എറണാകുളം :സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിനെയും മുഖ്യമന്ത്രിയേയും വിമർശിച്ച കേന്ദ്ര സഹമന്ത്രി വി മുരളീധരന് (V Muraleedharan) മറുപടിയുമായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ (KN Balagopal). വി മുരളീധരന്‍റെ പരാമർശം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേരളത്തിലെ ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകാതിരിക്കാൻ ശ്രമിക്കുന്നവരാണ് ജനങ്ങളെ മണ്ടന്മാരാക്കുന്നത്. കേരളത്തിന്‍റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര വിഹിതം നൽകാത്തതാണെന്ന് ധനമന്ത്രി പറഞ്ഞു.
കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട പണം സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇല്ലാതാക്കുകയാണ്. കേന്ദ്രവും സംസ്ഥാനവും തമ്മിൽ അടിമ - ഉടമ ബന്ധമല്ല. സംസ്ഥാനത്തിന് കിട്ടാനുള്ള പണത്തിന്‍റെ കാര്യത്തിൽ, 600 കോടി കിട്ടിയെന്ന് നേരത്തെ തന്നെ പറഞ്ഞതാണ്. എന്നാൽ, ഇത് നാലഞ്ച് വർഷത്തെ കേന്ദ്രം തരാനുള്ള തുകയാണ്.
ഒരു വർഷം 11,000 കോടി രൂപ കേരളം ചെലവഴിക്കുമ്പോൾ ഇതിൽ ചെറിയ തുകയാണ് കേന്ദ്രം നൽകുന്നത്. ഈ തുക പോലും കേന്ദ്രം ഉപാധികൾ വച്ച് തരാതിരിക്കുകയാണ്. യുജിസി സംബന്ധിച്ച് കേന്ദ്രം പറഞ്ഞ എല്ലാ രേഖകളും കൈമാറി. 2021 മാർച്ച് 12 ന് ആദ്യം കത്ത് നൽകി. അതിൽ വ്യക്തത ഇല്ലെന്ന് പറഞ്ഞപ്പോൾ കൂടുതൽ വിവരങ്ങൾ നൽകി.