കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ ശേഷം എ അക്‌ബര്‍ മാധ്യമങ്ങളോട് എറണാകുളം: കൊച്ചിയിൽ ലഹരി മരുന്നിന്‍റെ വ്യാപനം തടയാൻ ശക്തമായ നടപടിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എ അക്ബർ ഐപിഎസ്. സ്ഥിരമായി സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്ന കുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുമെന്നും കൊച്ചിയിൽ ക്രിമിനലുകളുടെ സൈര്വ വിഹാരം അനുവദിക്കില്ലന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ആകെ കുറ്റകൃത്യങ്ങളുടെ കണക്ക് എടുത്താൽ കൊച്ചിയിൽ മാത്രം കൂടുതൽ കുറ്റകൃത്യങ്ങളുള്ളതായി കാണാൻ കഴിയില്ല. പക്ഷെ കൊച്ചി മഹാനഗരത്തിൽ ജനങ്ങളുടെ ജീവിതം സുഖമമായി മുന്നോട്ട് കൊണ്ടുപോകാൻ കുറേകൂടി കാര്യക്ഷമമായി എങ്ങനെ പ്രവർത്തിക്കാമെന്ന് പരിശോധിക്കും. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട പൊലീസിങ് നൽകുന്നതിന് ആവശ്യമായ കാര്യങ്ങൾ ചെയ്യും.
ലഹരി മരുന്നുകളുടെ വിപണനവും വ്യാപനവും വല്ലാതെ കൂടിയിട്ടുണ്ട്. പലതരത്തിലുള്ള കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. ഇതിന്‍റെ കാരണങ്ങൾ അന്വേഷിക്കുമ്പോൾ കാണാൻ കഴിയുന്നത് മരുന്നുകളുടെ ഉപയോഗമാണ്. മയക്കുമരുന്നുകളായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കൂടുതലായി കണ്ടെത്തുന്നതിനും, അവർക്കെതിരായ കരുതൽ തടങ്കൽ ഉൾപ്പെടെ നടപ്പിലാക്കുന്നതിനും കൂടുതൽ ശ്രദ്ധിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി ചുമതലയേറ്റ് എ അക്‌ബര്‍:അതേസമയം, കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായി എ അക്ബര്‍ ഇന്ന് ചുമതലയേറ്റു. സിറ്റി പൊലീസ് ആസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ ഗാർഡ് ഓഫ് ഹോണർ നൽകി സ്വീകരിച്ചു. ട്രാഫിക് ആന്‍റ് റോഡ് മാനേജ്‌മെന്‍റ് ഐജിയായിരുന്നു അക്ബര്‍. സേതുരാമൻ ഐപിഎസ് ഉത്തര മേഖല ഐജിയായി നിയമിതനായതിനെ തുടർന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ തസ്‌തികയിലേക്ക് നിയമിതനായത്.
2005 ബാച്ച് കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ അക്ബര്‍ കൊച്ചി സ്വദേശിയാണ്. നിയമബിരുദധാരിയായ അക്ബര്‍ സെയിൽ ടാക്‌സ് ഓഫിസറായി ജോലി ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരം ടാക്‌സ് സ്‌റ്റഡീസിൽ പരിശീലനം നടത്തവെയാണ് ഐപിഎസ് ഉദ്യോഗസ്ഥനായി നിയമിതനായത്. തലശ്ശേരി അഡീഷനല്‍ എസ്‌പി, നെയ്യാറ്റിന്‍കര എഎസ്‌പി, പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എസ്‌പി, ആലപ്പുഴ എസ്‌പി, കോട്ടയം എസ്‌പി, തിരുവനന്തപുരം റൂറല്‍ എസ്‌പി, ക്രൈംബ്രാഞ്ച് എസ്‌പി, ഇന്‍റലിജന്‍സ് സെക്യൂരിറ്റി എസ്‌പി, ഇന്‍റലിജന്‍സ് ഡിഐജി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അക്ബറിന്‍റെ രണ്ട് സഹോദരിമാരും ഐഎഎസ് ഉദ്യോഗസ്ഥരാണ്.
പ്രോട്ടീന്‍ പൗഡറിന്‍റെ മറവില്‍ കഞ്ചാവ് വില്‍പന: അതേസമയം, ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ പ്രോട്ടീൻ പൗഡറിന്‍റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ രണ്ടുപേരെ കസ്‌റ്റംസ് ആൻഡ് പ്രിവന്‍റീവ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ നിന്നാണ് അഞ്ച് കിലോഗ്രാം കഞ്ചാവ് ഉദ്യോഗസ്ഥർ കണ്ടെടുത്തത്. കേസിൽ കടയുടമ നെടുപുഴ സ്വദേശി വിഷ്‌ണു(33), ജീവനക്കാരൻ പാലക്കാട് സ്വദേശി ആഷിഖ്(27) എന്നിവരാണ് പിടിയിലായത്.
തൃശൂർ കസ്‌റ്റംസിന്, മറ്റൊരു കേസിന്‍റെ അന്വേഷണത്തിനിടെ ഗുവാഹത്തിയിൽ നിന്ന് ലഭിച്ച സൂചനയെ തുടർന്നുള്ള പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൃശൂരിലെ വ്യാജ വിലാസത്തിലേക്ക് ഗുവാഹത്തിയില്‍ നിന്ന് കഞ്ചാവ് സ്‌പീഡ് പോസ്‌റ്റിൽ വരുന്നുണ്ടെന്ന സൂചന കസ്‌റ്റംസിന് ലഭിച്ചിരുന്നു. രണ്ട് ഫിറ്റ്‌നസ് സെന്‍ററുകളുടെയും ഒരു പ്രോട്ടീൻ പൗഡർ വിൽപന കേന്ദ്രത്തിന്‍റെയും ഉടമയാണ് പ്രതിയെന്ന് മനസിലാക്കിയതോടെ കസ്‌റ്റംസ് ഇയാൾക്കായി വല വിരിച്ചു.
തുടർന്ന് പൂത്തോൾ പോസ്‌റ്റ് ഓഫിസിൽ നിന്ന്, ബന്ധപ്പെട്ട വിലാസത്തിലെ ഫോൺ നമ്പർ കസ്‌റ്റംസ് ഉദ്യോഗസ്ഥർ മനസിലാക്കി. തുടര്‍ന്ന് സ്‌പീഡ് പോസ്‌റ്റിൽ വന്ന കടലാസുപെട്ടി കൈമാറുന്നത് തടഞ്ഞ് ഫോൺ നമ്പർ ഉടമയായ മാളിലെ ജീവനക്കാരനെ കടയിൽ നിന്ന് കൊണ്ടുപോയി പെട്ടി ഏറ്റെടുക്കുകയായിരുന്നു.