കേരളം

kerala

ETV Bharat / state

Karuvannur Bank Scam : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് : എ സി മൊയ്‌തീന്‍ ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല

AC Moideen Karuvannur Bank Scam case പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകേണ്ടതില്ലെന്ന പാർട്ടി തീരുമാനപ്രകാരമാണ് എ സി മൊയ്‌തീൻ ഇന്ന് ഇഡിക്ക് മുമ്പിൽ ഹാജരാകാത്തതെന്നാണ് സൂചന

Karuvannur Bank Scam AC Moideen  Karuvannur Bank Scam against AC Moideen  AC Moideen did not appear before ED  Karuvannur Bank Scam  AC Moideen Karuvannur Bank Scam case  എ സി മൊയ്‌തീൻ  കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്  ED  കരുവന്നൂർ ബാങ്ക് തട്ടിപ്പ്
Karuvannur Bank Scam AC Moideen

By ETV Bharat Kerala Team

Published : Sep 4, 2023, 11:19 AM IST

എറണാകുളം :കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്‌തീൻ ഇന്നും എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിന് മുമ്പിൽ ഹാജരാകില്ല (Karuvannur Bank Scam AC Moideen did not appear before ED). ഇത് രണ്ടാം തവണയാണ് എ സി മൊയ്‌തീൻ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറുന്നത്. ഓഗസ്റ്റ് 31ന് ഹാജരാകാൻ ആദ്യ തവണ ഇഡി നോട്ടിസ് നൽകിയെങ്കിലും സാവകാശം തേടുകയായിരുന്നു.

നോട്ടിസ് ലഭിക്കാൻ വൈകിയതിനാൽ ഹാജരാകാൻ അസൗകര്യം അറിയിച്ചായിരുന്നു സാവകാശം തേടിയത്. തുടർന്നായിരുന്നു ഇന്ന് ഹാജരാകാൻ നോട്ടിസ് നൽകിയത്. പക്ഷേ ഔദ്യോഗിക തിരക്കുകൾ ചൂണ്ടിക്കാട്ടി എ സി മൊയ്‌തീൻ ഇന്നും ഇഡിക്ക് മുമ്പിൽ എത്തിയില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്‍റെ സാഹചര്യത്തിൽ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യാന്‍ ഹാജരാകേണ്ടതില്ലെന്ന പാർട്ടി തീരുമാനപ്രകാരമാണ് എ സി മൊയ്‌തീൻ ഇന്നും ഇഡിക്ക് മുമ്പിൽ എത്താത്തതെന്നാണ് സൂചന (Karuvannur Bank Scam AC Moideen).

അതേസമയം ഇഡി നോട്ടിസ് വീണ്ടും ലഭിച്ചാൽ ഉപതെരഞ്ഞെടുപ്പിന് ശേഷം ഏത് ദിവസവും എ സി മൊയ്‌തീൻ ഹാജരാകും എന്നാണ് വിവരം. പത്ത് വർഷത്തെ ആദായ നികുതി രേഖകൾ ഉൾപ്പടെ ഹാജരാക്കാൻ ഇഡി എ സി മൊയ്‌തീനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം കരുവന്നൂർ ബാങ്ക് മുൻ മാനേജർ ബിജു കരീമിന്‍റെ ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്.

എ സി മൊയ്‌തീന്‍റെ ബിനാമിയാണെന്ന് ഇഡി സംശയിക്കുന്ന ബിജു കരീമിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം അദ്ദേഹത്തെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ഇന്ന് രണ്ട് പേരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുകയെന്നതും ഇഡി ലക്ഷ്യമിട്ടിരുന്നു. വിശദമായി ചോദ്യം ചെയ്‌ത് മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും മുൻ മന്ത്രിയെ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി ചേർക്കണോയെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.

എ സി മൊയ്‌തീന്‍റെ വീട്ടിൽ ഇഡി ഇരുപത്തിരണ്ട് മണിക്കൂർ പരിശോധന നടത്തുകയും അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്‌തിരുന്നു. തുടർന്ന് ഇഡി ഇറക്കിയ വാർത്താക്കുറിപ്പിൽ എ സി മൊയ്‌തീനെതിരെ ഗുരുതര ആരോപണവും ഉന്നയിച്ചിരുന്നു. ജില്ലാതല നേതാക്കളും കമ്മിറ്റി അംഗങ്ങളും ബാങ്ക് ഭരിക്കുന്നവരുമായ ചിലരുടെ നിർദേശപ്രകാരം, മാനേജർ മുഖേന ഇടപാടുകാരല്ലാത്ത ബിനാമികൾക്ക് ക്രമവിരുദ്ധമായി വായ്‌പ നൽകിയെന്നാണ് ഇഡി അന്വേഷണത്തിൽ കണ്ടെത്തിയത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം 22.08.2023 ന് അഞ്ച് സ്ഥലങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. എ സി മൊയ്‌തീന്‍, കിരൺ പി പി, റഹീം സി എം, ഷിജു എം കെ, സതീഷ്‌കുമാര്‍ പി എന്നിവരുടെ വീടുകളിലായിരുന്നു റെയ്‌ഡ്. പാവപ്പെട്ട അംഗങ്ങളുടെ വായ്‌പകൾ അവരുടെ അറിവില്ലാതെ കുറ്റാരോപിതർക്ക് പ്രയോജനം ചെയ്യാനായി വെട്ടിച്ചുരുക്കിയതായും ഇഡി ആരോപിക്കുന്നു. മുൻമന്ത്രിയും എംഎൽഎയുമായ എ സി മൊയ്‌തീന്‍റെ നിർദേശപ്രകാരമാണ് ഇത്തരത്തിലുള്ള നിരവധി ബിനാമി വായ്‌പകള്‍ വിതരണം ചെയ്‌തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായും ഇഡി പറയുന്നു.

എസി മൊയ്‌തീന്‍റെയും ഭാര്യയുടെയും 28 ലക്ഷം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചിരുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ 36 സ്വത്ത് വകകൾ കണ്ടുകെട്ടിയിട്ടുമുണ്ട്. 15 കോടി വിലമതിക്കുന്നതാണ് ഇത്. 150 കോടിയുടെ തട്ടിപ്പുനടന്ന കരുവന്നൂർ ബാങ്ക് കേസിൽ നേരത്തെ എ കെ ബിജോയിയുടെ 30 കോടിയുടെ സ്വത്ത് വകകൾ കണ്ടുകെട്ടിയിരുന്നു. അന്വേഷണം സമഗ്രമായി പുരോഗമിക്കുകയാണെന്നും ഇഡി അറിയിച്ചു.

ABOUT THE AUTHOR

...view details