എറണാകുളം:കേരളിയ കലാരൂപങ്ങളെ ഒറ്റ ക്യാൻവാസിൽ പകർത്തി ചുമർ ചിത്രകലയിലൂടെ അനുഭാവം പ്രകടിപ്പിക്കുകയാണ് കോലഞ്ചേരിക്കടുത്തുള്ള കടയിരുപ്പിലെ ഉണ്ണി എന്ന ചിത്രകാരൻ. കൊവിഡ് കാലത്ത് പന്ത്രണ്ടര അടി നീളമുള്ള ഒറ്റക്യാൻവാസിൽ കേരളീയം എന്ന ആശയമാണ് ഈ കാലകാരൻ രചിച്ചിരിക്കുന്നത്. വീടിനുള്ളിലെ ചുവരിൽ ക്യാൻവാസ് പ്രത്യേകം സജ്ജമാക്കിയാണ് കേരളീയത്തിൻ്റെ വര പൂർത്തീകരിച്ചത്.
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ ബി.എഫ്.എ മ്യൂറൽ പെയിൻ്റിങ് ആദ്യ ബാച്ചിൽ പഠനം പൂർത്തിയാക്കിയ ഉണ്ണി ശ്രദ്ധേയമായ ഒട്ടേറെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വർണങ്ങളിലൂടെ ജീവിതം നിറം പിടിപ്പിച്ചിരുന്നവർക്ക് കൊവിഡ് രോഗവ്യാപനം ദുരിതമായപ്പോൾ അവരോടുള്ള കരുതലിനെ ഓർമപ്പെടുത്തുവാൻ കൂടിയാണ് ഇത്തരമൊരു ക്യാൻവാസിന് ഉണ്ണി രൂപം നൽകിയത്.