കൊച്ചി:മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് ഇടക്കാല മുൻകൂർ ജാമ്യം. ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം എന്നി നിബന്ധനകളോടെയാണ് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്ന പക്ഷം 50000 രൂപ ബോണ്ടിന്മേൽ അടക്കം ജാമ്യത്തിൽ വിടാനും രണ്ടാഴ്ച്ചത്തെക്ക് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.
ഈമാസം 23 ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുമെന്ന് കെ സുധാകരൻ കോടതിയെ അറിയിച്ചു. ഡിജിപി അനിൽ കാന്ത്, മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ, മനോജ് എബ്രഹാം എന്നിവർ മോൺസനൊപ്പമുള്ള ഫോട്ടോകൾ സുധാകരൻ കോടതിക്ക് കൈമാറി. ഇവർ മോൺസന്റെ വീട്ടിൽ സ്ഥിരം സന്ദർശകരെന്നും സുധാകരൻ കോടതിയിൽ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും കെ സുധാകരൻ കോടതിയെ അറിയിച്ചു.
അതേസമയം, ആരോപണങ്ങളിന്മേൽ എന്താണ് ഹർജിക്കാരനുള്ള പങ്കെന്ന് കോടതി ചോദിച്ചു. പരാതിയിൽ സുധാകരനെതിരായ പരാമർശങ്ങൾ ഉണ്ടെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. അന്വേഷണം ശരിയായ രീതിയിലെന്നും കെ സുധാകരനെ കസ്റ്റഡിയിലടക്കം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതി ചേർക്കപ്പെട്ടത് രാഷ്ട്രീയ പ്രേരിതമെന്ന സുധാകരന്‍റെ ആരോപണം തെറ്റെന്നും സുധാകരനെതിരെ ഡിജിറ്റൽ തെളിവുകളുമുണ്ടെന്നും സർക്കാർ കോടതിയില്‍ വ്യക്തമാക്കി.
മോൺസണിന്‍റെ കൂട്ടാളികളായ 3 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മോൻസൺ കെ സുധാകരന് പത്ത് ലക്ഷം നൽകി എന്നത് വ്യക്തമാക്കുന്ന മൊഴികൾ ഉണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം മോൻസണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്സോ കേസിൽ കെ സുധാകരന് ബന്ധമുണ്ടെന്ന് തങ്ങൾക്ക് അഭിപ്രായമില്ലെന്ന് തട്ടിപ്പ് കേസിലെ പരാതിക്കാരനായ ഷമീർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ സുധാകരൻ പ്രതിയായ മോൻസണ്‍ മാവുങ്കലിനെതിരായ കേസിൽ കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ മൊഴി നൽകാനെത്തിയ വേളയിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
പോക്സോ കേസിൽ കെ സുധാകരനെ ബന്ധപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി പരാമർശം നടത്തിയിരുന്നു. അത്തരമൊരു വാദഗതി ഞങ്ങൾക്കില്ല. അത്തരമൊരു സംഭവത്തെ കുറിച്ച് അറിവോ ആക്ഷേപമോ തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കെ സുധാകരനെതിരെ ആരെങ്കിലും മൊഴി നൽകിയതായി അറിയില്ല. പോക്സോ കേസുമായി തങ്ങളുടെ കേസിന് ബന്ധമില്ലെന്നും വ്യക്തിപരമായ ആരോപണങ്ങളുന്നയിച്ച് കേസിനെ ദുർബലപ്പെടുത്തരുതെന്നും ഷമീർ പറഞ്ഞു.
മോന്‍സന്‍റെ വീട്ടില്‍ സുധാകരന്‍ വന്നത് എട്ട് തവണ : കെ സുധാകരന്‍റെ വിശ്വസ്‌തന്‍ എബിൻ, മോന്‍സണില്‍ നിന്ന് മാസപ്പടി വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. കെ സുധാകരൻ അനൂപിന്‍റെ കൈയ്യില്‍ നിന്ന് പണം വാങ്ങുമ്പോഴും എബിൻ അവിടെയുണ്ടായിരുന്നു.
