എറണാകുളം:ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയ കേസെടുത്തു. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. വിഷയം ചൊവ്വാഴ്ച (06 03 2023) ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തിൽ ഇടപെടലാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിന് നേരത്തെ ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്‍ കത്തയച്ചിരുന്നു. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് കത്തിലെ ആവശ്യം.
അതേസമയം, മാലിന്യപ്ലാന്‍റിലെ തീപിടിത്തത്തെ കുറിച്ച് ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസും ശക്തമായി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് കൊച്ചി മേയറുടെ രാജി ആവശ്യപ്പെട്ട് ഡിസിസിയുടെ ആഭിമുഖ്യത്തില്‍ രാവിലെ കോര്‍പ്പറേഷന്‍ ഓഫിസിലേയ്‌ക്ക് മാര്‍ച്ച് നടത്തിയിരുന്നു. കൊച്ചിയിലെ ജനങ്ങള്‍ ഗ്യാസ് ചേബറില്‍ കഴിയുന്നത് പോലെയാണ് ജീവിക്കുന്നതെന്ന് മാര്‍ച്ച് ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് ബെന്നി ബഹനാന്‍ എം പി പറഞ്ഞു.
കോണ്‍ഗ്രസിന്‍റെ പ്രതിഷേധ മാര്‍ച്ച്: പ്രതിഷേധ മാര്‍ച്ചില്‍ കൊച്ചി മേയര്‍ എം. അനിലിനെതിരെ കോണ്‍ഗ്രസ് രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഡിസിസി ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോര്‍പ്പറേഷന് സമീപമെത്തിയപ്പോള്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. മാര്‍ച്ചിനെ നേരിടാന്‍ ജലപീരങ്കി ഉള്‍പെടെ സര്‍വ സന്നാഹങ്ങളുമായി പൊലീസ് സ്ഥലത്ത് സജ്ജമായിരുന്നു.
കഴിഞ്ഞ ഒന്നാം തീയതിയുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് അഞ്ചാം ദിവസമായിട്ടും പൂർണമായി തീ കെടുത്താനായിട്ടില്ല. പ്ലാസ്‌റ്റിക് മാലിന്യം പുകഞ്ഞ് വീണ്ടും കത്തുന്നത് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. ഇരുപത്തിയേഴോളം ഫയർ യൂണിറ്റുകൾ അഞ്ച് ദിവസമായി പുക നീക്കം ചെയ്യുവാനുള്ള ദൗത്യം തുടരുകയാണ്.
തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി അഞ്ചാം ദിവസവും കൊച്ചിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ വായൂമലിനീകരണത്തിന്‍റെ അളവ് അപകടകരമായ രീതിയിലേയ്‌ക്ക് മാറിയിരിക്കുകയാണ്. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെങ്കിലും മാലിന്യ കൂമ്പാരത്തില്‍ നിന്നും ഉയരുന്ന പുകയാണ് പ്രതിസന്ധിയ്‌ക്ക് കാരണം.
അഞ്ചാം ദിവസത്തിലും പ്രതിസന്ധി രൂക്ഷം:തീപിടിത്തമുണ്ടായി അഞ്ചാം ദിവസവും മാലിന്യ പ്ലാന്‍റില്‍ അഗ്നിശമന സേനയുടെ ഫയര്‍ എഞ്ചിന്‍റെ പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാലിന്യം 12 സെക്‌ടറുകളിലായി തിരിച്ച് വെള്ളം ഉപയോഗിച്ച് തീ പൂര്‍ണമായും അണയ്‌ക്കാനുള്ള പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
നഗരത്തിലെ മാലിന്യ നീക്കവും നിലച്ച അവസ്ഥയാണ് നിലവിലുള്ളത്. തീപിടിത്തമുണ്ടായ ദിവസം മുതലാണ് വീട്, ഫ്ലാറ്റ്, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും മാലിന്യ നീക്കം നിലച്ചിരിക്കുന്നത്. മാലിന്യങ്ങള്‍ കുന്നുകൂടുന്നതും നഗരത്തില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്.
മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നത് ദുര്‍ഗന്ധത്തിനും, ആരോഗ്യപ്രശ്‌നത്തിനും കാരണമായിരിക്കുകയാണ്. മാലിന്യ സംസ്‌കരണത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരിക്കുകയാണ്. നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ല കലക്‌ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
സ്‌കൂളുകള്‍ക്ക് അവധി:ജില്ല അതിര്‍ത്തി കടന്നും പുക ശല്യം അനുഭവപ്പെട്ടിരിക്കുകയാണ്. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി പ്രഭാത സവാരിക്കിറങ്ങിയ ആളുകളെ പുകശല്യം നന്നായി ബാധിച്ചു. മുന്‍കരുതലിന്‍റെ ഭാഗമായി ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു.
കഴിഞ്ഞ വ്യാഴാഴ്‌ച(1.03.2023) വൈകുന്നേരം നാല് മണിയോടു കൂടിയായിരുന്നു ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന ഭാഗത്തായിരുന്നു തീപിടിത്തമുണ്ടായത്.