കേരളം

kerala

ETV Bharat / state

പരീക്ഷണ ശാലയായി എറണാകുളം, ആരെ തുണയ്ക്കുമെന്നറിയാൻ കാത്തിരിപ്പ് - തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്

2016ല്‍ കേരളമാകെ ഇടത് തരംഗം ആഞ്ഞുവീശിയപ്പോഴും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് എറണാകുളം. ട്വൻടി ട്വൻടി, വി ഫോർ കൊച്ചി കൂട്ടായ്മകളുടെ സാന്നിധ്യം നിര്‍ണായകമാകും. കളമശേരിയും തൃപ്പൂണിത്തുറയും പറവൂരും നിര്‍ണായക മണ്ഡലങ്ങള്‍.

kerala legislative assembly election 2021 kerala election ernakulam district news kerala election news niyamsabha election news നിയമസഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ കേരളാ വാര്‍ത്തകള്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എറണാകുളം രാഷ്ട്രീയം കേരളം തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ എറണാകുളം വാര്‍ത്ത election news ernakulam news ernakulam election news കോതമംഗലം എറണാകുളം തെരഞ്ഞെടുപ്പ് പിറവം തെരഞ്ഞെടുപ്പ് അങ്കമാലി തെരഞ്ഞെടുപ്പ് കളമശേരി തെരഞ്ഞെടുപ്പ് തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കുന്നത്തുനാട് തെരഞ്ഞെടുപ്പ്
പരീക്ഷണ ശാലയായി എറണാകുളം, ആരെ തുണയ്ക്കുമെന്നറിയാൻ കാത്തിരിപ്പ്

By

Published : Mar 29, 2021, 5:08 PM IST

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണികളെ വെള്ളം കുടിപ്പിച്ച ജനകീയ കൂട്ടായ്മകളുടെ മുഖ്യധാരാ പരീക്ഷണങ്ങള്‍. ആഴക്കടല്‍ മത്സ്യബന്ധന വിവാദവും കടലാക്രമണ ദുരിതങ്ങളും ചര്‍ച്ചയാകുന്ന തീരദേശ മണ്ഡലങ്ങള്‍. ജാതിമത സമവാക്യങ്ങൾ വിധി നിശ്ചയിക്കുന്ന മണ്ഡലങ്ങൾ, എങ്ങുമെത്താത്ത പള്ളിത്തര്‍ക്കം തെരഞ്ഞെടുപ്പ് വിഷയമാക്കുന്ന യാക്കോബായ, ഓർത്തഡോക്‌സ്‌ വിഭാഗങ്ങളുടെ സാന്നിധ്യം. സ്മാര്‍ട്ട് സിറ്റിയടക്കം ഇഴഞ്ഞു നീങ്ങുന്ന വികസന പദ്ധതികള്‍. ആരൊക്കെ വന്നും പോയിട്ടും പരിഹാരമാകാത്ത കൊച്ചിയിലെ വെള്ളക്കെട്ട്. വൈപ്പിനടക്കം ഇനിയും കുടിവെള്ളമില്ലാത്ത പ്രദേശങ്ങൾ. സംസ്ഥാനത്തിന്‍റെ സാമ്പത്തിക തലസ്ഥാനമെന്ന് പറയുന്ന എറണാകുളം ജില്ലയില്‍ ഈ തെരഞ്ഞെടുപ്പ് കാലത്തും പരിഹാരമാകാത്ത പരാധീനതകള്‍ എണ്ണമില്ലാത്തത്.

