ഐഎസ് ബന്ധം ; റിയാസ് അബൂബക്കറിനെ റിമാൻഡ് ചെയ്തു - എൻഐഎ
പുതുവത്സരദിനത്തിൽ കൊച്ചിയിലും മറ്റ് പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ചാവേർ ആക്രമണം നടത്താൻ ഐഎസ് പദ്ധതിയിട്ടിരുന്നതായും റിയാസ് എൻഐഎയ്ക്ക് മൊഴി നൽകി.
കൊച്ചി : ഐഎസ് ബന്ധത്തെ തുടർന്ന് എൻഐഎ അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ മെയ് 29 വരെ എറണാകുളം എൻ ഐ എ കോടതി റിമാൻഡ് ചെയ്തു. പ്രതിയുടെ കസ്റ്റഡി അപേക്ഷ മെയ് ആറിന് കോടതി പരിഗണിക്കും.
ഇന്ന് വൈകിട്ട് നാലരയ്ക്ക് ശേഷമാണ് റിയാസിനെ എറണാകുളത്തെ എൻഐഎ കോടതിയിൽ ഹാജരാക്കിയത്. ഐ എസിലെ മലയാളി ഭീകരൻ അബ്ദുൾ റഷീദ്, തീവ്ര മത പ്രഭാഷകനായ സാക്കിർ നായിക്, ശ്രീലങ്കൻ ചാവേർ ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതപ്പെടുന്ന സഫ്രാൻ ഹാഷിം തുടങ്ങിയവരുമായി റിയാസിന് ബന്ധമുണ്ടെന്ന് എൻഐഎ കോടതിയെ അറിയിച്ചു. പൊലീസ് ഏതെങ്കിലും തരത്തിൽ ദേഹോപദ്രവം ഏൽപ്പിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് റിയാസ് കോടതിയിൽ മറുപടി നൽകിയത്.