കെ മുരളീധരൻ സംസാരിക്കുന്നു എറണാകുളം:ലോക്‌സഭയിലേക്ക് മത്സരിക്കാൻ താല്‌പര്യം ഉണ്ടെന്ന് കെ മുരളീധരൻ. തനിക്ക് മത്സരിക്കാൻ താല്‌പര്യമുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. നിലവിലെ മണ്ഡലത്തിൽ തന്നെ മത്സരിക്കാനാണ് താല്‌പര്യമെന്നും കെ മുരളീധരൻ പറഞ്ഞു.
തന്‍റെ കാര്യം മാത്രമേ തനിക്ക് പറയാൻ കഴിയുകയുള്ളൂ. ആര് മത്സരിക്കണം, മത്സരിക്കേണ്ട എന്ന് പറയേണ്ടത് കോൺഗ്രസ് പ്രസിഡന്‍റും ഹൈക്കമാൻഡുമാണ്. സ്ഥാനാർഥി നിർണയം സംബന്ധിച്ച ചർച്ചകൾക്ക് സമയമായിട്ടില്ല. ഇനിയും ഒന്നേകാൽ വർഷം ബാക്കിയുണ്ടന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കലോത്സവഗാന വിവാദത്തെക്കുറിച്ച്: സംസ്ഥാന സ്‌കൂൾ കലോത്സവത്സവത്തിൽ സ്വാഗത ഗാനത്തിൽ സംഭവിച്ചത് ഗൗരവകരമായ കാര്യമാണ്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച കലോത്സവത്തിൽ സംഭവിച്ച വീഴ്‌ചയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന് തന്നെയാണ്. സിപിഎം കോഴിക്കോട് ജില്ല കമ്മിറ്റി സ്വാഗത ഗാനത്തെപ്പറ്റി അന്വേഷിക്കണമെന്ന് പറയുന്നു. ആര് അന്വേഷിക്കണമെന്നാണ് ഇവർ പറയുന്നതെന്നും കെ മുരളീധരൻ ചോദിച്ചു.
സ്വാഗത ഗാനത്തിൽ സംഭവിച്ച വീഴ്‌ചയുടെ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സർക്കാരിനുമാണ്. ന്യൂനപക്ഷ വിഭാഗത്തോട് ഈ വിഷയത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
Also read:എല്ലാവരും കൂടി നിയമസഭയിലേക്ക് തള്ളിയാൽ കോൺഗ്രസ് ഇനി കേന്ദ്രത്തിൽ അധികാരത്തിൽ വരില്ലെന്ന് ജനം വിചാരിക്കും; കെ മുരളീധരൻ