എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി(Hoax Bomb Threat). രാവിലെ 10.30ന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോയുടെ(Indigo) 6E6482 എന്ന വിമാനത്തിൽ ബോംബ് വച്ചതായി എയർപോർട്ട് സിഐഎസ്എഫ്(CISF) കൺട്രോൾ റൂമിൽ ഭീഷണി സന്ദേശം ലഭിക്കുകയായിരുന്നു. ഇന്‍റർനെറ്റ് കോൾ വഴിയാണ് അജ്ഞാത ബോംബ് ഭീഷണിയെത്തിയത്.
ഇതേതുടർന്ന് ബെംഗളൂരുവിലേക്ക് യാത്ര തിരിക്കാനായി റൺവേയിലേക്ക് നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. തുടർന്ന് വിമാനം ഐസൊലേഷൻ പാർക്കിങ് ബേയിലേക്ക് മാറ്റി. പ്രോട്ടോക്കോൾ അനുസരിച്ച് ബോംബ് ഭീഷണി വിലയിരുത്തൽ കമ്മിറ്റി എയർപോർട്ട് ഡയറക്‌ടറുടെ അധ്യക്ഷതയിൽ ചേരുകയും സിഐഎസ്എഫ് ക്യുആർടി, ബോംബ് സ്ക്വാഡ്, സ്‌റ്റേറ്റ് പൊലീസ്, സിയാൽ(CIAL) ഡിപ്പാർട്ട്‌മെന്‍റ് എആർഎഫ്എഫ് എന്നിവ ഉൾപ്പെടുന്ന സുരക്ഷ വിഭാഗം തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു.
ഒരു കുഞ്ഞ് ഉൾപ്പടെ വിമാനത്തിലുണ്ടായിരുന്ന 139 യാത്രക്കാരെയും ഗേറ്റ് നമ്പർ ഏഴിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിലേക്ക് മാറ്റുകയും ചെയ്‌തു. ലഗേജ് തിരിച്ച് ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതോടെയാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചത്.
സുരക്ഷ പരിശോധനകൾ പൂർത്തിയാക്കി ഇൻഡിഗോ വിമാനം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു. ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തിൽ മറ്റു വിമാനങ്ങളിലും, വിമാനത്താവളത്തിലും സുരക്ഷ പരിശാധനകളും വർധിപ്പിച്ചു. ബോംബ് വച്ചതായുള്ള അജ്ഞാത സന്ദേശത്തെ കുറിച്ച് നെടുമ്പാശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി.
ബോംബ് ഭീഷണി മുഴക്കി യാത്രക്കാരി(Passenger Hoax Bomb Threat):അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഈ മാസം ഒന്നാം തീയതി വ്യാജ ബോംബ് ഭീഷണി നടത്തിയ യാത്രക്കാരി അറസ്‌റ്റിലായിരുന്നു. അന്ന് തൃശൂർ സ്വദേശിയായ യുവതിയെയാണ് പൊലീസ് കസ്‌റ്റഡിയില്‍ എടുത്തത്. ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ യുവതിയാണ് ബോംബ് ഭീഷണി മുഴക്കിയത്.