എറണാകുളം:കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും ആവശ്യമെങ്കിൽ മാറി നിൽക്കുമെന്ന് കെ.സുധാകരൻ. നൂറ് ശതമാനം നിരപരാധിയാണന്ന് വിശ്വാസമുണ്ട്. തനിക്ക് ഭയമില്ലന്നും അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കോടതിയിൽ വിശ്വാസമുണ്ടെന്നും പാർട്ടിക്ക് ഹാനികരമാകുന്ന ഒന്നും തൻ്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും കെ.സുധാകരൻ വ്യക്തമാക്കി.
എന്നാല്‍ കെ.സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. അദ്ദേഹത്തെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മാറ്റിനിർത്തുന്നതിനെ കുറിച്ച് പാർട്ടിയിൽ ഒരു ചർച്ചയും നടന്നിട്ടില്ല. കോൺഗ്രസ് ഒറ്റക്കെട്ടായി കെ.സുധാകരന് പിന്തുണ നൽകുമെന്നും പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് മാറിനിൽക്കാർ അദ്ദേഹം തയ്യാറായാൽ പോലും തങ്ങൾ അനുവദിക്കില്ലെന്നും വി.ഡി സതീശന്‍ അറിയിച്ചു.
സുധാകരന് ഐക്യദാര്‍ഢ്യവുമായി:ജനാധിപത്യ കേരളം കെ.സുധാകരനൊപ്പമാണ്. കോടതിയുടെ സംരക്ഷണം ലഭിച്ചില്ലായിരുന്നെങ്കിൽ കെപിസിസി പ്രസിഡന്‍റ് ജയിലിൽ പോകേണ്ടിവരുമായിരുന്നു. കെ.സുധാകരനെ അറസ്‌റ്റ് ചെയ്‌തത് വൈര്യനിരാതന ബുദ്ധിയോടെയാണ്. അഴിമതിയുടെ ചെളിക്കുണ്ടിൽ വീണുകിടക്കുന്ന ഭരണപക്ഷം പ്രതിപക്ഷ നേതാക്കളുടെ മേൽ ചെളി തെറിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
Also read: കെ സുധാകരന്‍റെ അറസ്റ്റിൽ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്, നാളെ കരിദിനാചരണം ; സര്‍ക്കാരിനെ നയിക്കുന്നത് ഭയമെന്ന് വി ഡി സതീശന്‍
വിശ്വാസ്യത ചോദ്യം ചെയ്‌ത്:കെ.സുധാകരനെതിരെ മോൻസന്‍റെ ഡ്രൈവറുടെ മൊഴിയുണ്ടെന്ന് പറയുന്നു. ഇയാളെ നേരത്തെ ചോദ്യം ചെയ്‌തപ്പോൾ ഇത്തരത്തിൽ മൊഴി നൽകിയിരുന്നില്ല.പുതിയ അന്വേഷണ സംഘത്തെ നിയമിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌ത് മൊഴി ലഭിച്ചുവെന്നാണ് പറയുന്നത്. പരാതിക്കാർ വിശ്വാസ്യതയുള്ളവരല്ലെന്നും അവരും മോന്‍സണും തമ്മിലുള്ള ബന്ധത്തിൽ തന്നെ ദുരൂഹതയുണ്ടെന്നും വി.ഡി സതീശന്‍ ആരോപിച്ചു.
മോന്‍സണ് പത്തു കോടി നൽകിയവർ പത്തുലക്ഷം നൽകിയത് കെപിസിസി പ്രസിഡന്‍റിന്‍റെ പേര് പറഞ്ഞതുകൊണ്ടാണെന്ന് പറയുന്നതിൽ തന്നെ വൈരുധ്യമുണ്ട്. സ്വപ്‌ന മുഖ്യമന്ത്രിക്കെതിരെ നിരവധി മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ ഇതിന്‍റെ പേരിൽ എഫ്ഐആര്‍ ഇടാൻ തയ്യാറുണ്ടോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച്:ആരുടെയെങ്കിലും മൊഴിയുണ്ടെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാക്കളെ കേസിൽപെടുത്തി ഭയപ്പെടുത്താൻ നോക്കുകയാണ്. പോക്സോ കേസിലെ പരാതിക്കാരി കെപിസിസി പ്രസിഡന്‍റിന്‍റെ പേര് മൊഴി നൽകിയിട്ടുണ്ടെന്ന് എം.വി ഗോവിന്ദൻ പറയുകയുണ്ടായി. എന്നാൽ അത്തരമൊരു മൊഴിയില്ലന്ന് ക്രൈംബ്രാഞ്ച് തന്നെ വ്യക്തമാക്കി. ആഭ്യന്തര വകുപ്പിന് കീഴിലുള്ള
ക്രൈംബ്രാഞ്ചിനെയാണോ ദേശാഭിമാനിയാണോ സിപിഎം സെക്രട്ടറി ഗോവിന്ദൻ വിശ്വസിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും വി.ഡി സതീശന്‍ ചോദിച്ചു.
മോന്‍സന്‍റെ വീട്ടിൽ പോകുന്നത് തെറ്റാണെങ്കിൽ എന്താണ് അവിടെ പോയ പൊലീസുകാർക്കെതിരെ കേസെടുക്കാത്തത്. ദേശാഭിമാനി എങ്ങിനെയാണ് ശബരിമലയായി ബന്ധപ്പെട്ട ചെമ്പോല പ്രസിദ്ധീകരിച്ചത്. ചെമ്പോല മോന്‍സണ്‍ അച്ചു കൊടുക്കുകയായിരുന്നോയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഒരു സംശയവും വേണ്ട സുധാകരനെ ചങ്ക് കൊടുത്തും സംരക്ഷിക്കുമെന്നും വി.ഡി സതീശൻ കൂട്ടിച്ചേര്‍ത്തു.
Also read: K Sudhakaran | 'ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്, തെറ്റും ശരിയും കോടതി വിലയിരുത്തട്ടെ' ; ജാമ്യത്തിന് പിന്നാലെ പ്രതികരിച്ച് കെ.സുധാകരന്‍