എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ (CM Pinarayai Vijayan) പരിഹാസവുമായി കെപിസിസി (KPCC) അധ്യക്ഷന്‍ കെ സുധാകരൻ (K Sudhakaran). മാസപ്പടി വിവാദത്തിൽ (Monthly Quota Controversy) പ്രതികരിക്കാതെ തനിക്കിതൊന്നും ബാധകമല്ലെന്ന രീതിയിലാണ് പിണറായി മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
'ഒരു അപൂർവ ജീവിയാണ് പിണാറായി വിജയൻ. അദ്ദേഹം ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് എനിക്ക് അറിയില്ല. എന്ത് മുഖ്യമന്ത്രിയാണ് ഈ മനുഷ്യനെന്നും മനസിലാകുന്നില്ല. ഇത്തരത്തിൽ മൗനം പാലിച്ച് ഒരു നേതാവ് എല്ലാം മൂടിവയ്ക്കാൻ ശ്രമിക്കുന്നത് ആദ്യത്തെ അനുഭവമാണ്. കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുള്ളത് കൊണ്ടാണല്ലോ പിണറായി അകത്ത് പോകാത്തത്'- സുധാകരന്‍ പരിഹസിച്ചു.
'ഒരു ഭാഗത്ത് ബിജെപി നേതാവിനെ കേരള പൊലീസ് സംരക്ഷിക്കുന്നു. മറുഭാഗത്ത് മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നു. ഇതെല്ലാം ആർക്കാണ് അറിയാത്തതെന്നും' സുധാകരൻ ചോദിച്ചു.
'കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സത്യസന്ധമായ കാര്യങ്ങൾ ഇ ഡി അന്വേഷണത്തിലൂടെ തെളിയട്ടെ. സിപിഎം ഇതുവരെ പറഞ്ഞതെല്ലാം ശരിയല്ലന്ന് ജനങ്ങൾ മനസിലാക്കും. വായ തുറന്നാൽ കളവ് പറഞ്ഞ് രക്ഷപ്പെടുകയെന്നതാണ് സിപിഎം നയം. പക്ഷെ ഇതിൽ കുടുങ്ങി പോയിരിക്കുകയാണ്. എ സി മൊയ്‌തീന്‍റെ കേസ് വ്യത്യസ്‌തമായ കേസാണ്. ഈ കേസിൽ അന്വേഷണ റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും മറുപടി സിപിഎം പറയട്ടെയെന്നും' -കെ സുധാകരൻ വ്യക്തമാക്കി.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ വലിയ അഴിമതി Karuvanur Bank Scam Case: 'ഒരിക്കലും പ്രതീക്ഷിക്കാത്ത വലിയ അഴിമതിയാണ് നടന്നത്. നിഷേധിക്കാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. അന്വേഷണവുമായി തന്നെ പോലെ സഹകരിക്കട്ടെ. മുപ്പതാം തീയതി തന്നെ ഇഡിക്ക് മുമ്പിൽ ഹാജറാകും' -കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.