എറണാകുളം: സുപ്രീംകോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുളന്തുരുത്തി പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങി. വൈകിട്ട് അഞ്ചരക്ക് ശേഷമാണ് ഓർത്തഡോക്സ് വിഭാഗം യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ പള്ളിക്ക് മുന്നിലെത്തിയത്. കോടതിവിധി തങ്ങൾക്ക് അനുകൂലമാണെന്നും പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നൂറിലധികം വരുന്ന ഓർത്തഡോക്സ് വിഭാഗം എത്തിയത്. ഒരു മണിക്കൂറോളം പള്ളിക്ക് മുന്നിൽ നിലയുറപ്പിച്ച ഓർത്തഡോക്സ് വിഭാഗം യാക്കോബായ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിപ്പോയി.
മുളന്തുരുത്തിയില്‍ പള്ളിത്തര്‍ക്കം; പ്രതിഷേധത്തെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങി - Jacobite
മുളന്തുരുത്തി മാര്‍ത്തോമന്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗത്തെ യാക്കോബായ വിശ്വാസികൾ തടഞ്ഞു. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കി
പള്ളിയിൽ പ്രവേശിക്കാൻ സാധിക്കാത്ത സാഹചര്യം കോടതിയെ അറിയിക്കുമെന്നും നിയമപരമായ പോരാട്ടം തുടരുമെന്നും ഓർത്തഡോക്സ് സഭ മെത്രാപ്പോലീത്താ യാക്കോബ് മാർ ഐറേനിയോസ് പറഞ്ഞു. പള്ളിക്ക് അകത്ത് നിലയുറപ്പിച്ച യാക്കോബായ വിഭാഗം യാതൊരു കാരണവശാലും ഓർത്തഡോക്സ് വിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. കുട്ടികൾ അടക്കമുള്ള യാക്കോബായ വിശ്വാസികൾ മുദ്രാവാക്യം വിളികളുമായി നിലയുറപ്പിച്ചതോടെയാണ് ഓർത്തഡോക്സ് വിഭാഗം സ്ഥലത്ത് നിന്നും മടങ്ങിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. മലങ്കര സഭക്ക് കീഴിലുള്ള എല്ലാ പള്ളികളും 1934 ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നായിരുന്നു 2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധി.