കേരളം

kerala

ETV Bharat / state

Kalamassery Blast: കളമശ്ശേരിയില്‍ 'സസ്പെക്‌റ്റഡ് ലേഡി', ഡൊമിനിക് മാർട്ടിന്‍റെ ബോംബ് പഠനം ഇന്‍റർനെറ്റില്‍, കുറ്റസമ്മതം ഫേസ്‌ബുക്ക് ലൈവില്‍, എല്ലാത്തിനും തെളിവായി മൊബൈല്‍': കേരളത്തെ ഞെട്ടിച്ച പകല്‍

Kalamassery Blast : കേരളക്കരയാകെ ആശങ്കയിലാഴ്‌ത്തി കളമശ്ശേരി സാമ്ര ഇന്‍റർനാഷണല്‍ കൺവെൻഷൻ സെന്‍ററില്‍ സ്ഫോടനം നടത്തിയ പ്രതി പൊലീസിന് കീഴടങ്ങി. ഒറ്റ ദിവസത്തില്‍ സംഭവിച്ചത്‌ സിനിമയെ വെല്ലുന്ന കഥകള്‍.

kalamasseri blast updates  Kalamasseri Blast  സാമ്ര ഇന്‍റർനാഷണല്‍ കൺവെൻഷൻ സെന്‍ററില്‍ സ്ഫോടനം  കളമശ്ശേരി സ്ഫോടനം  ഡൊമിനിക് മാർട്ടിന്‍  Dominic Martin  Ernakulam bomb blast  Zamra International Convention Centre blast  Convention hall explosion Kochi  kalamassery
Kalamasseri Blast Updates

By ETV Bharat Kerala Team

Published : Oct 29, 2023, 8:03 PM IST

എറണാകുളം: ഇന്ന് രാവിലെ ഒൻപതരയ്ക്ക് ശേഷം എറണാകുളം കളമശ്ശേരിയില്‍ നിന്ന് വന്ന വാർത്ത കേട്ട കേരളം ഞെട്ടിത്തരിച്ചു. കളമശ്ശേരി സാമ്ര ഇന്‍റർനാഷണല്‍ കൺവെൻഷൻ സെന്‍ററില്‍ സ്ഫോടനം. ഈ സമയം കൺവെൻഷൻ സെന്‍ററിലുണ്ടായിരുന്നത് രണ്ടായിരത്തോളം പേർ. മൂന്ന് ദിവസമായി നടന്നുവന്ന യഹോവ സാക്ഷികളുടെ കൺവെൻഷന്‍റെ അവസാന ദിവസമായിരുന്നു സ്ഫോടനം (Kalamasseri Blast Updates). അതോടെ രാജ്യം മുഴുവൻ ജാഗ്രതയിലായി. സ്ഫോടനത്തില്‍ ഒരാൾ മരിക്കുകയും 36 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ആറ് പേരുടെ നില അതീവ ഗുരുതരവുമായി.

കേന്ദ്രമന്ത്രി അമിത് ഷാ വിഷയത്തില്‍ നേരിട്ട് ഇടപെട്ടു. ദേശീയ അന്വേഷണ ഏജൻസി അന്വേഷണത്തിന് തയ്യാറായി. ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ വിഷയം അതീവ ഗുരുതരമാണെന്നും പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അതിനു ശേഷം കാര്യങ്ങൾ പറയാമെന്നും വ്യക്തമാക്കി. ഡിജിപി, എഡിജിപി എന്നിവർ ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് തിരിച്ചു. ബോംബ് സ്ഫോടനമാണെന്ന് സ്ഥിരീകരിച്ച ഡിജിപി സംസ്ഥാനത്ത് വ്യാപക പരിശോധനയ്ക്കും ജാഗ്രത നിർദേശത്തിനും ഉത്തരവിട്ടു.

കളമശ്ശേരി സ്ഫോടനം ഭീകരാക്രമണമെന്ന സംശയത്തിലേക്കാണ് ആദ്യ രണ്ട് മണിക്കൂറില്‍ വിരല്‍ ചൂണ്ടിയത്. അതിർത്തികൾ അടച്ചുള്ള പരിശോധനയും റെയില്‍വേ-ബസ് സ്റ്റാൻഡുകൾ കേന്ദ്രമാക്കി തെരച്ചിലുമായി പൊലീസ് കേരളം അരിച്ചുപെറുക്കി. അതിനിടെ കണ്ണൂരില്‍ ഗുജറാത്ത് സ്വദേശി പിടിയിലായെന്നും വാർത്തകൾ പ്രചരിച്ചു. എന്നാല്‍ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാല്‍ നടപടിയെന്ന പൊലീസിന്‍റെ മുന്നറിയിപ്പ് വന്നതോടെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാപക പ്രചാരത്തിന് കുറച്ചൊരു ശമനമുണ്ടായി. എങ്കിലും അപ്പൊഴേക്കും മാധ്യമസ്ഥാപനങ്ങളുടെ പേരില്‍ വ്യാജ വാർത്തകൾ വ്യാപകമായിരുന്നു.

