എറണാകുളം: കോതമംഗലം ചെറിയപള്ളിയിൽ പ്രവേശിക്കാനായി ഓർത്തഡോക്‌സ് വിഭാഗം പള്ളിക്ക് മുന്നിലെത്തിയതോടെ പള്ളി പരിസരത്ത് സംഘർഷാവസ്ഥ. ഓർത്തഡോക്‌സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് 10 മണിക്ക് ശേഷം പള്ളിയിൽ എത്തിയത്. എന്നാൽ ഒരു കാരണവശാലും ഓർത്തഡോക്‌സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിശ്വാസികൾ. പള്ളിക്കകത്തും പരിസരത്തും പതിനായിരക്കണക്കിന് വരുന്ന യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം തുടരുകയാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ സഹകരിക്കണമെന്നും അല്ലെങ്കിൽ ബലപ്രയോഗം നടത്തേണ്ടി വരുമെന്നും ആർ.ഡി.ഒ നിർദേശം നൽകി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ 1934ലെ ഭരണഘടന നടപ്പാക്കണമെന്ന് കോടതി ഉത്തരവുള്ളതാണെന്നും പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്താൻ പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ ഡി.ജി.പിക്കും കലക്‌ടർക്കും കത്ത് നൽകിയിട്ടുണ്ട്. ഇതനുസരിച്ച് പൊലീസ് സംരക്ഷണം നൽകണമെന്നും നടപടിയിൽ നിന്ന് പിന്മാറുകയാണെങ്കിൽ അപ്പോൾ മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും ഓർത്തഡോക്‌സ് വിഭാഗം പറഞ്ഞു. തങ്ങളുടെ പൂർവ പിതാക്കന്മാർ പണിതുയർത്തിയ പള്ളിയിൽനിന്നും ഒരിക്കലും ഇറങ്ങില്ലെന്നാണ് യാക്കോബായ വിഭാഗത്തിന്‍റെ നിലപാട്.