എറണാകുളം :ഇലന്തൂർ നരബലി കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യൽ തുടരുന്നു. കേസിലെ മുഖ്യ ആസൂത്രകനും ഒന്നാം പ്രതിയുമായ മുഹമ്മദ് ഷാഫിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ തേടുകയാണ് അന്വേഷണ സംഘം. പ്രതി വ്യാജ മൊഴികൾ നൽകി അന്വേഷണം വഴി തെറ്റിക്കാൻ നടത്തുന്ന ശ്രമം പ്രത്യേക സംഘത്തെ കുഴപ്പിക്കുന്നുണ്ട്.
സമൂഹമാകെ ഞെട്ടിയ കൊലപാതകം നടത്തിയ പ്രതിയാണെന്ന ഭാവഭേദമില്ലാതെയാണ് ഷാഫി ചോദ്യങ്ങളോട് പ്രതികരിക്കുന്നത്. മനുഷ്യ മാംസം കഴിച്ചോയെന്ന അന്വേഷണ സംഘത്തിന്‍റെ ചോദ്യത്തിന് ചിരി മാത്രമായിരുന്നു ഷാഫിയുടെ മറുപടി. കേസിലെ രണ്ടാം പ്രതിയായ ഭഗവൽ സിങ്ങിനെ വരുതിയിലാക്കാനായി ഉപയോഗിച്ച ശ്രീദേവി എന്ന പേരിലുള്ളതിന് പുറമെ ഇയാള്‍ വേറെയും വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി.
ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കാനായി സൈബർ വിദഗ്‌ധരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങി. രണ്ടാമതായി നരബലി നടത്തിയ പത്മയുടെ മൃതദേഹം 56 ക്ഷണങ്ങളായി വെട്ടിമുറിക്കാൻ വീട്ടിൽ ഉപയോഗിച്ചിരുന്ന കത്തിയാണ് ഉപയോഗിച്ചതെന്ന പ്രതികളുടെ മൊഴിയും അന്വേഷണ സംഘം പൂർണമായി വിശ്വസിച്ചിട്ടില്ല. അതേസമയം പെരുമ്പാവൂരിൽ മോർച്ചറിയിൽ സഹായിയായും ഇറച്ചിവെട്ടുകാരനായും നേരത്തെ ഷാഫി പ്രവർത്തിച്ചിരുന്നുവെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇറച്ചി കടയിലെ ജോലി പരിചയമാണ് മനുഷ്യ ശരീരം മടിയില്ലാതെ വെട്ടി മുറിക്കാൻ പ്രതിയെ സഹായിച്ചതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഷാഫിയുടെ നിഗൂഢമായ ജീവിതത്തെ കുറിച്ച് വിശദമായി തന്നെ പൊലീസ് പരിശോധിച്ച് വരികയാണ്. ഇലന്തൂരിലെ വീട്ടില്‍ നരബലിക്ക് എത്തിച്ചതിന് ശേഷം രക്ഷപ്പെട്ടെന്ന് കരുതുന്ന പത്തനംതിട്ട സ്വദേശികളായ രണ്ട് സ്ത്രീകളെ കണ്ടെത്തി പൊലീസ് മൊഴി രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസവും മൂന്ന് പ്രതികളെയും ഇലന്തൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ കസ്റ്റഡിയിലായ മൂന്ന് പ്രതികളുടെ വൈദ്യ പരിശോധന നടത്തി കോടതിയിൽ സമർപ്പിക്കും. ഓരോ മൂന്ന് ദിവസം കഴിയുമ്പോഴും വൈദ്യ പരിശോധന നടത്തി റിപ്പോര്‍ട്ട് സമർപ്പിക്കണമെന്ന് കസ്റ്റഡിയിൽ വിട്ടുനൽകിയ ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.
also read:ഇരട്ട നരബലി കേസ്; പ്രതികള്‍ കൊല്ലപ്പെട്ടവരുടെ അവയവങ്ങള്‍ കടത്തിയോ എന്നതിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
കടവന്ത്ര, കാലടി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത പത്മ, റോസ്‌ലി തിരോധാന കേസുകളിൽ ഒരുമിച്ചാണ് അന്വേഷണം തുടരുന്നത്. രണ്ട് നരബലി കേസുകളിലും പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പ്രതികള്‍ മറ്റെവിടെയെങ്കിലും സമാനമായ കുറ്റകൃത്യം നടത്തിയിട്ടുണ്ടോയെന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. കൂടാതെ പ്രതിയായ ഷാഫി മറ്റെവിടെയെങ്കിലും ആഭിചാര പ്രവർത്തനം നടത്തിയിരുന്നോയെന്നും സംഘം അന്വേഷിക്കുന്നുണ്ട്.