സമയം ഒന്നര, സ്ഥലം കൊടകര പൊലീസ് സ്റ്റേഷൻ: രാവിലെ 9.40ന് തുടങ്ങിയ ഭീതിക്ക് ശമനമുണ്ടാകുന്നത് ഉച്ചയ്ക്ക് ശേഷമാണ്. ഒരാൾ തൃശൂർ ജില്ലയിലെ കൊടകര പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയെന്ന വാർത്ത വരുന്നത്. ആദ്യം അത് വലിയ കാര്യഗൗരവത്തിലേക്ക് പോയില്ലെങ്കിലും പൊലീസ് അതിനെ ഗൗരവമായി എടുത്തിരുന്നു. കീഴടങ്ങിയത് ഡൊമിനിക് മാർട്ടിൻ എന്നയാളാണ് എന്ന വിവരത്തിനൊപ്പം ഡൊമിനിക്കിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് കൂടി പൊലീസ് പുറത്തുവിട്ടു. അതില്‍ താൻ തന്നെയാണ് സ്ഫോടനം നടത്തിയതെന്ന് ഡൊമിനിക് മാർട്ടിൻ സമ്മതിക്കുന്നു.

" ഞാൻ മാർട്ടിൻ എന്ന് തുടങ്ങുന്ന ഫേസ് ബുക്ക് വീഡിയോ ഇങ്ങനെ തുടരുന്നു.... ഇപ്പോൾ നടന്ന സംഭവവികാസം നിങ്ങളെല്ലാവരും അറിഞ്ഞു കാണും. യഹോവയുടെ സാക്ഷികൾ നടത്തിയ ഒരു കൺവൻഷനിൽ ഒരു ബോംബ് സ്ഫോടനമുണ്ടാവുകയും ​ഗുരുതരമായ പ്രത്യാഘാതമുണ്ടാവുകയും ചെയ്‌തിട്ടുണ്ട്. എന്തു സംഭവിച്ചു എന്നെനിക്ക് കൃത്യമായി അറിയില്ല… എന്നാൽ സംഭവിച്ചു എന്നുറപ്പുണ്ട്. അതിന്‍റെ ഉത്തരവാദിത്തം ഞാൻ പൂ‍ർണമായി ഏറ്റെടുക്കുന്നു. ഞാനാണ് ആ ബോംബ് സ്ഫോടനം അവിടെ നടത്തിയത്. എന്തിനാണ് ഈ ബോംബ് സ്ഫോടനം നടത്തിയത് എന്ന് നിങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ഇപ്പോൾ ചെയ്യുന്നത്...

വീഡിയോ വന്ന് മിനിട്ടുകൾക്കകം അത് ഫേസ്‌ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. മാർട്ടിന്‍റെ ഫേസ് ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്യപ്പെട്ടു. അപ്പൊഴേക്കും പൊലീസ് സംഘം ഡൊമിനിക് മാർട്ടിനെ സംഭവം നടന്ന കളമശ്ശേരിയിലെത്തിച്ചിരുന്നു. അതേസമയം തന്നെ മാർട്ടിന്‍റെ എറണാകുളത്തെ തമ്മനത്തെ വീട്ടിലും പരിശോധന നടന്നു. ബോംബ് ഉണ്ടാക്കാനുള്ള ടൂൾ കിറ്റ് അടക്കം കണ്ടെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. യുഎപിഎ ചുമത്തി എഫ്ഐഐറും ഇട്ടു. കരുതിക്കൂട്ടിയുള്ള കൊലപാതകം, വധശ്രമം എന്നിവയെല്ലാം പ്രതിക്കെതിരെ ചേർത്ത വകുപ്പുകളാണ്.

