കേരളം

kerala

ETV Bharat / state

കേരളത്തിലെ ആദ്യ സൗജന്യ വൈ ഫൈ സ്‌ട്രീറ്റായി കൊച്ചി ക്യൂൻസ് വാക്ക് വേ, 31.86 ലക്ഷം രൂപ ചെലവിൽ പദ്ധതി

കൊച്ചിയിലെ പ്രധാന ആകർഷണങ്ങളിലൊന്നായ ക്യൂൻസ് വാക്ക് വേയിൽ 1.8 കിലോമീറ്റർ ദൈർഘ്യത്തിൽ സൗജന്യ വൈ ഫൈ സൗകര്യം

kochi queens walk way  free wi fi  queens walk way free wi fi  queens walk way free internet  kochi news  സൗജന്യ വൈ ഫൈ  സൗജന്യ വൈ ഫൈ സ്‌ട്രീറ്റ്  free wi fi street  ക്യൂൻസ് വാക്ക് വേ  നടപ്പാത
സൗജന്യ വൈ ഫൈ

By

Published : May 30, 2023, 4:54 PM IST

ക്യൂൻസ് വാക്ക് വേ

എറണാകുളം :കേരളത്തിലെ ആദ്യ സൗജന്യ വൈ ഫൈ സ്‌ട്രീറ്റായി കൊച്ചി ക്യൂൻസ് വാക്ക് വേ. നഗരത്തിലെ കായലോരത്തെ മനോഹരമായ ഈ നടപ്പാത കൊച്ചിയിലെത്തുന്നവരുടെ പ്രധാന ആകർഷണം കൂടിയാണ്. സൗജന്യ വൈ ഫൈ സൗകര്യം കൂടി ലഭ്യമായതോടെ വിദ്യാർഥികളുടെയും യുവാക്കളുടെയും ഇഷ്‌ട കേന്ദ്രമായി ഈ പൊതു ഇടം മാറും.

പ്രഭാത നടത്തത്തിനായും സായാഹ്നത്തിൽ വിശ്രമിക്കാനായും കൊച്ചിക്കാർ എത്തിച്ചേരുന്ന പ്രധാന കേന്ദ്രം കൂടിയാണ് ക്യൂൻസ് വാക്ക് വേ. ഹൈബി ഈഡൻ എം പിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്നും 31.86 ലക്ഷം രൂപയാണ് വൈ ഫൈ പദ്ധതിക്കായി ചിലവഴിച്ചത്. ഗോശ്രീ ചാത്യാത്ത് റോഡിൽ 1.8 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ വൈ ഫൈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രദേശത്ത് 50 എം ബി പി എസ് വേഗതയിലുള്ള ഇന്‍റർനെറ്റ് ലീസ്‌ഡ്‌ ലൈൻ സർക്യൂട്ടാണ്‌ ബി എസ് എൻ എൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിന്‌ സാധാരണ ഗതിയിൽ ലഭിക്കുന്ന വ്യക്തിഗത ഇന്‍റർനെറ്റ് കണക്ഷനുകളെക്കാൾ വേഗത ലഭിക്കുമെന്ന് ബി എസ് എൻ എൽ അധികൃതർ അറിയിച്ചു. വാക്ക് വേയിൽ ഒൻപത് പോളുകളാണ്‌ സ്ഥാപിച്ചിട്ടുള്ളത്. ഒൻപത് പോളുകളിൽ നിന്നുമായി 18 ആക്‌സെസ് പോയിന്‍റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഒരേ സമയം 75 ഓളം പേർക്ക് : ഒരു ആക്‌സെസ് പോയിന്‍റിൽ നിന്നും ഒരേ സമയം 75 ഓളം പേർക്ക് മികച്ച വൈഫൈ സൗകര്യം ലഭ്യമാകും. ഓരോ വ്യക്തികൾക്കും ഒരു ദിവസം അഞ്ച് എം ബി പി എസ് സ്‌പീഡിൽ 30 മിറ്റിന്‌ എന്ന രീതിയിലാണ്‌ സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപയോഗത്തിന്‍റെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സൗജന്യ സമയം നീട്ടി നൽകണോ എന്ന് തീരുമാനിക്കും.

