കളമശ്ശേരിയിൽ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തില്‍ നഗരസഭ എറണാകുളം: കളമശ്ശേരിയിൽ അഞ്ഞൂറ് കിലോയോളം പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് നഗരസഭ. തുടർ നടപടികൾ ചർച്ച ചെയ്യാൻ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ്ങ് അടിയന്തര യോഗം ചേർന്നു. നഗരസഭ പരിധിയിലെ ഭക്ഷണശാലകളിലെ പരിശോധനകൾ കർശനമാക്കുമെന്ന് ചെയർമാൻ എ.കെ. നിഷാദ് പറഞ്ഞു.
പഴകിയ ചിക്കൻ കണ്ടെത്തിയ സംഭവത്തെക്കുറിച്ച് പൊലീസിൽ അറിയിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് രേഖമൂലം ഇന്ന് പരാതി നൽകും. നാട്ടുകാർ വിവരമറിയിച്ച് 24 മണിക്കൂറിനകം അനധികൃതമായി ഇറച്ചി വിതരണം ചെയ്‌തിരുന്ന കേന്ദ്രം അടച്ച് പൂട്ടുകയും, ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചിയുടെ സാംപിൾ ഭക്ഷ്യ സുരക്ഷ വിഭാഗത്തിന് കൈമാറുകയും ചെയ്‌തിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ചിക്കൻ വിതരണം ചെയ്‌ത ഷോപ്പുകൾ ഉടൻ കണ്ടെത്തും.
ഈ സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ പുറത്തുവിടും. വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൗൺസിൽ ചേരാൻ ചെയർ പേഴ്‌സനോട് ആവശ്യപ്പെട്ടതായി ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ വ്യക്തമാക്കി. അതേസമയം, കളമശ്ശേരി നഗരസഭ പൊലീസിൽ പരാതി നൽകിയില്ലെന്നും നഗരസഭയ്ക്ക് ഈ വിഷയത്തിൽ വലിയ വീഴ്‌ച സംഭവിച്ചുവെന്നും ആരോപിച്ച് നഗരസഭ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
വ്യാഴാഴ്‌ച (12.01.23) നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലായിരുന്നു ഭക്ഷ്യ യോഗ്യമല്ലാത്ത ഇറച്ചി കണ്ടെത്തിയത്. കളമശ്ശേരി കൈപ്പടമുകളിലെ വീട്ടിൽ ഫ്രീസറുകളിൽ സൂക്ഷിച്ച മാംസത്തിന് മാസങ്ങളുടെ പഴക്കമുണ്ടായിരുന്നു. നാളുകളായി വൃത്തിഹീനമായ സാഹചര്യത്തിൽ ഈ വീട്ടിൽ ഇറച്ചി സൂക്ഷിച്ച് വില്പന നടത്തുന്നതായി നാട്ടുകാർ തന്നെയായിരുന്നു നഗരസഭ അധികൃതരെ അറിയിച്ചിരുന്നത്.
ഇറച്ചി സൂക്ഷിച്ച് വിപണനം ചെയ്യുന്നതിനായി വാടകയ്ക്ക് എടുത്തതായിരുന്നു കൈപ്പടമുകളിലെ വീട്. കൊച്ചിയിലെ ഹോട്ടലുകളിൽ ഷവർമ ഉൾപ്പടെയുള്ള ചിക്കൻ വിഭവങ്ങൾ ഉണ്ടാക്കാൻ എത്തിച്ചതാണ് പിടികൂടിയ ഇറച്ചിയെന്നാണ് കരുതുന്നത്. ഗുണനിലവാരമില്ലാത്ത ഇറച്ചി കുറഞ്ഞ വിലയിൽ തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച് ഹോട്ടലുകളിൽ വിതരണം ചെയ്‌ത് ലാഭം നേടുകയായിരുന്നു നടത്തിപ്പുകാർ.
നല്ല ഇറച്ചിയോടൊപ്പം ചേർത്ത് ഷവർമ ഉൾപ്പെടെയുടെയുള്ള ഇനങ്ങൾക്ക് ആവശ്യമായ രീതിയിലായിരുന്നു ഇറച്ചി ഇവിടെ നിന്നും വില്‍പന നടത്തിയിരുന്നത്. ഇവ പാകം ചെയ്യുന്നതിനുള്ള നൂറ്റിയമ്പത് ലിറ്ററിലധികം പഴകിയ എണ്ണയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതിന് മുമ്പ് തന്നെ നടത്തിപ്പുകാരനായ മണ്ണാർക്കാട് സ്വദേശിയായ ജുനൈസ് എന്നയാൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു.
ഇതര സംസ്ഥാനക്കാരായിരുന്നു ഇവിടെ ജോലി ചെയ്‌തിരുന്നത്. ഇറച്ചി വിപണനം നടത്തുന്നതിന് ആവശ്യമായ അനുമതിയുണ്ടായിരുന്നില്ല. പിടിച്ചെടുത്ത ഇറച്ചി ബ്രഹ്മപുരത്തെ മാലിന്യ സംസ്ക്കരണ പ്ലാന്‍റില്‍ എത്തിച്ച് നശിപ്പിക്കുകയും ചെയ്‌തു. ഇതേതുടർന്ന്, കളമശ്ശേരിയിലെ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം വ്യാപകമായി പരിശോധന നടത്തുകയും രണ്ട് ഹോട്ടലുകൾ അടച്ചു പൂട്ടുകയും ചെയ്‌തു.