എറണാകുളം:അതിശയമായി വീട്ടുവളപ്പിലെ ഭീമൻ ചക്ക. ആയവന ഏനാനെല്ലൂർ വടക്കേക്കര നാരയണന്‍റെ വീട്ടുവളപ്പിലെ വരിക്കപ്ലാവിലാണ് ഭീമൻ ചക്ക വിരിഞ്ഞത്. 58.9 കിലോ ഗ്രാം തൂക്കവും, 90 സെന്‍റിമീറ്റർ നീളവും, 112 സെന്‍റിമീറ്റർ വീതിയുമാണ് ചക്കയ്ക്കുള്ളത്. ഈ ഭീമൻ ചക്ക ഇതുവരെയുള്ള തൂക്കത്തിൽ ജില്ലയിൽ ഒന്നാമത് നിൽക്കുന്നു. ഭീമൻ ചക്ക കാണാൻ നിരവധി പേരാണ് വീട്ടിലെത്തുന്നത്.
അതിശകാഴ്ചയായി ആയവനയിലെ ഭീമൻ ചക്ക
58.9 കിലോ ഗ്രാം തൂക്കവും, 90 സെന്‍റിമീറ്റർ നീളവും, 112 സെന്‍റിമീറ്റർ വീതിയുമാണ് ചക്കയ്ക്കുള്ളത്.
റെക്കോഡ് തൂക്കമുള്ള ചക്കകളെക്കുറിച്ച് പത്രങ്ങളിൽ വന്ന വാർത്തകൾ ശ്രദ്ധിച്ച നാരായണൻ പ്ലാവിൽനിന്ന് ചക്ക കയറുകെട്ടി താഴെയിറക്കി. ചക്കയ്ക്കു വലിപ്പം കൂടുതലായതിനാൽ ആയവന കൃഷി ഓഫീസറെ വിവരമറിയിച്ചു. തുടർന്ന് കൃഷി ഓഫീസറുടെ നിർദേശപ്രകാരം തൂക്കി നോക്കിയപ്പോഴാണ് 58.9 കിലോ ഉണ്ടെന്നു മനസ്സിലായത്.
ലോക്ക് ഡൗൺ കാലത്ത് മലയാളി വീണ്ടെടുത്ത ഇഷ്ടഭക്ഷണമാണ് ചക്ക. ഇതിനൊപ്പം തന്നെ ചക്കയുടെ വലുപ്പത്തെക്കുറിച്ചുള്ള വാർത്തകളും ഹരമാവുകയാണ്. കൊല്ലം അഞ്ചലിൽനിന്നുള്ള ചക്കയാണ് ആദ്യം വാർത്തയായത്. പിന്നാലെ അതിനേക്കാൾ തൂക്കവുമായി വയനാട്ടിൽനിന്നുള്ള ചക്ക വാർത്തകളിൽ നിറഞ്ഞു. തൂക്കത്തിലും നീളത്തിലും ഇവ രണ്ടിനെയും മറികടന്ന് തിരുവനന്തപുരം, വെമ്പായത്തുനിന്നുള്ള ചക്ക എത്തി.അഞ്ചലിൽ വിളഞ്ഞ ചക്കയ്ക്ക് 51.5 കിലോ തൂക്കവും വയനാട്ടിലെ ചക്കയ്ക്കാകട്ടെ 52.3 കിലോ തൂക്കവും ആയിരുന്നു. അഞ്ചലിലെയും വയനാട്ടിലെയും ചക്കകളെ മറികടന്ന് വെമ്പായത്തെ ചക്കക്ക് പിന്നാലെ റെക്കോർഡിട്ടിരിക്കുകയാണ് ആയവനയിലെ ചക്ക.