പരീക്ഷണ ശാലയായി എറണാകുളം, ആരെ തുണയ്ക്കുമെന്നറിയാൻ കാത്തിരിപ്പ്

2016ല്‍ കേരളമാകെ ഇടത് തരംഗം ആഞ്ഞുവീശിയപ്പോഴും യുഡിഎഫിനൊപ്പം നിന്ന ജില്ലയാണ് എറണാകുളം. 14 മണ്ഡലങ്ങളില്‍ ഒമ്പതിടത്തും യുഡിഎഫ് വിജയിച്ചു കയറി. സിറ്റിംഗ് മണ്ഡലങ്ങളായ പെരുമ്പാവൂരും അങ്കമാലിയും നഷ്ടമായെങ്കിലും 2011ലെ മൂന്നില്‍ നിന്ന് അഞ്ചിലേക്ക് എല്‍ഡിഎഫിന്‍റെ സീറ്റ് നേട്ടം ഉയര്‍ന്നു. വൈപ്പിന്‍ നിലനിര്‍ത്തി കോതമംഗലവും കൊച്ചിയും തൃപ്പൂണിത്തുറയും മൂവാറ്റുപുഴയും എല്‍ഡിഎഫ് പിടിച്ചെടുത്തു. 2019ല്‍ ഹൈബി ഈഡന്‍ ലോക്സഭയിലേക്ക് പോയപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ടിജെ വിനോദിലൂടെ എറണാകുളം മണ്ഡലം യുഡിഎഫ് നിലനിര്‍ത്തി. നേരിയ വ്യത്യാസത്തില്‍ കൊച്ചി കോര്‍പ്പറേഷനില്‍ അധികാരം നഷ്ടമായെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പൊതുവെ യുഡിഎഫിന് തന്നെയാണ് മുന്‍തൂക്കം ലഭിച്ചത്. വോട്ടിംഗ് പാറ്റേണില്‍ മാറ്റമുണ്ടായെങ്കിലും ഒമ്പത് മണ്ഡലങ്ങളില്‍ യുഡിഎഫും അഞ്ച് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും മുന്നിലെത്തി.

കോതമംഗലം, എറണാകുളം, പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, പിറവം, കുന്നത്തുനാട്, തൃക്കാക്കര, കളമശേരി മണ്ഡലങ്ങളില്‍ മുന്‍തൂക്കം നിലനിര്‍ത്തിയ യുഡിഎഫ് പക്ഷെ പറവൂരില്‍ പിന്നിലേക്ക് പോയി. എല്‍ഡിഎഫ് മണ്ഡലങ്ങളായ മൂവാറ്റുപുഴയിലും വൈപ്പിനിലും യുഡിഎഫ് മുന്നിലെത്തി. കൊച്ചിയിലും തൃപ്പൂണിത്തുറയിലും യുഡിഎഫ് മണ്ഡലമായ പറവൂരിലുമാണ് എല്‍ഡിഎഫ് മുന്നിലെത്തിയത്. എന്‍ഡിഎയും ഭേദപ്പെട്ട പ്രകടനം നടത്തി. കുന്നത്തുനാട്ടില്‍ ട്വന്‍റി-ട്വന്‍റിയാണ് മൂന്നാം സ്ഥാനത്ത്. ജില്ലയില്‍ 12 സിറ്റിങ് എംഎല്‍എമാരും വീണ്ടും മത്സരത്തിനെത്തുന്നു.

കേരളത്തിന്‍റെ രാഷ്ട്രീയ ഭൂമികയിലെ പുതിയ പരീക്ഷണമാണ് ട്വന്‍റി-ട്വന്‍റി, വീ ഫോര്‍ പീപ്പിള്‍ പാര്‍ട്ടി (വീ ഫോര്‍ കൊച്ചി) എന്നിവ. തദ്ദേശത്തില്‍ മുന്നണികളെ വെള്ളം കുടിപ്പിച്ചവര്‍ നിയമസഭാ തെരഞ്ഞെടുപ്പിലും തലവേദനയാകുമെന്നതില്‍ സംശയമില്ല. കിഴക്കമ്പലത്തിന് പിന്നാലെ ഐക്കരനാട്, മഴുവന്നൂര്‍, കുന്നത്തുനാട് പഞ്ചായത്തുകളും പിടിച്ച ട്വന്‍റി-ട്വന്‍റി, ഒമ്പത് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിലും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും വിജയിച്ചാണ് ജില്ലയിലെ 8 നിയമസഭാ സീറ്റുകളില്‍ പോരാട്ടത്തിനിറങ്ങുന്നത്. നാല് പഞ്ചായത്തുകള്‍ ഭരിക്കുന്ന കുന്നത്തുനാട്ടില്‍ ട്വന്‍റി-ട്വന്‍റിയെ മാറ്റിനിര്‍ത്തിയുള്ള രാഷ്ട്രീയ ഫോര്‍മുലകള്‍ക്ക് സാധ്യതയുമില്ല. കൊച്ചി കോര്‍പ്പറേഷനില്‍ ഭരണമാറ്റത്തിന് വഴിയൊരുക്കിയതില്‍ നിര്‍ണായക പങ്കുള്ള വീ ഫോര്‍ കൊച്ചി വീഫോര്‍ പീപ്പിള്‍ പാര്‍ട്ടിയെന്ന പേരില്‍ ആറ് സീറ്റുകളില്‍ മത്സരരംഗത്തുണ്ട്.

