എറണാകുളം : പശു മോഷണക്കേസിൽ കളമശ്ശേരി മെഡിക്കൽ കോളജ് ജീവനക്കാരൻ അറസ്റ്റിൽ. മെഡിക്കൽ കോളജ് വളപ്പിൽ മേയുകയായിരുന്ന പശുവിനെ മറ്റൊരാൾക്ക് വിറ്റുവെന്ന പരാതിയിലാണ് നടപടി. പ്രിൻസിപ്പലിന്‍റെ ഡ്രൈവർ ബിജുവിനെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്‌തത്.
കളമശ്ശേരി സ്വദേശി ജമാലിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അതേസമയം പ്രതി കൂടുതൽ കന്നുകാലികളെ ഇത്തരത്തിൽ വിറ്റഴിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മേഖലയിൽ കന്നുകാലികളെ നഷ്‌ടപ്പെടുന്നതായി ഏറെ പരാതികൾ മുൻപ് പൊലീസിന് ലഭിച്ചിരുന്നു.
മെഡിക്കൽ കോളജ് ക്യാമ്പസിനുള്ളിൽ മേയാനെത്തുന്ന പശുക്കളെ കാണാതാകുന്നുവെന്നായിരുന്നു പരാതി. മേയാനെത്തുന്ന പശുക്കളെ പ്രതി വെള്ളവും പുല്ലും നൽകി മെരുക്കിയെടുത്ത് ഉടമകളറിയാതെ വിൽപന നടത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ പെട്ടെന്ന് വിൽപന നടത്തണമെന്നും, പണം കുറച്ച് കുറഞ്ഞാൽ പ്രശ്‌നമില്ലെന്നും പശുവിനെ വാങ്ങാനെത്തുന്നവരോട് പ്രതി പറഞ്ഞിരുന്നതായാണ് സൂചന.
പ്രതിയെ വിശദമായി ചോദ്യം ചെയ്‌താലേ കൂടുതൽ പശുക്കളെ വിൽപന നടത്തിയോ എന്നതിൽ വ്യക്തത വരികയുള്ളൂ. മെഡിക്കൽ കോളജിലെ മറ്റാർക്കെങ്കിലും ഈ സംഭവത്തിൽ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കും. നിലവിൽ അറസ്റ്റിലായ ഡ്രൈവറെ ജോലിയിൽ നിന്ന് മെഡിക്കൽ കോളജ് അധികൃതർ സസ്‌പെൻഡ് ചെയ്‌തു.
കന്നുകാലി മോഷണം ആരോപിച്ച് കൊലപാതകം : കഴിഞ്ഞ ദിവസമാണ് അസമിലെ ഹോജായ് ജില്ലയിൽ കന്നുകാലി മോഷണം ആരോപിച്ച് 40-കാരനെ തല്ലിക്കൊന്നത്. ശനിയാഴ്‌ച (ഓഗസ്റ്റ് 12) അർധരാത്രി ഹോജായിലെ ലങ്ക ബമുൻഗാവ് പ്രദേശത്താണ് സംഭവം നടന്നത്. ഹിഫ്‌സുർ റഹ്മാൻ എന്നയാളാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ആറുപേരെ പൊലീസ് പിടികൂടിയിരുന്നു. സഞ്ജയ് ദാസ്, നിഖിൽ ദാസ്, തുളേന്ദ്ര ദാസ്, ഉത്തം ചക്രവർത്തി, ജയന്ത ചക്രവർത്തി, സന്ധു മജുംദാർ എന്നിവരാണ് അറസ്റ്റിലായത്.
ശനിയാഴ്‌ച (12 ഓഗസ്റ്റ്) രാത്രിയോടെയാണ് ഹിഫ്‌സുർ റഹ്‌മാനെ കന്നുകാലി മോഷണം ആരോപിച്ച് ഒരുകൂട്ടം നാട്ടുകാർ ചേർന്ന് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഞായറാഴ്‌ച പുലർച്ചെ 2.40നാണ് ലങ്ക പൊലീസിന് വിവരം ലഭിക്കുന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് ഹിഫ്‌സുർ റഹ്‌മാനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
പൊലീസ് പറയുന്നത് ഇങ്ങനെ:ബമുൻഗാവ് സ്വദേശിയായ ഹിഫ്‌സുർ റഹ്‌മാൻ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് രണ്ട് എരുമകളെ മോഷ്‌ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഉടൻ തന്നെ നാട്ടുകാർ ഒത്തുകൂടുകയും ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കുകയുമായിരുന്നു. പിന്നാലെ അടുത്തിടെ പ്രദേശത്ത് നടന്ന ഒന്നിലധികം കന്നുകാലി മോഷണങ്ങളിൽ റഹ്‌മാന് പങ്കുണ്ടെന്ന് ചിലർ ആരോപിച്ചു.
തുടർന്ന് നാട്ടുകാർ ചേർന്ന് റഹ്‌മാനെ ക്രൂരമായി മർദിച്ചു. അതേസമയം, സംഭവത്തിൽ ഹിഫ്‌സുർ റഹ്മാന്‍റെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ഹോജായ് ജില്ല പൊലീസ് സൂപ്രണ്ട് (എസ്‌പി) സൗരഭ് ഗുപ്‌ത അറിയിച്ചു.
പിടിയിലായ പ്രതികള്‍ക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 302 (കൊലപാതകം), മറ്റ് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കൂടുതൽ പ്രതികൾ കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അവരെ ഉടൻ തന്നെ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചത്.