എറണാകുളം : പിഎംഎ സലാമിന് മറുപടിയുമായി സമസ്‌ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. പിഎംഎ സലാം കഴിഞ്ഞ ദിവസം മലപ്പുറത്ത് തട്ടം വിഷയത്തിൽ നടത്തിയ പരാമർശം വിവാദമായതോടെയാണ് മറുപടിയുമായി സമസ്‌ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയത് (Jifri Muthukkoya Thangal responds to PMA Salaam). ഒരിടവേളയ്ക്ക് ശേഷമാണ് ലീഗ് സമസ്‌ത ബന്ധത്തിൽ കല്ലുകടിയായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന്‍റെ സമസ്‌ത നേതാക്കൾക്കെതിരായ പരാമർശം.
സര്‍ക്കാരുകളോട് ബന്ധപ്പെടുന്നത് സമസ്‌തയുടെ നയമാണെന്നും അതിനെ വിമര്‍ശിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്‌ത എറണാകുളം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലാണ് മുത്തുക്കോയ തങ്ങളുടെ പ്രതികരണം. സര്‍ക്കാരുകള്‍ക്ക് മുമ്പില്‍ നമ്മുടെ ആവശ്യങ്ങള്‍ പറഞ്ഞ് അവരുമായി സൗഹാര്‍ദത്തില്‍ പോകണമെന്നാണ് സമസ്‌തയുടെ ഭരണഘടനയില്‍ തന്നെ പറയുന്നത്. അതിപ്പോൾ ഇന്ത്യാരാജ്യമാകട്ടെ, കേരളമാകട്ടെ, ഭരിക്കുന്ന സര്‍ക്കാരുകളുമായി നല്ല ബന്ധമായിരിക്കും സമസ്‌തയ്ക്കുള്ളത്. ആ ബന്ധത്തിന്‍റെ അടിസ്ഥാനത്തില്‍ നമുക്കാവശ്യമുള്ള കാര്യങ്ങള്‍ അവരുടെ മുന്നില്‍ അവതരിപ്പിക്കും. അത് ചിലപ്പോള്‍ പോയി അവതരിപ്പിക്കും. അല്ലെങ്കില്‍ ഫോണിലൂടെ അറിയിക്കും. അങ്ങനെ പറയുമ്പോള്‍ അതിനെ ആക്ഷേപിച്ചിട്ട് കാര്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
വഖഫ് ബോർഡ് നിയമനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിൽ സമസ്‌ത പുറകോട്ട് പോയതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സലാം വിമർശനമുന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകളും നമ്മുടെ സമുദായത്തിലുണ്ടെന്നും ഇത്തരമൊരു നയവുമായി നടന്ന പാര്‍ട്ടിയോടുള്ള സമീപനം അവര്‍ വ്യക്തമാക്കണമെന്നുമായിരുന്നു പിഎംഎ സലാമിന്‍റെ ആവശ്യം. ഇതിന് അതേ നാണയത്തിൽ മറുപടി പറയുകയാണ് സമസ്‌ത നേതാവ്.