രണ്ട് തെരഞ്ഞെടുപ്പിന്‍റെ ചരിത്രം മാത്രമുള്ള, കളമശേരി കേരളം മുഴുവൻ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. പാലാരിവട്ടം പാലം അഴിമതിയില്‍ സിറ്റിങ് എംഎല്‍എ വികെ ഇബ്രാഹിംകുഞ്ഞ് അറസ്റ്റിലായത് യുഡിഎഫിനെ പ്രതിരോധത്തിലാക്കി. മുസ്ലിം ലീഗിന് സ്വാധീനമുള്ള മണ്ഡലത്തില്‍ പരസ്യപ്രതിഷേധം തള്ളിയാണ് ഇബ്രാഹിം കുഞ്ഞിന്‍റെ മകന്‍ അബ്ദുല്‍ ഗഫൂര്‍ സ്ഥാനാര്‍ഥിയായത്. മുന്‍ രാജ്യസഭ എംപിയും സിപിഎം നേതാവുമായ പി രാജീവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. അഴിമതിയും അറസ്റ്റും പാലത്തിന്‍റെ ബലക്ഷയം പരിഹരിച്ച് ഗതാഗതത്തിന് തുറന്നുകൊടുത്തതും ചര്‍ച്ചാ വിഷയമാക്കുന്ന ഇടതുമുന്നണി സീറ്റ് പിടിച്ചെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ലീഗിനുള്ളില്‍ പുകയുന്ന അതൃപ്തിയും പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനം തന്നെയാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന തൃപ്പൂണിത്തുറയില്‍ അഭിമാനപ്പോരാട്ടത്തിലാണ് മൂന്ന് മുന്നണികളും. അഞ്ച് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ ബാബു ബാര്‍ കോഴയില്‍ തട്ടി സ്വരാജിന് മുന്നില്‍ വീണപ്പോള്‍ 25 വര്‍ഷത്തിന് ശേഷം, 2016ല്‍ തൃപ്പൂണിത്തുറയില്‍ ചെങ്കൊടി പാറി. ഐ ഗ്രൂപ്പിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ കെ ബാബു വീണ്ടും മത്സരരംഗത്തെത്തിയിരിക്കുന്നു. രാഷ്ട്രീയ മത്സരം നടക്കുന്ന മണ്ഡലത്തില്‍ എം സ്വരാജ് ഭൂരിപക്ഷമുയര്‍ത്തി വിജയം നേടുമെന്നാണ് ഇടത് പ്രതീക്ഷ. മണ്ഡലത്തിലെ ഹിന്ദു വോട്ടുകളില്‍ വിശ്വാസമര്‍പ്പിച്ച് ഡോ കെഎസ് രാധാകൃഷ്ണനെയാണ് എന്‍ഡിഎ രംഗത്തിറക്കിയത്. 2016ല്‍ നേടിയ 29,000ത്തില്‍ പരം വോട്ടുകള്‍ ബിജെപിക്ക് പ്രതീക്ഷ കൂട്ടുന്നു. ട്വന്‍റി ട്വന്‍റിയുടെ പരീക്ഷണശാലയായ കുന്നത്തുനാട്ടില്‍ ജീവന്‍ മരണപോരാട്ടത്തിലാണ് മുന്നണികള്‍. മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഭരിക്കുന്ന ട്വന്‍റി-ട്വന്‍റി ഡോ സുജിത് പി സുരേന്ദ്രനെയിറക്കുന്നത് ഉറച്ച വിജയ പ്രതീക്ഷയിലാണ്. 2016ല്‍ ഭൂരിപക്ഷം കുറഞ്ഞെങ്കിലും മൂന്നാം വട്ടവും വിപി സജീന്ദ്രന്‍ തന്നെയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടത് സ്ഥാനാര്‍ഥി പിവി ശ്രീനിജനും മത്സരരംഗത്തുണ്ട്. രേണു സുരേഷിനെ സ്ഥാനാര്‍ഥിയാക്കി ബിജെപിയും ശക്തമായ പ്രചാരണം നടത്തുന്നു. തദ്ദേശത്തില്‍ മുന്നിലെത്തിയത് ട്വന്‍റി-ട്വന്‍റിയും മൂന്ന് പഞ്ചായത്തുകള്‍ ഭരിക്കുന്ന എല്‍ഡിഎഫുമാണ്.

