒരു വശത്തേക്ക് ഇരുന്ന് പറയുന്ന തമാശകൾ ശ്രദ്ധാലുവായി കേട്ടുകൊണ്ടിരിക്കുകയാണ് കെ പി ഉമ്മർ. മുഖത്ത് ഗൗരവഭാവം തന്നെ. തിക്കുറിശ്ശിയുടെ കണ്ണിലുടക്കിയ കെ പി ഉമ്മറിന്‍റെ ഗൗരവം നിറഞ്ഞ മുഖം. തിക്കുറിശ്ശി ഉമ്മറിനെ നോക്കി ഇങ്ങനെ പറഞ്ഞു പ്രേം നസീറിനെക്കാൾ സുന്ദരനാണ് കെ പി ഉമ്മർ, രണ്ട് പേർക്കും നന്നായി ചിരിക്കാൻ അറിയാം. രണ്ടു പേരും ഒരാളെ നോക്കി ഒരേ ഉദ്ദേശ ശുദ്ധിയോടു കൂടി ചിരിച്ചാലും കാണുന്നവൻ കരുതും നസീറിന്‍റെ ചിരി വേറെ ഉമ്മറിന്‍റെ ചിരി വേറെ. സദസ്സിൽ വലിയ ചിരി ഉണർന്നു.
പറഞ്ഞതിന്‍റെ പൊരുൾ പിന്നീടാണ് പലർക്കും മനസ്സിലായത്. രണ്ടു പേരുടെയും രൂപവും സിനിമയിലെ കഥാപാത്രങ്ങളും സ്വതസിദ്ധമായുള്ള പുഞ്ചിരിയെ പോലും രണ്ട് രീതിയിൽ കാഴ്‌ചക്കാർ വിലയിരുത്തി കളയും. അതീവ സുന്ദരനായ പ്രേംനസീർ ചിരിക്കുമ്പോൾ അയാൾ നല്ല ഉദ്ദേശത്തോടുകൂടി ചിരിക്കുന്നുവെന്നും എന്നാലും ഉമ്മറിന്‍റെ ചിരി ഒരല്‌പം വശപ്പിശകല്ലേ എന്ന തോന്നലും സൃഷ്‌ടിക്കുമെന്ന് സാരം. പുഞ്ചിരിക്ക് അതുപോലെ പല അർഥതലങ്ങൾ ഉണ്ട്.
നിയമസഭയിൽ നായനാർ പടർത്തിയ ചിരി: നമ്മുടെ നിയമസഭയിലും കലിപൂണ്ട് നിന്ന എതിർപക്ഷത്തെ പുഞ്ചിരിയിലാഴ്ത്തിയ ഒരു സംഭവവികാസം നടന്നിട്ടുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ശക്തമായ വാഗ്വാദം നടക്കുന്നു. നായനാർ മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായ കരുണാകരനെ കുറിച്ച് അദ്ദേഹം നടത്തിയ പരാമർശം ആണ് നിയമസഭയിലെ ബഹളത്തിന് കാരണം. കരുണാകരൻ മന്ത്രിയായിരുന്ന കാലത്ത് ചെയ്‌തുകൂട്ടിയതെല്ലാം ജനങ്ങൾക്കാണെന്ന് വരുത്തി തീർക്കുകയും വികസനം യാഥാർഥത്തിൽ അയാൾക്കും അയാളുടെ കുടുംബത്തിനും മാത്രമാണ് സംഭവിച്ചത് എന്നുമുള്ള പ്രസ്‌താവനയാണ് എതിർപക്ഷത്തെ ചൊടിപ്പിച്ചത്.
നിയമസഭയിൽ അന്തരീക്ഷം കലുഷിതമാണ്. ഒരു പ്രതിപക്ഷ വോക്കോട്ട് വരെ പ്രതീക്ഷിക്കാം അപ്പോഴാണ് നായനാർ സഖാവിന്‍റെ സ്വതസിദ്ധമായ ഒരു പ്രയോഗം. എന്‍റെ ആരോപണത്തിന് പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ വെറും മുടന്തൻ ന്യായമാണ്. ഒരുത്തൻ തെങ്ങിൽ നിന്ന് വീണു. എന്തെങ്കിലും പറ്റിയോ. ഏയ് ഓന് ഒന്നും പറ്റിയില്ല. പക്ഷേ തലയില്ല. കലുഷിതമായ നിയമസഭ ഒരു നിമിഷം സ്‌തംഭിച്ച് എല്ലാവരും പുഞ്ചിരിയിലാണ്ടു. രാഷ്ട്രീയ വെറിപൂണ്ട് നിന്നവർ പോലും അറിയാതെ പുഞ്ചിരിച്ചു.