എറണാകുളം: ഒരു മുന്നണിയെയും അകറ്റിനിർത്തില്ലെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്. നിയമസഭാ തെരഞ്ഞെടുപ്പ് യാക്കോബായ സഭയ്ക്ക് നിർണായകമാണ്. സഭ ഇപ്പോൾ രാഷ്ട്രീയ നിലപാട് എടുക്കുന്നില്ല. ഭാവിയിൽ രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. നിലവിൽ അത്തരം സാഹചര്യമാണുള്ളത്. സഭയിൽ എല്ലാ രാഷ്ട്രീയക്കാരും ഉണ്ട്. സഭയെ രക്ഷിക്കുന്നതിനുള്ള ഉറപ്പുകൾ കിട്ടണം. നിലവിൽ മൂന്ന് മുന്നണികളോടും ഒരു പോലെയുള്ള സമീപനമാണ് ഉള്ളതെന്നും മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി.
ഒരു മുന്നണിയെയും അകറ്റിനിർത്തില്ല: യാക്കോബായ സഭ - assembly elections 2021
സഭ ഇപ്പോൾ രാഷ്ട്രീയ നിലപാട് എടുക്കുന്നില്ല. ഭാവിയിൽ രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. നിലവിൽ അത്തരം സാഹചര്യമാണുള്ളത്. സഭയെ രക്ഷിക്കുന്നതിനുള്ള ഉറപ്പുകൾ കിട്ടണമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് വ്യക്തമാക്കി

എറണാകുളം ജില്ലയിൽ പല മണ്ഡലങ്ങളിലും സഭ നിർണായക സ്വാധീനം പുലർത്തുന്നുണ്ടെന്ന് ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. സഭയുടെ സമരം സംസ്ഥാന സർക്കാറിനോടുള്ള വിലപേശൽ അല്ല. പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു പോയി. സർക്കാരിനെതിരെ അല്ല സമരം ചെയ്‌തത്. ശബരിമലയും പള്ളിത്തർക്ക വിധിയും കൂട്ടിക്കുഴച്ചത് യുഡിഎഫിലെ ഒരു നേതാവാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് ആരോപിച്ചു. സഭ സ്ഥാനാർഥികളെ നിർത്താൻ ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
52 പള്ളികളാണ് നഷ്‌ടപ്പെട്ടത്. സഭയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വകകൾ പിടിച്ചെടുക്കുന്നു. വലിയ പ്രതിസന്ധിയിലൂടെയാണ് സഭ കടന്നുപോകുന്നതെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. കേന്ദ്ര സർക്കാരിൽ വിശ്വാസക്കുറവ് ഇല്ലെന്നും പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാരാണ് നടപടിയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന് പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആയില്ലെങ്കിൽ കേന്ദ്രത്തെ സമീപിക്കും. കോടതിയിൽ വിശ്വാസമില്ലാതായിട്ടില്ലെന്നും ഭരണകർത്താക്കൾ പരിഹാരം ഉണ്ടാക്കി തരാൻ സന്നദ്ധരാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെമിത്തേരി ബിൽ പാസാകാത്തതിൽ പ്രതിഷേധമുണ്ട്. ബില്ല് എതിർക്കില്ലെന്നു പ്രതിപക്ഷമടക്കം പറഞ്ഞിരുന്നു. ഇതിനെതിരെയും ഓർത്തഡോക്‌സ് വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് കുറ്റപ്പെടുത്തി.