വേഗത്തിലുള്ള ഇന്‍റർനെറ്റ് സംവിധാനം ലഭ്യമായതിൽ ക്യൂൻസ് വാക്ക് വേയിലെത്തുന്നവർ സംതൃപ്‌തരാണ്. ഗുണഭോക്താവിന്‌ ഓരോ ദിവസവും ഒ ടി പി ബേസ്‌ഡ്‌ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. മൂന്ന് വർഷത്തേക്ക് നടത്തിപ്പിനും പരിപാലനത്തിനുമായാണ്‌ എം പി ഫണ്ടിൽ നിന്നും ബി എസ് എൻ എല്ലിന്‌ തുക അനുവദിച്ചിരിക്കുന്നത്.

പൊതു ശുചിമുറിയും സ്ഥാപിച്ചു :വാക്ക് വേ പരിസരത്തെ നിരന്തരമായ ആവശ്യമായിരുന്നു പൊതു ശുചിമുറി എന്നത്. കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡിന്‍റെ സി എസ് ആർ പിന്തുണയോടെ പൊതു ശുചിമുറിയും സ്ഥാപിച്ചിട്ടുണ്ട്. ക്രെഡായി ക്‌ളീൻ സിറ്റി മൂവ്‌മെന്‍റുമായി ചേർന്ന് ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പാണ്‌ ശുചിമുറികളുടെ നിർമാണം നടത്തിയിരിക്കുന്നത്.

20 അടി നീളമുള്ള ഒരു ഷിപ്പിങ്ങ് കണ്ടെയ്‌നറിലാണ്‌ ശുചിമുറി സ്ഥാപിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള അലുമിനിയം പാനലുകൾ ഉപയോഗിച്ചാണ്‌ ഇന്‍റീരിയർ വർക്കുകൾ പൂർത്തീകരിച്ചിട്ടുള്ളത്. വായു സഞ്ചാരത്തിനും പകൽ വെളിച്ചത്തിനുമായി റൂഫ് വെന്‍റിലേഷൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും ശാരീരിക വൈകല്യമുള്ളവർക്കും പ്രത്യേകം ശുചിമുറികൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ക്യൂൻസ് വാക്ക് വേ നിർമാണം : 2015 ൽ ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന കാലയളവിലാണ് ക്യൂൻസ് വാക്ക് വേ നിർമാണം നടന്നത്. കായൽ തീരത്തെ മരങ്ങളും കണ്ടൽക്കാടുകളും സംരക്ഷിച്ചായിരുന്നു ക്യൂൻസ് വാക്ക് വേ പൂർത്തിയാക്കിയത്. കായലിന് സമാന്തരമായി കരയിൽ നിന്ന് കായലിലേക്ക് കോൺക്രീറ്റ് ചെയ്‌ത്‌ തീരത്തിന്‍റെ വീതി കൂട്ടിയാണ് നടപ്പാത തയ്യാറാക്കിയത്.

സ്റ്റയിൻലെസ് സ്റ്റീൽ ഉപയോഗിച്ചാണ് കൈവരി നിർമിച്ചത് പിന്നീട് എം എൽ എ ഫണ്ടിൽ നിന്നും സിസിടിവി ക്യാമറകൾ, ഓപ്പൺ ജിം, ഐ ലവ് കൊച്ചി ഇൻസ്റ്റലേഷൻ, വിവിധ സി എസ് ആർ ഫണ്ടുകൾ ഉപയോഗിച്ച് ലൈറ്റുകൾ തുടങ്ങിയവയും സ്ഥാപിച്ചിരുന്നു. ചെടികൾ വച്ച് പിടിപ്പിച്ച് മനോഹരമാക്കിയ നടപ്പാത പരിപാലിക്കുന്നത് ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റിയാണ്.

ABOUT THE AUTHOR

...view details