എറണാകുളം: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടൻ ദിലീപും സുഹൃത്ത് ശരത്തും കോടതിയിൽ ഹാജരായി. ഇരുവരെയും അധിക കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ ആയിരുന്നു കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. പ്രതികൾ കുറ്റം നിഷേധിച്ച സാഹചര്യത്തിൽ കേസ് നവംബർ മൂന്നിന് പരിഗണിക്കാനായി മാറ്റി.
നടിയെ ആക്രമിച്ച കേസ്; ദിലീപും ശരത്തും കോടതിയിൽ, കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, കുറ്റം നിഷേധിച്ച് പ്രതികൾ വിചാരണ നടപടികൾ പുനഃരാരംഭിക്കുന്നതിനെ കുറിച്ച് അന്ന് തീരുമാനിക്കും. പ്രോസിക്യൂഷൻ സാക്ഷികൾക്ക് നോട്ടിസ് അയക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ കോടതി തീരുമാനമെടുക്കും. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലായിരുന്നു വിചാരണനടപടികൾ നിർത്തിവച്ചത്.
അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്‌പി ബൈജു പൗലോസ് ഒഴികെയുള്ളവരുടെ സാക്ഷിവിസ്‌താരം നേരത്തെ പൂർത്തിയായിരുന്നു. അതേസമയം തുടരന്വേഷണത്തിന്‍റെ ഭാഗമായി നൂറിലധികം സാക്ഷികളെ വിസ്‌തരിക്കാനുള്ള പട്ടിക പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ആദ്യ കുറ്റപത്രത്തിൽ ഗൂഢാലോചനയും ബലാത്സംഗവും ഉൾപ്പടെയുള്ള കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്.
എന്നാൽ അനുബന്ധ കുറ്റപത്രത്തിൽ തെളിവ് നശിപ്പിക്കൽ കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്‍റെ വെളിപ്പെടുത്തലിനെ തുടർന്നായിരുന്നു നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തി അധിക കുറ്റപത്രം സമർപ്പിച്ചത്. തുടരന്വേഷണത്തിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച അധിക കുറ്റപത്രത്തില്‍, ദിലീപിന്‍റെ സുഹൃത്ത് ശരത്തിനെ പ്രതിചേര്‍ക്കുകയും ദിലീപിനെതിരെ അധിക കുറ്റം ചുമത്തുകയും ചെയ്‌തിരുന്നു.