എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢ സംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണങ്ങളുമായി പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ഐ ജി ജി ലക്ഷ്‌മണ്‍. നിഗൂഢ സംഘം സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകളിലടക്കം ഒത്തുതീർപ്പും പരാതി പരിഹാരവും നടത്തുന്നു. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫിസ് അസാധാരണ ഭരണഘടനാപരമായ അധികാര കേന്ദ്രമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച കേസുകളിൽ പോലും സി.എം ഓഫിസിലെ ഗൂഢ സംഘം പ്രശ്‌ന പരിഹാരം നടത്തി. ഈ സംഘത്തിലെ അദൃശ്യ കരങ്ങളും ബുദ്ധി കേന്ദ്രവുമാണ് തന്നെ മോൻസൻ മാവുങ്കൽ പ്രതിയായ തട്ടിപ്പ് കേസിൽ ഉൾപ്പെടുത്തിയതെന്നും ഐ.ജി ഗുഗുലോത്ത് ലക്ഷ്‌മൺ ആരോപിക്കുന്നു. മോൻസൻ മാവുങ്കൽ കേസിൽ പ്രതി ചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് സർവീസിലിരിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍റെ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങൾ.
കേസിലെ പരാതിക്കാർ നേരത്തെ മുഖ്യമന്ത്രിയ്ക്കടക്കം നൽകിയ പരാതിയിൽ തനിക്കെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ സി.എം ഓഫിസിലെ അസാധാരണ ബുദ്ധി കേന്ദ്രത്തിന്‍റെ നിർദേശ പ്രകാരമാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി തന്നെ പ്രതിയാക്കിയതെന്നും ഐ ജി ലക്ഷ്‌മൺ ഹർജിയിൽ പറയുന്നുണ്ട്. ഹർജിയിന്മേൽ സർക്കാരിനോടുൾപ്പെടെ ഹൈക്കോടതി വിശദീകരണം തേടിയിരിക്കുകയാണ്. 2021 സെപ്റ്റംബർ 23നാണ് മോൻസൻ മാവുങ്കലിനെതിരെ പണം തട്ടിയെടുത്തെന്ന കേസ് രജിസ്‌റ്റര്‍ ചെയ്യുന്നത്.
കഴിഞ്ഞ മാസം ജൂൺ 12 ന് ഐ ജി ജി.ലക്ഷ്‌മൺ, കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എന്നിവരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് എറണാകുളം എ.സി.ജെ.എം കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. കേസിൽ മൂന്നാം പ്രതിയാണ് ഐ.ജി. ജി ലക്ഷ്‌മൺ.
സുധാകരന്‍റെ പേര് വലിച്ചിഴച്ചത് ഗൂഢാലോചന:അതേസമയം, മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ പേര് വലിച്ചിഴച്ചത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണൻ പറഞ്ഞിരുന്നു. ദേശാഭിമാനി എല്ലാക്കാലത്തും ചെയ്യുന്നതാണിത്. ചാരക്കേസിന്‍റെ കാലത്തും കള്ളപ്രചാരണം നടത്തി. ഇതിനൊക്കെ ഒത്താശ ചെയ്‌ത് കൊടുക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും അദ്ദേഹം ആരോപിച്ചു.
സുധാകരനെതിരായ വിവാദ പരാമർശത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ നൽകിയ പരാതിയിൽ പൊലീസ് കെപിസിസി ആസ്ഥാനത്തെത്തി മൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടി യു രാധാകൃഷ്‌ണൻ ഇക്കാര്യം വ്യക്തമാക്കിയത്. നാർകോട്ടിക് സെൽ അസിസ്റ്റൻ്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മൊഴി രേഖപ്പെടുത്തിയത്.
നടപടി ഗോവിന്ദന്‍റെ വിവാദ പ്രസ്‌താവനയില്‍ :ഈ മാസം 13ന്11.15 ഓടെ കെപിസിസി ആസ്ഥാനത്തെത്തിയ പൊലീസ് അരമണിക്കൂറോളം മൊഴി രേഖപ്പെടുത്തിയ ശേഷമാണ് മടങ്ങിയത്. സംഭവത്തിൽ ജൂൺ 21 നാണ് രാധാകൃഷ്‌ണൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. മോന്‍സന്‍ മാവുങ്കല്‍ വീട്ടുജോലിക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചതായാണ് എം.വി.ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്.