എറണാകുളം: പ്രതിസന്ധി കാലത്ത് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത് വ്യവസായ മേഖല. പ്രതിസന്ധി കാലത്തെ പ്രായോഗിക ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്‌ട്രീസ് വൈസ് ചെയർമാൻ ശ്രീനാഥ് വിഷ്ണു പറഞ്ഞു.
കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്‌ത് വ്യവസായ മേഖല - എറണാകുളം
കൊച്ചി ഹാർബറിന്‍റെ വികസനം സ്വാഗതാർഹമായ കാര്യമാണെന്നും ശ്രീനാഥ് വിഷ്ണു അഭിപ്രായപ്പെട്ടു.
സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ നിർദേശങ്ങളാണ് ബജറ്റിലുള്ളതെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പണം വിനിയോഗിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ആളുകളുടെ കൈകളിലേക്കെത്തുന്ന പണം കമ്പോളങ്ങളിലേക്കാണ് എത്തുക .ഇത് സാമ്പത്തിക ക്രയവിക്രയം വർധിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതുവേ യാഥാർത്ഥ്യ ബോധമുള്ള ബജറ്റാണെന്ന് വിലയിരുത്താമെങ്കിലും ചില മേഖലകളിൽ പ്രത്യേകമായി പണം വകയിരുത്തിയിട്ടില്ല. കേരളത്തെ സംബന്ധിച്ചിടത്തോളം ടൂറിസം മേഖലയിൽ കുറച്ച് കൂടി പിന്തുണ ആവശ്യമായിരുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമുദ്രോത്‌പന്ന കയറ്റുമതിയിൽ വലിയ സ്ഥാനമുള്ള കൊച്ചി ഹാർബറിന്‍റെ വികസനം സ്വാഗതാർഹമായ കാര്യമാണ്. കൊച്ചി നഗരത്തിന്‍റെ വളർച്ചയ്ക്ക് മെട്രോയുടെ രണ്ടാം ഘട്ടത്തിനായി പണം അനുവദിച്ചത് സഹായകമാകുമെന്നും ഇത് വ്യവസായ മേഖലയ്‌ക്ക് എറെ അനുകൂലമാണെന്നും ശ്രീനാഥ് വിഷ്ണു അഭിപ്രായപ്പെട്ടു.