എറണാകുളം : കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ മൂന്ന് സ്റ്റേഷനുകൾക്കുള്ള ടെൻഡർ ക്ഷണിച്ചു. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ കാക്കനാട് വരെ നീളുന്നതാണ് കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം. ഇതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.
ഇതോടൊപ്പം തന്നെ കാക്കനാട് സ്പെഷ്യൽ എക്കണോമിക് സോണിന് സമീപം വരുന്ന മെട്രോ സ്‌റ്റേഷന്‍റെ എൻട്രി, എക്‌സിറ്റ് നിർമാണം ആരംഭിച്ചു കഴിഞ്ഞു. ഇവയുടെ പൈലിങ് വർക്കുകൾ ഉൾപ്പെടെയാണ് ആരംഭിച്ചത്. രണ്ടാം ഘട്ടത്തിന്‍റെ നിർമാണം വേഗത്തിലാക്കുന്നതിന്‍റെ ഭാഗമായി മൂന്ന് മെട്രോ സ്റ്റേഷനുകളുടെ നിർമാണത്തിനായുള്ള ടെൻഡർ കൂടിയാണ് ഇപ്പോൾ ക്ഷണിച്ചത്.
കിൻഫ്ര പാർക്ക്, ഇൻഫോപാർക്ക്, ചിറ്റേത്തുകര എന്നീ സ്റ്റേഷനുകളുടെ നിർമാണത്തിനായുള്ള ടെൻഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്. കൊച്ചി മെട്രോയുടെയും ഇ-ടെൻഡർ കേരളയുടെയും വെബ്സൈറ്റുകൾ വഴി ടെൻഡറിൽ പങ്കെടുക്കാം. സെപ്റ്റംബർ പകുതിയോട് കൂടി കരാർ കമ്പനിയെ തെരഞ്ഞെടുത്ത് നിർമാണം ഏൽപ്പിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്‍റെ പ്രോജക്‌റ്റ്‌സ് വിഭാഗം അറിയിച്ചു.
രണ്ടാം ഘട്ടത്തിന്‍റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം മുതൽ കുന്നുംപുറം വരെയുള്ള സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായിക്കഴിഞ്ഞു. ജെഎൽഎൻ മുതൽ പാലാരിവട്ടം വരെ 90 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. അടുത്ത മാസം അവസാനത്തോടെ ഈ മേഖലയിൽ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കെഎംആർഎൽ പ്രതീക്ഷിക്കുന്നത്. അതേസമയം, കൊച്ചി മെട്രോയിൽ വിപുലമായാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
നിരവധി ഇളവുകളാണ് കൊച്ചി മെട്രോ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ന് മെട്രോ യാത്രക്കായുള്ള പരമാവധി ടിക്കറ്റ് നിരക്ക് 20 രൂപയാണ്. മിനിമം ടിക്കറ്റ് നിരക്ക് പത്ത് രൂപയുമാണ്. രാവിലെ ആറ് മണി മുതൽ രാത്രി 11 മണി വരെ ഈ നിരക്കുകൾ തുടരും. പേപ്പർ ക്യൂ ആർ, ഡിജിറ്റൽ ക്യൂആർ, കൊച്ചി വൺ കാർഡ് എന്നിവയ്ക്ക് ഈ ഇളവുകൾ ലഭിക്കും. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്യാഷ്ബാക്ക് ആയാണ് ഇളവ് ലഭിക്കുക.
ദൈനംദിന യാത്രകൾക്കായി കൊച്ചി മെട്രോയെ പൊതുജനങ്ങൾ കൂടുതലായി ആശ്രയിച്ചു തുടങ്ങുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജൂലൈ മാസത്തിൽ ദിവസേന ശരാശരി 85,545 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്ര ചെയ്‌തത്. ഓഗസ്റ്റ് മാസം ഇതുവരെയുള്ള ദിവസേന യാത്രക്കാരുടെ ശരാശരി എണ്ണം 89,401 ആണ്. വിവിധ ഓഫറുകളും യാത്ര പാസ്സുകളും സ്ഥിരം യാത്രികരെ ആകർഷിക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്. ഓണം അവധിക്കാലത്ത് കൂടുതൽ യാത്രക്കാരെ മെട്രോയിലേക്ക് ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി മെട്രോ സ്റ്റേഷനുകളിൽ വിവിധ ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കും.
Also read :Oommen Chandy | 'കൊച്ചി മെട്രോ നിര്‍മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വം' ; ഉമ്മന്‍ ചാണ്ടിയുടെ സംഭാവനകളെക്കുറിച്ച് കെഎംആർഎൽ