പ്രാദേശിക തലത്തില്‍ സിപിഎമ്മിന് ശക്തമായ വേരോട്ടമുണ്ടെങ്കിലും കോണ്‍ഗ്രസിന്‍റെ വിഡി സതീശനാണ് 20 വര്‍ഷമായി പറവൂരില്‍ നിന്നും നിയമസഭയിലെത്തുന്നത്. രാഷ്ട്രീയത്തിനപ്പുറം നില്‍ക്കുന്ന സതീശന്‍റെ വ്യക്തിപ്രഭാവമാണ് മണ്ഡലത്തിലെ യുഡിഎഫ് കരുത്ത്. എല്ലാത്തവണയും ഭൂരിപക്ഷമുയര്‍ത്തി, അഞ്ചാം പോരാട്ടത്തിന് സതീശനിറങ്ങുമ്പോള്‍ മണ്ഡലത്തില്‍ അട്ടിമറി യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ 71.4 ശതമാനം വോട്ടിന്‍റെ മൃഗീയ ഭൂരിപക്ഷവുമായി, മണ്ഡലത്തില്‍ അഞ്ച് പഞ്ചായത്തുകളാണ് എല്‍ഡിഎഫ് ഭരിക്കുന്നത്. നോര്‍ത്ത് പറവൂര്‍ മുനിസിപ്പാലിറ്റിയും വരാപ്പുഴ, ഏഴിക്കര പഞ്ചായത്തുകളും മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. കന്നിയങ്കത്തിനെത്തുന്ന സിപിഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി നിക്‌സണാണ് എൽഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസ് എറണാകുളം ജില്ലാ പ്രസിഡന്‍റ് എ.ബി. ജയപ്രകാശാണ് എൻഡിഎ സ്ഥാനാർഥി. ഒരു കാലത്തും പരിഹാരമാകാതെ കിടക്കുന്ന കുടിവെള്ള പ്രശ്നങ്ങളടക്കമുള്ള വിഷയങ്ങള്‍ നിലനില്‍ക്കുന്ന വൈപ്പിന്‍ വലതിന് വളക്കൂറുള്ള മണ്ഡലമാണ്. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും ജയിച്ചുകയറിയ എസ് ശര്‍മയ്ക്ക് പകരം കെ ഉണ്ണികൃഷ്ണനാണ് ഇടതുമുന്നണി സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ എട്ടില്‍ എഴ് പഞ്ചായത്തുകളിലും അധികാരം പിടിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ദീപക് ജോയി. ബിജെപി ജില്ലാ സെക്രട്ടറി കെഎസ്‌ ഷൈജുവാണ് എൻഡിഎയ്‌ക്കായി ജനവിധി തേടുന്നത്. വൈപ്പിനില്‍ ട്വന്‍റി-ട്വന്‍റി സ്ഥാനാര്‍ഥി ഡോ. ജോബ് ചക്കാലക്കല്‍ പിടിക്കുന്ന വോട്ടുകളും മണ്ഡലത്തില്‍ നിര്‍ണായകമാകും.

