എറണാകുളം:കലോത്സവ മത്സരങ്ങളിൽ സംഘാടന വീഴ്ച മൂലം മത്സരാർഥികൾക്ക് അപകടം സംഭവിച്ചാൽ സംഘാടകർ നിയമ നടപടി നേരിടേണ്ടി വരുമെന്ന് ഹൈക്കോടതി. ബാലനീതി നിയമ പ്രകാരമാകും ശിക്ഷ നടപടികൾ നേരിടേണ്ടി വരിക. വിവിധ മത്സരാർഥികളുടെ ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് വി ജി അരുണിന്‍റെ ഉത്തരവ്.
സ്‌കൂൾ കലോത്സവത്തിലെ വീഴ്ച: സംഘാടകര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് ഹൈക്കോടതി
കലോത്സവങ്ങളിൽ സംഘാടനത്തിലെ പോരായ്‌മ മൂലം അപകടങ്ങൾ സംഭവിച്ചാൽ ബാലനീതി നിയമപ്രകാരം ശിക്ഷ നടപടികൾ നേരിടേണ്ടിവരുമെന്ന് സംഘാടകർക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലെ മത്സരാര്‍ഥികളാണ് കോടതിയെ സമീപിച്ചത്.
കലോത്സവത്തിനിടെ സ്റ്റേജിൽ വച്ച് അപകടമുണ്ടായെന്നും ഇക്കാരണം കൊണ്ട് ഫലം പ്രഖ്യാപിച്ചപ്പോൾ പിന്നിലായെന്നും ചൂണ്ടിക്കാട്ടിയായിരുന്നു മത്സരാർഥികളുടെ ഹർജികൾ. കലോത്സവ അപ്പീൽ കമ്മിറ്റിക്കു മുന്നിൽ മത്സരാർഥികൾ അപ്പീൽ നൽകിയെങ്കിലും അവ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ തീരുമാനം അപ്പീൽ കമ്മിറ്റി പുനഃപരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.
തിരുവനന്തപുരം, തൃശ്ശൂർ ജില്ല കലോത്സവങ്ങളിലെ മത്സരാർഥികളായിരുന്നു ഹർജിക്കാർ. മുൻപേ മത്സരിച്ചവരുടെ ആഭരണങ്ങളും പിന്നുകളും സൂചികളും കാലിൽ തറച്ചു കയറിയും വേദിയുടെ പോരായ്‌മ കൊണ്ടും മത്സരാർഥികൾക്ക് അപകടമുണ്ടാകുന്നത് പതിവായതോടെയാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ. കലോത്സവ വേദിയിലെ കുഴി മൂലം പ്രസ്‌തുത ഹർജിക്കാരിലൊരാളുടെ കാൽക്കുഴ തെറ്റി അപകടം സംഭവിച്ചിരുന്നു. വേദി കൈകാര്യം ചെയ്യുന്ന മാനേജർമാരുടെയും സംഘാടകരുടെയും വീഴ്ചയാണ് അപകടത്തിന് പിന്നിലെന്നായിരുന്നു വാദം.