എറണാകുളം: മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചെന്ന കേസിൽ വിശദീകരണം നൽകാൻ ഒരു മാസത്തെ സാവകാശം അനുവദിക്കണമെന്ന് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ട്രേറ്റ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആവശ്യപ്പെട്ടു. തങ്ങളുടെ ഭാഗം കേൾക്കാതെ അന്വേഷണവുമായി മുന്നോട്ട് പോകരുതെന്ന ഇ ഡിയുടെ ആവശ്യം അംഗീകരിച്ച കോടതി കേസ് പരിഗണിക്കുന്നത് ജൂലൈ 2 ലേക്ക് മാറ്റി.
READ MORE:മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ നിർബന്ധിച്ചു; പൊലീസുകാരിയുടെ മൊഴി പുറത്ത്
ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ച സംഭവത്തിൽ ഇ ഡിക്കെതിരെ പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ കേസെടുത്തിരുന്നു. വ്യാജ തെളിവുണ്ടാക്കാൻ ഇ ഡി ശ്രമിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച രേഖകൾ പരിശോധിച്ചായിരുന്നു കോടതി നടപടി. ഡോളർ കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തിയെന്ന് പ്രതികളായ സന്ദീപ് നായരും സ്വപ്ന സുരേഷും ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു.
READ MORE: സ്വപ്നയുടെ ശബ്ദരേഖ സിപിഎം ഗൂഡാലോചനയെന്ന് രമേശ് ചെന്നിത്തല
ഇതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർ നടപടികൾ റദ്ദാക്കിയ ഹൈക്കോടതി അന്വേഷണ വിവരങ്ങൾ പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറാൻ ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിരുന്നു. കേന്ദ്ര ഏജൻസിക്കെതിരായ ആരോപണത്തിൽ അന്വേഷണം നടത്തേണ്ടത് സംസ്ഥാന ഏജൻസിയല്ലയെന്നും വിചാരണ കോടതി ആരോപണങ്ങൾ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കട്ടെയെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.