1986ൽഫാസിൽ സംവിധാനം ചെയ്‌ത 'എന്നെന്നും കണ്ണേട്ടന്‍റെ' എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്‍റെ പ്രിയ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ചലച്ചിത്ര ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കവിതകൾ ഇഷ്‌ടപ്പെടുകയും സംഗീതം അഭ്യസിക്കുകയും ചെയ്‌തത് ഒരു ഗാനരചിതാവ് ആകുവാനുള്ള യാത്രയ്‌ക്ക് കൂടുതൽ സഹായകമായി. 1980കളുടെ പകുതി മുതൽ വിനീത് ശ്രീനിവാസൻ ചിത്രം ഹൃദയം വരെ കൈതപ്രം മലയാളത്തിന് സമ്മാനിച്ചത് എത്രയോ മികച്ച ഗാനങ്ങൾ (Lyricist and poet Kaithapram Damodaran Namboothiri).
കരിയറിൽ എഴുത്തിന്‍റെ ഗ്രാഫ് ഒരിക്കലും താഴെ പോകാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കുന്ന ഒരാളാണ് താനെന്ന് കൈതപ്രം പറയുന്നു. കാലം മാറുന്നത് അനുസരിച്ച് മനുഷ്യരുടെ അഭിരുചിയും ട്രെൻഡും കൃത്യമായി മനസിലാക്കിയാൽ മാത്രമേ ഒരു കലാകാരന് നിലനിൽപ്പ് ഉണ്ടാവുകയുള്ളൂ. കാലത്തിനനുസരിച്ച് ഗാനങ്ങൾ മാറുമ്പോഴും കൈതപ്രം എന്ന കലാകാരൻ തന്‍റെ വ്യക്തിമുദ്ര ഗാനങ്ങൾക്കുള്ളിൽ എപ്പോഴും ഒളിപ്പിച്ചു വെക്കാൻ ശ്രമിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് കമൽ സംവിധാനം ചെയ്‌ത 'സ്വപ്‌നക്കൂട്' എന്ന ചിത്രത്തിലെ ഗാനം.
'സ്വപ്‌നക്കൂടി'ലെ വളരെ ശ്രദ്ധേയമായ ഒരു ഗാനമായിരുന്നു 'കറുപ്പിനഴക്..'. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ മീരാ ജാസ്‌മിന്‍റെയും ഭാവനയുടെയും പ്രകടനത്തിലൂടെ ശ്രദ്ധേയമായ ഗാനരംഗങ്ങൾ കണ്ട് പ്രേക്ഷകർ ഒരുപക്ഷേ വിശ്വസിച്ചിരുന്നത് ആ ഗാനം സ്‌ത്രീകളെ വർണിക്കുന്ന ഒന്നാണെന്നാണ്. എന്നാൽ കൈതപ്രത്തിന് പറയാനുള്ളത് മറ്റൊരു കഥയാണ്.
'ഈ ഗാനത്തിന്‍റെ രചന നടക്കുന്ന സമയത്ത് ഭാരതപ്പുഴക്ക് സമീപമുള്ള ഒരു ഗവൺമെന്‍റ് ഗസ്റ്റ് ഹൗസിലാണ് ഞാൻ താമസിച്ചിരുന്നത്. പ്രഭാതത്തിൽ പുഴയുടെ തീരത്ത് എത്തിയപ്പോൾ കാണുന്ന കാഴ്‌ച ആകാശത്തെ കറുത്ത മേഘങ്ങളെയും മഞ്ഞുമൂടിയ അന്തരീക്ഷവുമായിരുന്നു. അങ്ങനെയാണ് 'കറുപ്പിനഴക്...' എന്ന വരികൾ ജന്മമെടുക്കുന്നത്. സത്യത്തിൽ അത് പ്രകൃതിയെ വർണിക്കുന്ന തരത്തിലാണ് ഞാൻ എഴുതിയത്'- കൈതപ്രം വ്യക്തമാക്കി.
'വരികൾ ജനങ്ങൾക്ക് ഇഷ്‌ടമാവുകയും വേണം. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഭാവന സമ്പന്നവും നിർബന്ധം തന്നെ. ജീവിതത്തിൽ വളരെയധികം ദൃഢനിശ്ചയമുള്ള ഒരാളാണ് താൻ. അതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങിയത്.
താര സമ്പന്നമല്ലാത്തതുകൊണ്ട് തന്‍റെ ചിത്രത്തെ ചിലർ അവഗണിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ താൻ ഒരിക്കലും തോൽവി സമ്മതിച്ചിട്ടില്ല. കാലത്തിനതീതമായ ആശയമാണ് ചിത്രത്തിന്‍റേത്. തിരിച്ചുവരുക തന്നെ ചെയ്യും, പ്രേക്ഷകർ തന്‍റെ സിനിമ ഏറ്റെടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.