എറണാകുളം:കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ ആദ്യ കുറ്റപത്രം സമർപ്പിച്ചു. പിഎംഎൽഎ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആദ്യ അറസ്‌റ്റ് രേഖപ്പെടുത്തി 58-ാം ദിവസമാണ് കുറ്റപത്രം സമർപ്പിച്ചത് (karuvannur Bank Scam First charge sheet Filed ED).
പ്രതികൾക്ക് സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയുന്നതിനാണ് 60 ദിവസം പൂർത്തിയാകുന്നതിന് മുമ്പ് കുറ്റപത്രം സമർപ്പിച്ചത്. ഇതുവരെ ഇഡി നടത്തിയ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്. വിശദമായ ആദ്യഘട്ട കുറ്റപത്രത്തില്‍ ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കുന്ന വ്യക്തമായ തെളിവുകളും കണ്ടൈത്തലുകളുമുള്ളതായാണ് ഇഡിയുടെ വിലയിരുത്തൽ.
ഇഡി ആദ്യം അറസ്‌റ്റ് ചെയ്‌ത മുഖ്യപ്രതിയെന്ന് കരുതിയിരുന്ന പി സതീഷ് കുമാർ പതിനാലാം പ്രതിയാണ്. അതേസമയം റബ്ക്കോ ഏജന്‍റ് ആയിരുന്ന എകെ ബിജോയ് ആണ് ഒന്നാം പ്രതി. കരുവന്നൂർ കേസിലെ മുഖ്യ സൂത്രധാരൻ എകെ ബിജോയി ആണെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കണ്ടെത്തൽ. ഇതോടെയാണ് ബിജോയ്‌യെ ഒന്നാം പ്രതിയാക്കി ഇഡി കുറ്റപത്രം സമർപ്പിച്ചത്.
12,000ത്തിൽ അധികം പേജുള്ള കുറ്റപത്രത്തിൽ 50 വ്യക്തികളും അഞ്ച് സ്ഥാപനങ്ങളും ഉൾപ്പെടുന്നു. എകെ ബിജോയ്‌യുടെ മൂന്ന് സ്ഥാപനങ്ങളും കേസിലെ മറ്റൊരു പ്രതിയായ പിപി കിരണിന്‍റെ രണ്ട് സ്ഥാപനങ്ങളും പ്രതി പട്ടികയിൽ ഉണ്ട്. സെപ്‌റ്റംബർ നാലിന് ഇഡിയുടെ കസ്‌റ്റഡിയിലെടുത്ത് നിലവിൽ റിമാന്‍ഡിൽ കഴിയുന്ന പിപി കിരൺ ഒമ്പതാം പ്രതിയാണ്.