കൊച്ചി: പാലാരിവട്ടം അഴിമതി കേസിൽ വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപ്പുഴ വിജിലൻസ് കോടതി തള്ളി. വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയും കോടതി തള്ളി. നാല് ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു വിജിലൻസ് ആവശ്യം. ആശുപത്രിയിൽ വെച്ച് നിബന്ധനകളോടെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി ലഭിച്ചു. നവംബർ 30ന് ചോദ്യം ചെയ്യാനാണ് അനുമതി. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ഉച്ചയ്ക്ക് ശേഷം മൂന്ന് മുതൽ വൈകുന്നേരം അഞ്ച് വരെയും ചോദ്യം ചെയ്യാം. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഇബ്രാഹിം കുഞ്ഞിന് മാനസികമായോ ശാരീരികമായോ ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും അന്വേഷണ സംഘത്തിൽ മൂന്ന് പേർ മാത്രമായിരിക്കണമെന്നും ഒരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് ഇടവേള നൽകണമെന്നും കോടതി നിർദേശിച്ചു. ചോദ്യം ചെയ്യലിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥർ കൊവിഡ് പരിശോധ നടത്തണമെന്നും നിബന്ധനയുണ്ട്. ഉത്തരവിന്‍റെ പകർപ്പ് ആശുപത്രി അധികൃതർക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.
വി.കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷ തള്ളി വിജിലൻസ് കോടതി
മാനസികമായോ ശാരീരികമായോ ഇബ്രാഹിം കുഞ്ഞിന് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് കോടതി നിർദേശം
ജാമ്യാപേക്ഷയിലും വിജിലൻസിന്‍റെ കസ്റ്റഡി അപേക്ഷയിലും കോടതി ബുധനാഴ്‌ച വിശദമായി വാദം കേട്ടിരുന്നു. ഇബ്രാഹിം കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബോർഡിന്‍റെ റിപ്പോർട്ടും കോടതി പരിഗണിച്ചു. മൊബിലൈസേഷൻ അഡ്വാൻസുമായി ബന്ധപ്പെട്ട് റൂൾസ് ഓഫ് ബിസിനസ് അനുസരിച്ചാണ് ഉത്തരവ് നൽകിയതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാന വാദം. മുൻ മന്ത്രി കോൺട്രാക്‌ടറിൽ നിന്ന് കൈകൂലി വാങ്ങിയെന്ന റിമാൻഡ് റിപ്പോർട്ടിലെ വിജിലൻസ് വാദങ്ങളും പ്രതിഭാഗം നിഷേധിച്ചു. എന്നാൽ ഇതിനെ പ്രോസിക്യൂഷൻ എതിർത്തു. ടെണ്ടറിൽ മുൻകൂർ പണം അനുവദിക്കുന്നതിന് വ്യവസ്ഥയില്ലന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു.