എറണാകുളം: കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ വീണ്ടും അപകടങ്ങൾ പെരുകുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഈ റോഡിലുണ്ടായത് . നാലുവരിയാക്കാനുള്ള സ്ഥലം ഉണ്ടായിട്ടും റോഡ് വീതി കൂട്ടാത്തതാണ് അപകടങ്ങൾ കൂടാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അപകടങ്ങൾ ക്ഷണിച്ചുവരുത്തി കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡ് - എറണാകുളം ജില്ലാ വാര്‍ത്തകള്‍
നാലുവരിയാക്കാനുള്ള സ്ഥലം ഉണ്ടായിട്ടും റോഡ് വീതി കൂട്ടാത്തതാണ് അപകടങ്ങൾ കൂടാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

രാത്രികാലങ്ങളിൽ റോഡിൽ കൃത്യമായ വെളിച്ചമില്ലാത്തതും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് സീപോർട്ട് എയർപോർട്ട് റോഡ് വഴി കടന്നു പോകുന്നത്. വടക്കേ ഇരുമ്പനം- കരിങ്ങാച്ചിറ റോഡ് നാലുവരി ആക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളോളം പഴക്കമുണ്ട്. എന്നാൽ റോഡിന് വീതി കൂട്ടുന്നതിന് ആവശ്യത്തിനുളള സ്ഥലമുണ്ടായിട്ടും അധികൃതർ പുറം തിരിഞ്ഞു നിൽക്കുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത് . അതേസമയം ഇരുമ്പനം റെയിൽവേ മേൽപ്പാലം മുതൽ ചിത്രപ്പുഴ പാലം വരെ റോഡിന് ഇരുവശങ്ങളിലും ടാങ്കർലോറികൾ പാർക്ക് ചെയ്യുന്നത് ചെറുതും വലുതുമായ മറ്റു വാഹനങ്ങൾക്ക് ഭീഷണിയാണ്. പാർക്കിംഗ് അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി നിരവധി സമരങ്ങൾ നടത്തിയിട്ടും പ്രയോജനമുണ്ടായിട്ടില്ലെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
കമ്പനികളിൽനിന്ന് ലോഡ് നിറച്ച വാഹനങ്ങൾ യാതൊരു നിയന്ത്രണവും കൂടാതെ റോഡിലേക്ക് പ്രവേശിക്കുന്നതും അപകടങ്ങൾ പെരുകാനിടയാക്കുന്നു. അതിനാല്‍ തന്നെ സീപോർട്ട് എയർപോർട്ട് റോഡിൽ അധികൃതരുടെ ശ്രദ്ധ പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.