എറണാകുളം:ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിന്‍റെ ഇടക്കാല ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. ഹർജി ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബഞ്ച് പരിഗണിക്കട്ടെയെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം പിന്മാറിയത്. ലൈഫ് മിഷൻ കോഴ ഇടപാട് കേസിൽ എം.ശിവശങ്കറിന് ഇടക്കാല ജാമ്യം അനുവദിക്കേണ്ട അടിയന്തര സാഹചര്യമില്ലെന്നും ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ റിപ്പോർട്ടിലുൾപ്പെടെ സംശയമുണ്ടെന്ന നിലപാടുമാണ് ഇ.ഡി ഹൈക്കോടതിയിൽ സ്വീകരിച്ചത്.
എന്നാൽ ജയിൽ സൂപ്രണ്ട് സമർപ്പിച്ച മെഡിക്കൽ റിപ്പോർട്ടിനെ എങ്ങനെ തള്ളാനാകും. റിപ്പോർട്ട് പ്രകാരം അടിയന്തര ചികിത്സ അനിവാര്യമാണെന്ന് വ്യക്തമല്ലെയെന്നും ഹൈക്കോടതി ഇഡിയോട് ചോദിച്ചു. അതിനിടെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ നൽകിയ ഹർജി നിലനിൽക്കുന്നതല്ലെന്ന വാദം ഇ ഡി ഉന്നയിച്ചതോടെ, കേസ് പരിഗണിക്കുന്നതിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. ഹർജി പരിഗണിക്കുന്നതിന്‍റെ അധികാര പരിധി സംബന്ധിച്ച് സംശയമുയർന്നതിനാലായിരുന്നു ജഡ്‌ജി പിന്മാറിയത്. തുടർന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന ഉചിതമായ ബഞ്ചിന് മുന്നിലേക്ക് ഹർജി വിട്ടു.
ചികിത്സയ്ക്കായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ശിവശങ്കറിന്‍റെ ആവശ്യം. നിലവിൽ ശിവശങ്കറിന്‍റെ സ്ഥിര ജാമ്യാപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോഴ ഇടപാടിലെ മുഖ്യ ആസൂത്രകൻ ശിവശങ്കറാണെന്നതടക്കമുള്ള ഇ.ഡിയുടെ വാദങ്ങൾ അംഗീകരിച്ചായിരുന്നു നേരത്തെ കീഴ്‌ക്കോടതി ഇടക്കാല ജാമ്യാപേക്ഷ തള്ളിയത്.
കേസിൽ സ്ഥിരം ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു. സുപ്രീം കോടതിയുടെ ഈ നിർദേശം ഉൾപ്പെടുത്തിയായിരുന്നു ശിവശങ്കർ കീഴ്‌ക്കോടതിയിൽ ജാമ്യ അപേക്ഷ നൽകിയതെങ്കിലും ഇത് തള്ളി. ഇടക്കാല ജാമ്യാപേക്ഷ തള്ളിയ കീഴ്‌ക്കോടതി ഉത്തരവിനെതിരെയാണ് ഹർജി.
മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരി 14നാണ് എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. നിലവില്‍ ജയിലില്‍ കഴിയുകയാണ് ശിവശങ്കര്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിലാണ് എം ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്‌തത്. യുഎഇ കോണ്‍സുലേറ്റ് വഴി റെഡ് ക്രസന്‍റ് അനുവദിച്ച പണം ചെലവഴിച്ച് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ടാണ് കോഴ ഇടപാട്.
ശിവശങ്കര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ ഉള്‍പ്പെടെയുളള പ്രതികള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ ലഭിക്കാനായി കൈക്കൂലി നല്‍കിയതായി യൂണിടാക് മാനേജിങ് ഡയറക്‌ടര്‍ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. കരാര്‍ ലഭിക്കുന്നതിനായി ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവര്‍ക്ക് 4 കോടി 48 ലക്ഷം രൂപ കൈക്കൂലി നല്‍കിയതായാണ് സന്തോഷ് ഈപ്പന്‍റെ വെളിപ്പെടുത്തല്‍. ലൈഫ് മിഷന്‍ കോഴക്കേസില്‍ എം ശിവശങ്കറിന് പങ്കുണ്ടെന്ന സ്വപ്‌നയുടെയും സരിത്തിന്‍റെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലോക്കറില്‍ നിന്ന് പിടികൂടിയ ഒരു കോടി രൂപ എം ശിവശങ്കറിന് ലഭിച്ച കമ്മിഷന്‍ ആയിരുന്നുവെന്നായിരുന്നു സ്വപ്‌ന സുരേഷിന്‍റെ ആരോപണം. ഈ സാഹചര്യത്തിലായിരുന്നു കേസില്‍ ശിവശങ്കറിനെ പ്രതിയാക്കി ഇ.ഡി അറസ്റ്റ് ചെയ്‌തത്.