ആരാണ് മാർട്ടിൻ ലക്ഷ്യം യഹോവ സാക്ഷികളെ തിരുത്തലോ:കൊച്ചി കടവന്ത്ര ഇളം കുളം സ്വദേശിയായ 48 കാരനാണ് ഡൊമിനിക് മാര്‍ട്ടിന്‍. തമ്മനത്ത് വാടക വീട്ടില്‍ കുടുംബവുമൊത്താണ് ഇപ്പോള്‍ താമസം. ഏറെക്കാലം യഹോവ സാക്ഷികളോടൊപ്പം പ്രവൃത്തിച്ച മാര്‍ട്ടിന്‍ അക്കാലത്ത് ബൈബിള്‍ പഠനത്തില്‍ സജീവമായിരുന്നു. സ്പോക്കണ്‍ ഇംഗ്ലീഷ് ട്രെയിനറായി പ്രവൃത്തിച്ചിരുന്നു. ഏറെക്കാലം ഗള്‍ഫില്‍ ജോലി നോക്കിയ ഡൊമിനിക് മാര്‍ട്ടിന്‍ ഒരു മാസം മുമ്പാണ് നാട്ടില്‍ തിരികെയെത്തിയത്. യഹോവ സഖ്യവുമായി മാർട്ടിന് ദീർഘ നാളായി അഭിപ്രായ ഭിന്നത നിലനിൽക്കുന്നുണ്ട്. ഇതാണ് സ്‌ഫോടനത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ആറു മാസം മുമ്പ് തന്നെ സ്ഫോടനത്തിനുള്ള ഒരുക്കങ്ങള്‍ ഇയാള്‍ തുടങ്ങിയിരുന്നതായി പൊലീസ് കണ്ടെത്തി.

എല്ലാം ശാസ്ത്രീയം: ഇന്‍റര്‍നെറ്റ് വഴിയാണ് മാര്‍ട്ടിന്‍ ബോംബുണ്ടാക്കാൻ പഠിച്ചത്. ആറ് മാസമായി ഇയാൾ ഇന്‍റർനെറ്റിൽ പരിശോധന നടത്തിവരികയായിരുന്നു. ഓണ്‍ലൈനായും അല്ലാതെയുമാണ് സ്ഫോടന സാമഗ്രികളും ടൂൾ കിറ്റും സംഘടിപ്പിച്ചത്. റിമോട്ട് ഉപയോഗിച്ച് അകലെ നിന്ന് ട്രിഗർ ചെയ്‌താണ് സ്ഫോടനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഡൊമിനിക് മാര്‍ട്ടിന്‍റെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചിട്ടുണ്ട്. രാവിലെ ആറു മണിക്കാണ് സ്‌കൂട്ടറില്‍ ഇയാള്‍ വാടക വീട്ടില്‍ നിന്ന് ഇറങ്ങിയത്. 9.40 നാണ് മാര്‍ട്ടിന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിനടുത്തുള്ള കൺവെൻഷൻ സെന്‍ററില്‍ എത്തി. സ്ഫോടക വസ്‌തുക്കള്‍ രണ്ട് ഐഇഡി ബോക്‌സിലാക്കി വച്ച ശേഷം അവിടെ നിന്നും അൽപ്പം മാറി നിന്ന് റിമോട്ട് ഉപയോഗിച്ച് ട്രിഗർ ചെയ്യുകയായിരുന്നു. സ്‌ഫോടനം ഉണ്ടായതോടെ അവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് ആദ്യം വീട്ടിലെത്തി അവിടെ നിന്നും ഫേസ് ബുക്ക് വീഡിയോ പോസ്റ്റ് ചെയ്‌ത ശേഷം ബൈക്കില്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.

കൊല്ലപ്പെട്ട സ്ത്രീ ആര്:കളമശ്ശേരിയെ മാത്രമല്ല കേരളത്തെയാകെ നടുക്കിയ സ്ഫോടനത്തിലെ പ്രതി പൊലീസിന് കീഴടങ്ങി. തെളിവുകൾ പ്രതി തന്നെ പൊലീസിന് കൊടുത്തിട്ടുണ്ട്. അതോടെ നാട് നടുങ്ങിയ പകലിന് അവസാനം. പക്ഷേ പൊലീസിന് ഇനിയും അന്വേഷിക്കാൻ ഏറെ ബാക്കിവച്ചാണ് സ്ഫോടനത്തില്‍ സ്ത്രീ കൊല്ലപ്പെട്ടിരിക്കുന്നത്. 'സ്ഫോടനത്തില്‍ ഒരു സസ്പെക്‌റ്റഡ് ലേഡി മരണപ്പെട്ടുവെന്നാണ്' എഡിജിപി എംആർ അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. അതേകുറിച്ച് പൊലീസ് തലപുകയ്‌ക്കേണ്ടി വരുമോ എന്ന് കണ്ടറിയണം.

ALSO READ:'അപകടം നടന്നാല്‍ രക്ഷപെടാനുള്ള മാർഗങ്ങളെ കുറിച്ച് അറിയാമായിരുന്നു...' ദൃക്‌സാക്ഷി ഇടിവി ഭാരതിനോട്

ABOUT THE AUTHOR

...view details