എറണാകുളം :ലൈംഗിക പീഡന പരാതിയിൽ കൊച്ചിയിലെ ടാറ്റൂ ആർട്ടിസ്റ്റ് സുജീഷ് അറസ്റ്റിൽ. സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്ന പ്രതി സുജീഷിനെ കൊച്ചിയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാനം വിട്ട പ്രതി കൊച്ചിയിലെത്തി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനിരിക്കെയാണ് പൊലീസ് പിടികൂടിയത്.
പ്രതിയെ ചേരനെല്ലൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. വൈദ്യ പരിശോധനയുൾപ്പെടെ പൂർത്തിയാക്കി ഞായറാഴ്‌ച (06.03.22) മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ബലാത്സംഗക്കുറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ടാറ്റൂ ആർട്ടിസ്റ്റായ സുജീഷിനെതിരെ ആറ് യുവതികളാണ് കഴിഞ്ഞ ദിവസം പരാതി നൽകിയത്. ഇതേതുടർന്ന് ആറ് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. പാലാരിവട്ടം ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന ഇങ്ക്‌ഫെക്‌ടഡ് ടാറ്റൂ സ്‌റ്റുഡിയോയിൽ ടാറ്റൂ ചെയ്തവരാണ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയത്.
ഒരാഴ്‌ച മുമ്പ് ടാറ്റൂ ചെയ്യാനെത്തിയപ്പോൾ ടാറ്റൂ സ്‌റ്റുഡിയോ ഉടമ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പെൺകുട്ടികളിൽ ഒരാൾ സുജീഷിനെതിരെ കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. പരാതിപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നതെന്നും പരാതിക്കാരി വ്യക്തമാക്കി. ഇതിന് പിന്നാലെ കൂടുതൽ പെൺകുട്ടികൾ ഇയാൾക്കെതിരെ സമാനമായ പരാതിയുമായി രംഗത്തെത്തി. ഇതേതുടർന്ന് പൊലീസ് സ്വമേധയാ അന്വേഷണം തുടങ്ങുകയായിരുന്നു.
READ MORE: ടാറ്റൂ സ്റ്റുഡിയോയിലെ ലൈംഗിക ചൂഷണം; സ്ഥാപന ഉടമക്കെതിരെ കേസെടുത്തു