കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് വിഷയത്തിൽ രൂക്ഷ വിമർശനം നേരിടുന്ന കൊച്ചി മേയർ സൗമിനി ജെയിനിനെ സ്ഥാനത്ത് നിന്നും മാറ്റാനുള്ള നീക്കവുമായി കോണ്‍ഗ്രസ് പാര്‍ട്ടി. ഇതുസംബന്ധിച്ച് എ-ഐ ഗ്രൂപ്പുകൾ ധാരണയിലെത്തിയതായാണ് സൂചന. പാർട്ടി ആവശ്യപ്പെട്ടാൽ രാജി വെക്കാൻ തയ്യാറാണെന്ന് സൗമിനി ജെയിനും വ്യക്തമാക്കിയിട്ടുണ്ട്.
കൊച്ചി മേയറെ മാറ്റാന്‍ നീക്കം; രാജിക്ക് തയ്യാറെന്ന് സൗമിനി ജെയിന്‍
എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതില്‍ കൊച്ചി നഗരസഭയുടെ വീഴ്‌ചയുണ്ടെന്നത് കണക്കിലെടുത്താണ് മേയറെ മാറണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിരിക്കുന്നത്
എറണാകുളത്ത് ടി.ജെ.വിനോദിന്‍റെ ഭൂരിപക്ഷം കുറഞ്ഞതിന് കാരണം കൊച്ചി കോർപ്പറേഷന്‍റെ ഭരണ പരാജയമാണെന്നും പാർട്ടി നേതൃത്വം ഇത് പരിശോധിക്കണമെന്നും ഹൈബി ഈഡൻ എംപി തുറന്നടിച്ചിരുന്നു. സൗമിനി മേയർ സ്ഥാനത്ത് തുടർന്നാൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടികൾ നേരിടേണ്ടി വരുമെന്നതും പാർട്ടി നേതൃത്വത്തിനുളളില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
യുഡിഎഫിന്‍റെ ഉറച്ച കോട്ടയായ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതില്‍ കൊച്ചി നഗരസഭയുടെ വീഴ്‌ചയുണ്ടെന്നത് കണക്കിലെടുത്താണ് മേയറെ മാറണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായിരിക്കുന്നത്. മേയറെ മാറ്റണമെന്ന നിർദേശം മുതിർന്ന നേതാക്കളെയും അറിയിച്ചതായാണ് സൂചന. ടി.ജെ.വിനോദ് വിജയിച്ചതോടെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പുതിയ ആളെ കണ്ടെത്തേണ്ടിവരും. ഇതോടൊപ്പമാണ് കൊച്ചി മേയറെയും സ്ഥാനത്ത് നിന്നും മാറ്റണമെന്ന നിർദേശം പാർട്ടി തന്നെ ചർച്ച ചെയ്യുന്നത്. ഇത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.