എറണാകുളം: കൊച്ചി നഗരത്തിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ പിടിയിൽ. അപകടകരമായി ബസ് ഓടിച്ച ദീപു കുമാറാണ് (51) അറസ്‌റ്റിലായത്. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട കാക്കനാട് സ്വദേശിയായ ഇയാളെ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
ഇയാൾക്കെതിരെ മനപൂർവമല്ലാത്ത നരഹത്യാകുറ്റമാണ് പൊലീസ് ചുമത്തിയത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ഡിസിപിയെ നേരിട്ട് വിളിച്ച് വരുത്തി വിശദീകരണം തേടുകയും ചെയ്‌തിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. ഇതിന്‍റെ ഭാഗമായി കൊച്ചി നഗരത്തിൽ പൊലീസ് വ്യാപകമായി വാഹന പരിശോധനയും നടത്തിയിരുന്നു.
ഇന്ന് രാവിലെ എട്ടര മണിയോടെയായിരുന്നു വൈപ്പിൻ സ്വദേശി ആന്‍റണി ബസ്സിനടിയിൽപെട്ട് മരിച്ചത്. ബൈക്കിനെ അശ്രദ്ധമായി ബസ് മറികടന്നതായിരുന്നു അപകടകാരണം. ഹൈക്കോടതി ഭാഗത്ത് നിന്നും കലൂർ ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ മാധവ ഫാർമസി ജങ്‌ഷനിലെ സിഗ്നൽ കടന്നുപോകുകയായിരുന്നു ആന്‍റണി.
റോഡിന്‍റെ ഇടതുവശം ചേർന്ന് യാത്ര ചെയുകയായിരുന്ന ബൈക്കിൽ ഇതേ ദിശയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് റോഡിലേക്ക് വീഴുകയും യാത്രക്കാരനായ ആന്‍റണി ബസ്സിനടിയിൽ പെടുകയായിരുന്നു. തുടര്‍ന്ന് ആന്‍റണിയുടെ ശരീരത്തിലുടെ ബസ് കയറിയിറങ്ങുകയും മരണം സംഭവിക്കുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അതേസമയം കൊച്ചി നഗരത്തിലെ സ്വകാര്യ ബസ് ഡ്രൈവർമാർ നിയമലംഘനം തുടരുകയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു അപകടത്തിന്‍റെ പുറത്തുവന്ന ദൃശ്യങ്ങൾ.