എറണാകുളം :തൃശ്ശൂർ കേരളവർമ്മ കോളജിൽ ചെയർമാൻ സ്ഥാനമേറ്റെടുത്താലും കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി. കോളജിൽ ചെയർമാൻ സ്ഥാനമേൽക്കൽ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി അറിയിച്ചു.
തൃശ്ശൂർ കേരളവർമ്മ കോളേജിലെ എസ്.എഫ്.ഐ ചെയർമാന്‍റെ വിജയം ചോദ്യം ചെയ്ത് കെ.എസ്.യു സ്ഥാനാർത്ഥി നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു കൊണ്ടാണ് ഹൈക്കോടതി റിട്ടേണിങ് ഓഫീസറോട് തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയത്.
സ്ഥാനമേൽക്കൽ തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന കെ.എസ്.യു സ്ഥാനാർത്ഥിയുടെ ആവശ്യം തള്ളിയ ഹൈക്കോടതി ചെയർമാൻ സ്ഥാനമേറ്റെടുത്താലും കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും വ്യക്തമാക്കി.
ചെയർമാൻ സ്ഥാനത്തേക്ക് ആകെ പോൾ ചെയ്ത വോട്ടുകൾ സംബന്ധിച്ച് സംശയങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ രേഖകൾ ആവശ്യമാണെന്നായിരുന്നു കോടതിയുടെ നിലപാട്. അപേക്ഷ കൂടാതെ റീ കൗണ്ടിങ് പ്രഖ്യാപിക്കാൻ റിട്ടേണിങ് ഓഫീസർക്ക് റീ കൗണ്ടിങ് പ്രഖ്യാപിക്കാൻ കഴിയുമെന്നും ഹർജിക്കാരൻ രേഖകൾ ഹാജരാക്കിയിട്ടില്ലെന്നും സർവകലാശാല അഭിഭാഷകൻ വാദമുയർത്തി.
വി.സിയെ സമീപിച്ചിരുന്നോയെന്ന് കോടതിയും ചോദ്യമുന്നയിച്ചു. വിജയിയായി ആദ്യം തന്നെ പ്രഖ്യാപിക്കുകയും പിന്നീട് റീ കൗണ്ടിങിൽ കൃത്രിമത്വം നടത്തുകയുമായിരുന്നുവെന്നും മാനേജരുടെ ഭാഗത്തു നിന്നും ഇതിനായി ബാഹ്യ ഇടപെടൽ ഉണ്ടായെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. മാനേജരെ കൂടി കേൾക്കണമെന്നു വ്യക്തമാക്കിയ കോടതി ഹർജി വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കാനായി മാറ്റി.
Also Read :കേരളവർമ്മ കോളജ് തെരഞ്ഞെടുപ്പ് : വോട്ടെണ്ണൽ അട്ടിമറിക്ക് പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചനയെന്ന് കെഎസ്‌യു
നവംബർ ഒന്നിന് നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ (Kerala Varma College Election ) ചെയർമാൻ സ്ഥാനത്തേക്ക് നടത്തിയ റീ കൗണ്ടിങ്ങിൽ പതിനൊന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എസ്.എഫ്.ഐ സ്ഥാനാർത്ഥി അനിരുദ്ധൻ ജയിച്ചതിന് പിന്നാലെയാണ് കെ.എസ്.യു അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. വോട്ടെണ്ണൽ അട്ടിമറിയാണെന്നും ഇതിനു പിന്നിൽ മന്ത്രിമാരുടെ ഗൂഢാലോചന ഉണ്ടെന്നുമാണ് കെ.എസ്.യു ആരോപിച്ചിരുന്നത്.
കെ.എസ്.യു നടത്തുന്ന നിയമ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ചുകൊണ്ട് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും രംഗത്തെത്തിയിരുന്നു. കോളജ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല എന്നാണ് സുധാകരൻ അറിയിച്ചിരുന്നത്.
Also Read :കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ല; കെ സുധാകരൻ