എറണാകുളം :ശബരിമലയിൽ ഭക്തരെ ദേവസ്വം ഗാർഡ് പിടിച്ചുതള്ളിയ സംഭവത്തിൽ രോഷം പ്രകടിപ്പിച്ച് ഹൈക്കോടതി. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയും സ്പെഷ്യൽ കമ്മിഷണറോടടക്കം റിപ്പോർട്ട് തേടുകയും ചെയ്‌തിരുന്നു. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടുൾപ്പടെ പരിഗണിച്ച കോടതി വിയോജിപ്പ് രേഖപ്പെടുത്തുകയും ദേവസ്വം ബോർഡിനോട് വിമർശന സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്‌തു.
സുരക്ഷാ ഉദ്യോഗസ്ഥരടക്കം നോക്കി നിൽക്കെ ആരോപണ വിധേയന് എങ്ങനെ ഭക്തരെ പിടിച്ചുതള്ളാൻ സാധിച്ചു. ഭക്തരുടെ ശരീരത്തിൽ സ്‌പർശിക്കാൻ എങ്ങനെ കഴിഞ്ഞു. മറ്റുള്ളവരും ഭക്തരെ നിയന്ത്രിക്കുന്നുണ്ടായിരുന്നല്ലോ. ആരോപണ വിധേയനുമാത്രം എങ്ങനെ മോശമായി പെരുമാറാൻ തോന്നി. എന്നിങ്ങനെയായിരുന്നു ദേവസ്വം ബോർഡിന് കോടതിയിൽ നിന്നും നേരിടേണ്ടി വന്ന ചോദ്യങ്ങൾ.
'ആരോപണവിധേയനെ നീക്കി':ദേവസ്വം ഗാർഡിന്‍റെ മോശം പെരുമാറ്റം നീതീകരിക്കാനാകാത്തതെന്ന് വിലയിരുത്തിയ കോടതി ഭക്തരോട് മാന്യമായി പെരുമാറണമെന്ന് ആവർത്തിച്ചു. കേസിൽ അസിസ്റ്റന്‍റ് ദേവസ്വം കമ്മിഷണറേയും ആരോപണ വിധേയനായ ദേവസ്വം ഗാർഡിനേയും കോടതി കക്ഷിചേർത്തു. സംഭവത്തെ തുടർന്ന് അരുൺ കുമാറിനെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന സത്യവാങ്‌മൂലം സമർപ്പിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകി. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ അരുൺ കുമാറിനെ സന്നിധാനത്തെ ഡ്യൂട്ടിയിൽ നിന്നും നീക്കിയിരുന്നതായി സുരക്ഷാ ഓഫിസറും കോടതിയെ അറിയിച്ചു.
ഇടത് യൂണിയൻ നേതാവ് കൂടിയായ അരുൺ കുമാർ മകരവിളക്ക് ദിവസം ഭക്തരെ പിടിച്ചുതള്ളുന്ന ദൃശ്യങ്ങൾ ഒരു സ്വകാര്യ വാര്‍ത്താചാനലാണ് പുറത്തുവിട്ടത്. തുടർന്ന്, വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെടുകയായിരുന്നു.കേസ് വരുന്ന 24ാം തീയതി വീണ്ടും പരിഗണിക്കും.