തിരുവനന്തപുരം : ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്‌സിറ്റിയിൽ മലയാളി വിദ്യാർഥികളെ സെക്യൂരിറ്റി ജീവനക്കാർ മർദിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രതിപക്ഷ നേതാവിന്‍റെ കത്ത്. സര്‍വകലാശാലയില്‍ മലയാളി വിദ്യാർഥികൾക്ക് നേരെ നിരന്തരമായി പീഡനം ഉണ്ടാകുന്നുവെന്നും ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം. നിലവിലെ സാഹചര്യം ആവർത്തിക്കാതിരിക്കാന്‍ നടപടികളുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കുന്നു.
സംഭവമിങ്ങനെ : മാർച്ച് 10 നായിരുന്നു മദ്ധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സര്‍വകലാശാലയിലെ നാല് മലയാളി വിദ്യാർഥികൾക്ക് മർദനമേറ്റത്. നഷീൽ കെ ടി, അഭിഷേക് ആർ, അദ്‌നാൻ, ആദിൽ റാഷിഫ് എന്നീ വിദ്യാർഥികളെയാണ് സെക്യൂരിറ്റി ജീവനക്കാർ മർദിച്ചത്. മാർച്ച് 10 ന് രാത്രി 9 മണിയോടെ യൂണിവേഴ്‌സിറ്റി ക്യാമ്പസിന്‍റെ പ്രധാന കവാടത്തിനോട് ചേർന്നുള്ള വാട്ടർ ടാങ്ക് പരിസരത്ത് മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്താൻ എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍. ഇവരുടെ ചിത്രം സെക്യൂരിറ്റി ജീവനക്കാർ പകർത്തുകയും പിന്നീട് ഹോസ്‌റ്റലിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികളെ വാഹനത്തിൽ പിന്തുടർന്നെത്തി അവര്‍ യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയുമായിരുന്നു. ആക്രമണത്തിന് ഇരകളായ നാല് വിദ്യാർഥികളെയും അനുപ്പൂർ ജില്ല ആശുപത്രിയിൽ പ്രവശിപ്പിച്ചിരിക്കുകയാണ്. വടി കൊണ്ടുള്ള ആക്രമണത്തില്‍ വിദ്യാർഥികളുടെ തലയ്‌ക്കും ചെവിക്കും കാലിനും പരിക്കുണ്ട്.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽ ഗാന്ധിയും സമൂഹ മാധ്യമങ്ങൾ വഴി പ്രതിഷേധിച്ചിരുന്നു. സംഭവത്തിൽ നിരവധി ജനപ്രതിനിധികൾ നടപടി ആവശ്യപ്പെട്ടുകൊണ്ട് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലറായ പ്രകാശ് മണി ത്രിപാഠിക്ക് കത്ത് നൽകി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ധർമേന്ദ്ര പ്രധാന് പാർലമെന്‍റ് അംഗങ്ങളായ എളമരം കരീം, വി ശിവദാസൻ എന്നിവരും നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്.