പൊലീസ് കമ്മിഷണർ കെ സേതുരാമൻ സംസാരിക്കുന്നു എറണാകുളം :പൊലീസുകാരുടെ മക്കളുടെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ ഐപിഎസ്. സംസ്ഥാന പൊലീസിനെ പ്രശംസിച്ചുകൊണ്ടുള്ള പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള യാത്രയയപ്പ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കാര്യക്ഷമമായി മുന്നോട്ട് പോകണം': വ്യാപകമായി കൊണ്ടിരിക്കുന്ന മയക്കുമരുന്ന് പ്രശ്‌നത്തെ പൊലീസ് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നും സിറ്റി പൊലീസ് കമ്മിഷണർ സഹപ്രവർത്തകരെ ഓർമപ്പെടുത്തി. കേരളത്തിലെ മയക്കുമരുന്ന് ഉപയോഗം ദേശീയ ശരാശരിയുടെ പകുതിയേക്കാള്‍ താഴെയാണ്. രാജ്യത്ത് 2.5 ശതമാനം പേർ ഏതെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിൽ 1.25 ശതമാനം മാത്രമാണ് മയക്കുമരുന്ന് ഉപയോഗമെന്നും അദ്ദേഹം പറഞ്ഞു.
'നിയമപാലകരുടെ മക്കളും': നമ്മുടെ കുട്ടികൾ ഉൾപ്പടെ ഇതിന് ഇരകളാകുന്നുണ്ട്. തിരുവനന്തപുരത്ത് സ്വന്തം സഹപ്രവർത്തകന്‍റെ കുട്ടി പോലും മയക്കുമരുന്നിന് അടിമയായി കൊല്ലപ്പെടുന്ന സാഹചര്യമുണ്ടായി. നമ്മൾ ജീവിക്കുന്ന പൊലീസ് ക്വാട്ടേഴ്‌സിൽ പോലും ഇത്തരം സംഭവങ്ങളുണ്ടാകുന്നത് കണ്ണുതുറന്ന് പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
എല്ലാ റാങ്കിലും ഉൾപ്പെടുന്ന പൊലീസുദ്യോഗസ്ഥരുടെ മക്കളും മയക്കുമരുന്നിന് അടിമകളാകുന്ന സാഹചര്യമുണ്ട്. എസ്‌പിയുടെ മക്കളായ രണ്ട് ആൺകുട്ടികള്‍ ഇതിന് അടിമകളായിട്ടുണ്ടെന്നും ഈ സംഭവം സഹിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ അദ്ദേഹത്തിന്‍റെ കുടുംബമുൾപ്പടെ എല്ലാം പ്രശ്‌നത്തിലായെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
പഞ്ചാബ് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ 12 ശതമാനത്തിൽ കൂടുതലാണ് മയക്കുമരുന്ന് ഉപയോഗം. കേരളത്തിൽ പ്രശ്‌നം അത്ര രൂക്ഷമല്ല. കേരളത്തിൽ ഉപയോഗിക്കപ്പെടുന്നത് കൂടുതലായും കഞ്ചാവ്, എംഡിഎംഎ എന്നിവയാണ്. ഇത് കൊക്കെയിൻ, ഹെറോയിൻ പോലെയുള്ള മയക്കുമരുന്നുകളുമായി താരതമ്യം ചെയ്യുമ്പോൾ അഡിക്ഷൻ കുറഞ്ഞതാണെന്നും പ്രതിസന്ധിയില്ലങ്കിലും ഉണർന്ന് പ്രവർത്തിക്കണമെന്നും കമ്മിഷണര്‍ അറിയിച്ചു. വളരെ പെട്ടന്ന് തന്നെ ഇത് വ്യാപിക്കാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സേനയ പ്രശംസിച്ച് പരാമര്‍ശം : രാജ്യത്ത് തന്നെ ഏറ്റവും മികച്ച പൊലീസാണ് കേരളത്തിലേത്. എല്ലാ സർവേ ഫലങ്ങളും ഇത് വ്യക്തമാക്കുന്നുണ്ട്. പൊലീസ് വകുപ്പിൽ മറ്റ് വകുപ്പുകളെ അപേക്ഷിച്ച് അഴിമതി കുറവാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് ഏറ്റവും കൂടുതൽ അഴിമതിയുള്ളതെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൽ അഴിമതി നാല് ശതമാനം മാത്രമാണെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നതെന്നും അതേസമയം നിരവധി കാര്യങ്ങളിൽ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കുറച്ച് വർഷങ്ങളായി വികസന പ്രവർത്തനങ്ങൾ നല്ല നിലയിൽ മുന്നോട്ട് പോവുകയാണ്. ഇതിൽ പൊലീസിന്‍റെ പങ്കുകൂടി അനിവാര്യമാണ്. മാലിന്യ സംസ്‌കരണ വിഷയത്തിൽ പൊലീസ് മാതൃകാപരമായി പ്രവർത്തിക്കണമെന്നും പൊലീസ് സ്‌റ്റേഷനും, പൊലീസ് ക്വാട്ടേഴ്‌സുകളും മാലിന്യസംസ്‌കരണം സ്വന്തം നിലയിൽ നടത്തണമെന്നും കമ്മിഷണര്‍ സദസിനെ ഓര്‍മപ്പെടുത്തി. കേരളത്തിൽ പൊലീസുകാരുടെ എണ്ണത്തിൽ കുറവില്ല. പൊലീസ് സ്‌റ്റേഷനുകളുടെ എണ്ണമാണ് കൂടുതലുള്ളത്. അതുകൊണ്ടുതന്നെ ഒരുപാട് പേർ ഒഫീഷ്യല്‍ ചുമതലകൾ വഹിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. ചില പൊലീസുകാർക്ക് കാര്യമായ പണിയൊന്നുമില്ലെങ്കിലും മറ്റ് ചിലർക്ക് ഒരുപാട് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടന്നും സിറ്റി പൊലീസ് കമ്മിഷണർ കൂട്ടിച്ചേര്‍ത്തു.