എല്‍ഡിഎഫിനും യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒപ്പം വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടിയും കളത്തിലിറങ്ങിയതോടെ കൊച്ചിയില്‍ ഇത്തവണ പോരാട്ടം കടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റം എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. രണ്ടാമങ്കത്തിനിറങ്ങുന്ന സിറ്റിങ് എംഎല്‍എ കെജെ മാക്സിക്കെതിരെ മുന്‍ മേയര്‍ ടോണി ചമ്മിണിയെയാണ് യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ബിജെപി മധ്യമേഖല സെക്രട്ടറി സിജി രാജഗോപാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിര്‍ണായക സാന്നിധ്യമായ വി ഫോര്‍ കൊച്ചി, വീ ഫോര്‍ പീപ്പിള്‍ പാര്‍ട്ടി എന്ന പേരില്‍ ഇത്തവണ മത്സര രംഗത്തുണ്ട്. വി ഫോര്‍ കേരള ക്യാമ്പയിന്‍ കോ-കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാനാണ് സ്ഥാനാര്‍ഥി. ട്വന്‍റി-ട്വന്‍റി സ്ഥാനാര്‍ഥി ഷൈനി ആന്‍റണിയും പ്രചാരണ രംഗത്ത് സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമെത്തിയ തൃക്കാക്കര യുഡിഎഫില്‍ നിലനിര്‍ത്താന്‍ പിടി തോമസും പിടിച്ചെടുക്കാന്‍ ഡോ ജെ ജേക്കബിനെ ഇടതുപക്ഷവും രംഗത്തിറക്കുന്നു. 2016ല്‍ അഞ്ചില്‍ നിന്ന് 15 ശതമാനമായി വോട്ട് വര്‍ധിപ്പിച്ച എസ്. സജിയാണ് എൻഡിഎ സ്ഥാനാര്‍ഥി. എറണാകുളം ലിസ്സി ഹോസ്പിറ്റലിലെ ഡോ. ടെറി.തോമസ് ഇടത്തൊട്ടി ട്വന്‍റി ട്വന്‍റിക്കായും മത്സരംഗത്തുണ്ട്. സംസ്ഥാനത്ത് ക്രിസ്‌ത്യൻ വോട്ടർന്മാർ കൂടുതലുള്ള നിയോജക മണ്ഡലങ്ങളിൽ ഒന്നാണ് അങ്കമാലി. വിവാദങ്ങളെത്തുടര്‍ന്ന് മത്സര രംഗത്ത് നിന്നും മാറിനിന്നിരുന്ന ജോസ് തെറ്റയിലിന്‍റെ തിരിച്ചുവരവാണ് മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. രണ്ട് തവണ എംഎല്‍എ ആയിരുന്ന തെറ്റയിലും സിറ്റിങ് എംഎല്‍എ റോജി എം റോണും നേരിട്ടേറ്റുമുട്ടുമ്പോള്‍ മണ്ഡലത്തില്‍ തീപാറുമെന്നുറപ്പ്.

മണ്ഡലത്തിലെ ഇടത് തേരോട്ടം അവസാനിപ്പിച്ച സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി തന്നെയാണ് ഇത്തവണയും പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി. ഇടത് മുന്നണിയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ബാബു ജോസഫാണ് ജനവിധി തേടുന്നത്. 2016ല്‍ 13.54 ശതമാനം വോട്ട് പിടിച്ച എന്‍ഡിഎയ്ക്കായി ടിപി സിന്ധുമോളും മത്സരരംഗത്തുണ്ട്. ട്വന്‍റി-ട്വന്‍റി സ്ഥാനാര്‍ഥിയായി ചിത്രാ സുകുമാരനും മത്സരിക്കുന്നു. പെരുമ്പാവൂരിനൊപ്പം യാക്കോബായ സഭക്ക് സ്വാധീനമുള്ള കാര്‍ഷിക മേഖലയായ പിറവം വലിപ്പത്തിലും വോട്ടര്‍മാരുടെ എണ്ണത്തിലും എറണാകുളം ജില്ലയില്‍ ഒന്നാമതാണ്. പൊതുവെ യുഡിഎഫിനോടാണ് ആഭിമുഖ്യം. മണ്ഡലത്തില്‍ മൂന്നാം തവണ ജനവിധി തേടുന്ന അനൂപ് ജേക്കബും ഇടത് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബും തമ്മിലാണ് പോരാട്ടം നടക്കുന്നത്. സിറ്റിങ് എംഎല്‍എ എല്‍ദോ എബ്രഹാമും കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടനും തമ്മിലാണ് മൂവാറ്റുപുഴയില്‍ എറ്റുമുട്ടല്‍. കേരള കോണ്‍ഗ്രസിനും സിപിഐയ്ക്കും വേരോട്ടമുള്ള മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് അനുകൂലമാണ്. സിറ്റിങ് എംഎല്‍എമാരെ തോല്‍പ്പിക്കുന്ന ചരിത്രത്തിലും കോതമംഗലത്ത് യുഡിഎഫിന് പ്രതീക്ഷയുണ്ട്. വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി സീറ്റ് നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് ജിജി ജോസഫാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ട്വന്‍റി ട്വന്‍റിയ്ക്ക് വേണ്ടി മാധ്യമ പ്രവര്‍ത്തകന്‍ സിഎന്‍ പ്രകാശും ജനവിധി തേടുന്നു.