മോൻസന്‍റെ വീട്ടിൽ എട്ട് തവണ സുധാകരൻ വന്നപ്പോഴും എബിൻ ഉണ്ടായിരുന്നു. മോൻസന്‍റെ ജീവനക്കാരുടെ അക്കൗണ്ടിൽ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. ഇപ്പോൾ രഹസ്യമൊഴി നൽകിയ കേസിലെ മൂന്ന് സാക്ഷികളെ സ്വാധീനിക്കാൻ എബിൻ ശ്രമിച്ചതിന്‍റെ തെളിവുകളുണ്ടെന്നും ഇത് സുധാകരന് വേണ്ടിയാണെന്നും പരാതിക്കാരനായ ഷമീർ ആരോപിച്ചു.
എബിനെതിരായ തെളിവുകൾ ക്രൈംബ്രാഞ്ചിന് കൈമാറും. മോൻസന്‍റെ വീട്ടിൽ എത്തിയ വേളയിൽ പരാതിക്കാരായ ഞങ്ങൾ മാറിയിരിക്കുകയായിരുന്നു എന്നാണ് കെ സുധാകരൻ പറഞ്ഞത്. എന്നാൽ അത് ഖണ്ഡിക്കുന്ന തെളിവുകൾ ഉണ്ട്.
രോഗം ഭേദമായ ആരും തന്നെയില്ല :കെ സുധാകരൻ പത്ത് ലക്ഷം വാങ്ങിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതാണ്. ഇതുമായി ബന്ധപ്പെട്ട് മോൺസന്‍റെ മൂന്ന് ജീവനക്കാരാണ് മൊഴി നൽകിയത്. സുധാകരനും മോൺസനും തമ്മിൽ ഡോക്‌ടർ - രോഗീ ബന്ധമല്ല.
സുധാകരനല്ലാതെ രോഗം ഭേദമായ ഒരാളെയെങ്കിലും കാണിച്ച് തരാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. തന്നെ ഫ്രോഡ് എന്ന് ചാനൽ ചർച്ചയിൽ വിശേഷിപ്പിച്ച റിജിൽ മാക്കുറ്റിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷമീർ വ്യക്തമാക്കി.
മോന്‍സൺ പ്രതിയായ പുരാവസ്‌തു തട്ടിപ്പ് കേസിൽ പരാതിക്കാരായ ഷമീർ, യാക്കൂബ് എന്നിവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെ പ്രതിചേർത്ത സാഹചര്യത്തിലാണ് പരാതിക്കാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയത്. കെ സുധാകരൻ ഉൾപ്പടെയുള്ളവർക്കെതിരായ തെളിവുകൾ നേരത്തേ നൽകിയിരുന്നുവെങ്കിലും അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോയിരുന്നില്ല.
ഇതേ തുടർന്നായിരുന്നു സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കെ സുധാകരൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത സാഹചര്യത്തിലാണ് കൂടുതൽ തെളിവുകൾ ക്രൈംബ്രാഞ്ച് പരാതിക്കാരിൽ നിന്ന് ശേഖരിച്ചത്.
എം വി ഗോവിന്ദന്‍റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച് : അതേസമയം, മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ സുധാകരന് പങ്കുണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ആരോപണം ക്രൈംബ്രാഞ്ച് തള്ളി. കേസ് അന്വേഷണത്തിനിടെ ഒരിക്കല്‍ പോലും കെ സുധാകരന്‍റെ പേര് ഉയര്‍ന്ന് വന്നിട്ടില്ലെന്നും പീഡനത്തിന് ഇരയായ പെണ്‍കുട്ടി കെ സുധാകരനെതിരെ മൊഴി നല്‍കിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. മോന്‍സണ്‍ പീഡിപ്പിച്ചതില്‍ അന്വേഷണം പൂര്‍ത്തിയായതാണെന്നും ഇരയായ പെണ്‍കുട്ടിയുടെ പരാതിയല്ലാത്ത സാഹചര്യത്തില്‍ കെ സുധാകരനെതിരെ അന്വേഷണം ഉണ്ടാകില്ലെന്നും ക്രൈംബ്രാഞ്ച് സംഘം അറിയിച്ചു.