കേരളം

kerala

ETV Bharat / state

Karuvannur Bank Fraud Case കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു - എസി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും ഇഡി നോട്ടിസ്

ED Questioning CPM Leader MK Kannan: കരുവന്നൂർ കേസിൽ ഇഡി നേരത്തെ അറസ്‌റ്റു ചെയ്‌ത സതീഷ് കുമാറുമായി എംകെ കണ്ണന് ബന്ധമുണ്ടെന്നാണ് ഇഡി സംശയിക്കുന്നത്.

karuvannur Bank Case ED Questioning MK Kannan  karuvannur Bank Fraud Case  karuvannur Bank Fraud Case updates  ED Questioning CPM Leader MK Kannan  karuvannur Bank Fraud Case ED raid  കരുവന്നൂർ ബാങ്ക് തട്ടിപ്പ്  സിപിഎം അംഗം എംകെ കണ്ണനെ ചോദ്യം ചെയ്‌ത് ഇഡി  എംകെ കണ്ണനെ ചോദ്യം ചെയ്‌ത്‌ ഇഡി  തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ്‌  എസി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും ഇഡി നോട്ടിസ്  എസി മൊയ്‌തീനെ ചോദ്യം ചെയ്‌ത്‌ ഇഡി
karuvannur Bank Fraud Case

By ETV Bharat Kerala Team

Published : Sep 25, 2023, 2:00 PM IST

എറണാകുളം:കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്യുന്നു (Karuvannur Bank Fraud Case ED Questioning CPM Leader MK Kannan). കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യൽ. നേരത്തെ എംകെ കണ്ണൻ പ്രസിഡന്‍റായ തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇഡി റെയ്‌ഡ്‌ നടത്തിയിരുന്നു.

എംകെ കണ്ണന്‍റെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്. ഇതിന്‍റെ തുടർച്ചയായാണ് എംകെ കണ്ണനെ ചോദ്യം ചെയ്യുന്നത്. കരുവന്നൂർ കേസിൽ എസി മൊയ്‌തീന് ശേഷം ഇഡി ചോദ്യം ചെയ്യുന്ന പ്രധാനപ്പെട്ട സിപിഎം നേതാവ് കൂടിയാണ് എംകെ കണ്ണൻ. കരുവന്നൂർ കേസിൽ ഇഡി അറസ്‌റ്റു ചെയ്‌ത സതീഷ് കുമാറുമായി എംകെ കണ്ണന് ബന്ധമുള്ളതായാണ് ഇഡി സംശയിക്കുന്നത്.

അതേ സമയം എസി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും ഇഡി നോട്ടിസ് നൽകും. 19-ാം തീയതി ഹാജരാകാൻ ഇഡി നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ നിയമസഭ സാമാജികർക്കുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് എസി മൊയ്‌തീൻ ഇഡിയെ ഇമെയിൽ വഴി അറിയിക്കുകയായിരുന്നു.

അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും ഇഡി നിർദേശിക്കുന്ന മറ്റൊരു ദിവസം ഹാജരാകാമെന്നും അറിയിച്ചിരുന്നു. പത്ത് മണിക്കൂറോളമാണ് എസി മൊയ്‌തീനെ ആദ്യ തവണ ഇഡി ചോദ്യം ചെയ്‌തത്. അദ്ദേഹം നൽകിയ മൊഴികൾ വിശകലനം ചെയ്‌താണ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്.

ഇതോടൊപ്പം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. എറണാകുളം, തൃശൂർ ജില്ലകളിൽ ഒമ്പതിടങ്ങളിലായി ഇഡി നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണവും നിരവധി രേഖകളും ഇഡി പിടിച്ചെടുത്തിരുന്നു. കരുവന്നൂർ ബാങ്കിൽ 150 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ഇതേ തുടര്‍ന്ന് ഇഡി വ്യക്തമാക്കിയിരുന്നു.

അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക്, എസ്‌ടി ജ്വല്ലറി, ജ്വല്ലറി ഉടമ സുനിൽ കുമാറിൻ്റെ വീട്, മൂന്ന് ആധാരമെഴുത്തുകാരുടെ സ്ഥാപനങ്ങൾ, ബാങ്കിൽ കോടികളുടെ കുടിശ്ശിക വരുത്തിയ ബിനാമിയെന്ന് സംശയിക്കുന്ന അനിൽകുമാറിന്‍റെ വീട്, ഇഡി അറസ്‌റ്റു ചെയ്‌ത പിപി കിരണിന്‍റെ സുഹൃത്തായ ഹോട്ടൽ വ്യവസായി ദീപക് സത്യപാലൻ്റെ കൊച്ചിയിലെ വീട്ടിലുമായിരുന്നു പരിശോധന നടത്തിയത്.

സുനിൽ കുമാറിന്‍റെ വീട്ടുവളപ്പിൽ നിന്ന് 800 ഗ്രാം സ്വർണവും 5.5 ലക്ഷം രൂപയും കണ്ടെടുത്തതായി ഇഡി അറിയിച്ചിരുന്നു. അറസ്‌റ്റിലായ പ്രതി സതീഷിന് സുനിൽ കുമാറിന്‍റെ ജ്വല്ലറിയിൽ നിക്ഷേപമുള്ളതായാണ് ഇഡി സംശയിക്കുന്നത്. ബിനാമി അനിൽകുമാറിന്‍റെ വീട്ടിൽ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന അഞ്ച് വസ്‌തുവകകളുടെ രേഖകൾ പിടിച്ചെടുത്തു.

കൊച്ചിയിലെ വ്യവസായി ദീപകിന്‍റെ വീട്ടിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന രേഖകളും പിടിച്ചെടുത്തിരുന്നു. ആധാരം എഴുത്തുകാരുടെ ഓഫിസിൽ നിന്നും സതീഷ് കുമാർ ഇടപാട് നടത്തിയ 25 ഓളം വസ്‌തുവകകളുടെ രേഖകളും കണ്ടെത്തിയതായും ഇഡി അറിയിച്ചിരുന്നു.

അതേസമയം അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലും, തൃശൂർ സർവീസ് സഹകരണബാങ്കിലും നടത്തിയ വിശദമായ പരിശോധനയുടെ വിശദാംശങ്ങൾ ഇഡി പുറത്ത് വിട്ടിരുന്നില്ല.

ABOUT THE AUTHOR

...view details