എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കും. ഇതോടെ നേമത്ത് ചെന്നിത്തല മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഹരിപ്പാട് തനിക്ക് അമ്മയെ പോലെയാണെന്നും താന്‍ ഹരിപ്പാട് മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ ഇറക്കുമെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രാവിലെ 8.30 തോടെയാണ് പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടിയും കൊച്ചിയിലെത്തിയത്.
ചെന്നിത്തല ഹരിപ്പാട് തന്നെ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും - kerala election 2021
ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും രാവിലെ 8.30 ന് കൊച്ചിയിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിക്കും.
നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക നാളെ ഡല്‍ഹിയില്‍ പ്രഖ്യാപിക്കും. 91 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്നത് ഇതില്‍ 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ബാക്കിയുള്ള പത്ത് സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡാകും സ്വീകരിക്കുക. ഹൈക്കമാന്‍ഡുമായുള്ള തുടര്‍ ചര്‍ച്ചയ്‌ക്ക് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഡല്‍ഹിയില്‍ തന്നെ തുടരുകയാണ്. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി പട്ടിക നാളെ പുറത്തിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം വൈകിയിട്ടില്ല. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഫലം യുഡിഎഫിന് അനുകൂലമായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. ഇത് തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും സംഭവിക്കുക. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്‍ഡിഎഫിലുള്ളത്ര തര്‍ക്കങ്ങള്‍ യുഡിഎഫിലില്ലെന്നും ചെന്നിത്തല പരിഹസിച്ചു. കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി പട്ടിക വന്നാൽ ഒരു പ്രതിഷേധവും ഉണ്ടാവില്ല. എല്ലാവരും അഭിനന്ദിക്കുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം നേമം മണ്ഡലത്തില്‍ മത്സരിക്കുന്നത് ആരാണെന്ന് കാത്തിരുന്ന് കാണാമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.