എറണാകുളം : കണ്ടല സർവീസ് സഹകരണ ബാങ്ക് (Kandala Service Cooperative Bank) തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐ മുൻ നേതാവ് ഭാസുരാംഗനും (Bhasurangan arrested) മകൻ അഖിൽജിത്തും ഇ ഡി കസ്റ്റഡിയിൽ (Accused in ED Custody). ഈമാസം 24വരെയാണ് ഇരുവരെയും കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ പി എം എൽ എ കേസ് പരിഗണിക്കുന്ന കോടതിയാണ് ഇ ഡിയുടെ അപേക്ഷ പരിഗണിച്ച് കസ്റ്റഡി അനുവദിച്ചത്(kandala bank scam).
രാഷ്ട്രീയ സ്വാധീനമുള്ള പ്രതി സാക്ഷികള സ്വാധീനിക്കാൻ ശ്രമിക്കുമെന്ന് ഇ ഡി കോടതിയെ അറിയിച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തണം. പ്രതികൾ അന്വേഷണവുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും ഇ ഡി ആവശ്യപ്പെട്ടു. ചൊവ്വാഴ്‌ച പത്ത് മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയായിരുന്നു ഇരുവരെയും ഇ ഡി അറസ്റ്റ് ചെയ്‌തത്. ഭാസുരാംഗനെ മൂന്ന് തവണകളായി മണിക്കൂറുകളോളം ഇ ഡി ചോദ്യം ചെയ്‌തിരുന്നു.
ഭാസുരാംഗന്‍റെ തിരുവനന്തപുരത്തെ വസതിയിൽ പരിശോധന നടത്തുകയും ചില രേഖകൾ ഇഡി കണ്ടെത്തുകയും ചെയ്‌തിരുന്നു. ഭാസുരാംഗനെയും മകനെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്‌തിരുന്നു. കണ്ടല ബാങ്കിലെ ജീവനക്കാരുടെയുൾപ്പടെ മൊഴിയെടുക്കുകയും ബാങ്ക് മുൻ പ്രസിഡന്‍റ് ഭാസുരാംഗനെതിരെ നിർണായക തെളിവുകൾ ഇ ഡി ശേഖരിക്കുകയും ചെയ്‌തിരുന്നു. ബാങ്ക് പ്രസിഡന്‍റ് ആയിരിക്കെ ഭാസുരാംഗനും, മകനും വലിയ തോതിൽ സാമ്പത്തിക പുരോഗതി നേടിയിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ.