മൂവാറ്റുപുഴ:കേന്ദ്ര സർക്കാരിനെതിരായ കേരള മോഡൽ ബദൽ നയങ്ങൾ ചര്‍ച്ചയാകണമെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാർ. മൂവാറ്റുപുഴയില്‍ എൽഡിഎഫ് സ്ഥാനാർത്ഥി എൽദോ എബ്രഹാമിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ നടന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുത്തു.
കേരള മോഡൽ ബദൽ നയങ്ങൾ ചര്‍ച്ചയാകണം: കനയ്യകുമാർ
ബിജെപിയുടെ കോർപ്പറേറ്റുകളോടുള്ള ഇടപെടലും ഗുജറാത്ത് മോഡലും തുറന്ന് കാണിക്കണമെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാർ
ബിജെപിയുടെ കോർപ്പറേറ്റുകളോടുള്ള ഇടപെടലും ഗുജറാത്ത് മോഡലും രാജ്യത്ത് തുറന്ന് കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ വിദ്യാസമ്പന്നരുടേയും സാമൂഹിക, സാംസ്ക്കാരിക നായകന്മാരുടേയും നാടായ കേരളം ഇന്ത്യയ്ക്ക് മാതൃകയാണ്. അതുകൊണ്ട് കേരളത്തിൽ പിണറായി വിജയന്‍റെ നേതൃത്വത്തിൽ എൽഡിഎഫിന്‍റെ തുടർ ഭരണമുണ്ടാകും.
മണ്ഡലാതിർത്തിയായ തൃക്കളത്തൂരിലെത്തിയ കനയ്യകുമാറിനെ എംസി റോഡിലൂടെ മൂവാറ്റുപുഴ നഗരത്തിലേയ്ക്ക് റോഡ് ഷോയായി ആനയിച്ചു. നൂറ് കണക്കിന് ഇരുചക്രവാഹനങ്ങള്‍ റോഡ് ഷോയുടെ ഭാഗമായി. എൽ ഡി എഫ് നേതാക്കളായ എ കെ ചന്ദ്രൻ, ബാബു പോൾ ,പി എം ഇസ്മയിൽ, എൻ അരുൺ, ടി എം ഹാരീസ്, ഷൈൻ ജേക്കബ്, അബ്ദു റഹ്മാൻ, അനീഷ് എം മാത്യൂ, ഫെബിൻ മൂസ, കെ ബി നിസാർ, ജോർജ്ജ് വെട്ടിക്കുഴി എന്നിവർ പങ്കെടുത്തു.