എറണാകുളം :മോൻസൻ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെ പ്രതി ചേർത്തു. കെ സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് എ സി ജെ എം കോടതിയിൽ റിപ്പോർട്ട് നൽകി. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ സുധാകരന് ക്രൈം ബ്രാഞ്ച് നോട്ടിസും നൽകി.
ബുധനാഴ്‌ച കളമശേരി ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് ക്രൈം ബ്രാഞ്ച് നിർദേശം നൽകിയത്. സി.ആർ.പി.സി 41(എ) പ്രകാരമാണ് കെ.സുധാകരന് നോട്ടിസ് നൽകിയത്. മോന്‍സൻ മാവുങ്കലുമായി കെ.സുധാകരന് അടുത്ത ബന്ധമുണ്ടെന്ന് മോൻസനെതിരായ പരാതിക്കാരായിരുന്നു ആരോപണമുന്നയിച്ചത്. പരാതിക്കാർ മോന്‍സന് പണം നൽകുമ്പോൾ കെ.സുധാകരൻ അവിടെയുണ്ടായിരുന്നുവെന്നും പരാതിക്കാർ മുഖ്യമന്ത്രിക്ക് ഉൾപ്പടെ നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
മോന്‍സനെ അറിയാമെന്ന് സുധാകരൻ :ഫെമ പ്രകാരം തടഞ്ഞുവച്ച 25 ലക്ഷം രൂപ വിട്ടുകിട്ടാൻ സുധാകരൻ മോൻസനെ സഹായിച്ചുവെന്ന ആരോപണങ്ങളും പരാതിക്കാർ ഉന്നയിച്ചിരുന്നു. അതേസമയം മോന്‍സനെ അറിയാമെന്നും ഡോക്‌ടർ എന്ന നിലയിലാണ് വീട്ടിൽ പോയതെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. 10 ദിവസം കെ സുധാകരൻ മോൻസൻ മാവുങ്കലിന്‍റെ വീട്ടിൽ താമസിച്ച് സൗന്ദര്യ വർധനക്കുള്ള കോസ്‌മറ്റോളജി ചികിത്സ നടത്തിയതായി വിവരങ്ങളും പുറത്ത് വന്നിരുന്നു.
ലോകത്തിലെ എറ്റവും വലിയ പുരാവസ്‌തു മ്യൂസിയം തുടങ്ങുകയാണെന്നും അതിൽ പങ്കാളിയാക്കാമെന്നും വിശ്വസിപ്പിച്ച് കോടികൾ തട്ടിയതാണ് മോൻസനെതിരെയുള്ള കേസ്. മുൻ ഡി.ജി.പി ലോക്‌നാഥ് ബെഹറ ഉൾപ്പടെയുള്ള പല പ്രമുഖരെയും ഇയാളുടെ പുരാവസ്‌തു കേന്ദ്രത്തിലേക്ക് എത്തിക്കുകയും ഒപ്പം നിന്ന് ഫോട്ടോ എടുക്കുന്ന പതിവും ഇയാൾക്കുണ്ടായിരുന്നു. ഈ ചിത്രങ്ങളും തട്ടിപ്പിന് ഉപയോഗിച്ചതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.