കഴിഞ്ഞ തവണ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാണ് ഇടത് എംഎല്‍എ ആന്‍റണി ജോണ്‍ കോതമംഗലത്ത് നിന്നും നിയമസഭയിലെത്തിയത്. ഇക്കുറി കേരള കോണ്‍ഗ്രസ് എം ഇടത് മുന്നണിക്കൊപ്പമാണ്. രണ്ടാം തവണയും പോരാട്ടത്തിനെത്തുമ്പോള്‍ ആന്‍റണി ജോണ്‍ അനായാസ വിജയപ്രതീക്ഷയില്‍. കേരള കോണ്‍ഗ്രസ് സീറ്റില്‍ ഷിബു തെക്കുംപുറമാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ജോസ് കെ മാണി പോയിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മുന്‍തൂക്കം യുഡിഎഫിന് പ്രതീക്ഷ കൂട്ടുന്നു. പള്ളിത്തര്‍ക്കം ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ യാക്കോബായ സഭയുടെ നിലപാടും നിര്‍ണായകമാകും. ബിഡിജെഎസ് സീറ്റില്‍ ഷൈന്‍ കെ കൃഷ്ണനും ട്വന്‍റി ട്വന്‍റിക്കായി പിജെ ജോസഫിന്‍റെ മരുമകന്‍ ഡോ ജോ ജോസഫും ജനവിധി തേടുന്നു. എറണാകുളത്ത് സിറ്റിംഗ് എംഎല്‍എ ടിജെ വിനോദിന് ഒരവസരം കൂടി നല്‍കുകയാണ് യുഡിഎഫ്. ഉപതെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് കടന്ന് കൂടിയെങ്കിലും പൊതുതെരഞ്ഞെടുപ്പില്‍ ഈസി വാക്കോവര്‍ യുഡിഎഫ് പ്രതീക്ഷിക്കുന്നില്ല. ആഴക്കടല്‍ വിവാദം ചര്‍ച്ചയാകുന്ന മണ്ഡലത്തില്‍ ലത്തീന്‍ സഭാ പ്രതിനിധി ഷാജി ജോര്‍ജിനെ പിന്തുണയ്ക്കുന്ന സിപിഎം തന്ത്രവും മണ്ഡലത്തിന്‍റെ വലത് സ്വഭാവം മാറ്റിയെഴുതാന്‍ ശേഷിയുള്ളതാണ്. പദ്മജാ എസ് മേനോനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കോളജ് അധ്യാപകനായി പേരെടുത്ത പ്രൊഫസര്‍ ലെസ്‌ലി പള്ളത്തിന്‍റെ ട്വന്‍റി-ട്വന്‍റി സ്ഥാനാര്‍ഥിത്വവും മണ്ഡലത്തില്‍ നിര്‍ണായകമാകും. തദ്ദേശത്തില്‍ യുഡിഎഫിന് തിരിച്ചടിയേറ്റെങ്കിലും ആലുവയില്‍ മൂന്നാമങ്കത്തിറങ്ങുന്ന അന്‍വര്‍ സാദത്തിന് ഉറച്ച വിജയ പ്രതീക്ഷയുണ്ട്. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലത്തില്‍ ഇടത് പക്ഷത്തിന് ജയിച്ചു കയറാനാകില്ലെന്നാണ് കണക്കുകൂട്ടല്‍. ആറ് തവണ എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് കെ മുഹമ്മദാലിയുടെ മരുമകള്‍ ഷെല്‍ന നിഷാദിനെയാണ് ഇടതുമുന്നണി കളത്തിലിറക്കുന്നത്. ബിജെപി ജില്ലാ ഉപാധ്യക്ഷന്‍ എംഎന്‍ ഗോപിയെ ഇറക്കി ശക്തമായ മത്സരവുമായി എന്‍ഡിഎയും രംഗത്തുണ്ട്.

ABOUT THE AUTHOR

...view details