എറണാകുളം : സർക്കാര്‍ മെഡിക്കൽ കോളജ് ഹോസ്‌റ്റലുകളിൽ നിന്ന് രാത്രി 9.30നുശേഷം പുറത്തിറങ്ങാൻ രേഖാമൂലമുള്ള അനുമതി വാങ്ങണമെന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥ പ്രായോഗികമാണോയെന്ന് ഹൈക്കോടതി. അടിയന്തര സാഹചര്യത്തിൽ വിദ്യാർഥികള്‍ക്ക് രാത്രി 9.30നുശേഷം പുറത്തുപോകേണ്ടി വന്നാൽ രക്ഷിതാവിന്‍റെ അപേക്ഷ ഹാജരാക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ വ്യവസ്ഥ ഭേദഗതി ചെയ്യുന്നതിൽ ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ച് സര്‍ക്കാര്‍ നിലപാട് തേടി.
പത്ത് ദിവസത്തിനകം സർക്കാർ നിലപാട് അറിയിക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഗവ. മെഡിക്കൽ കോളജുകളിലെ ഹോസ്‌റ്റലുകളിൽ നിന്ന് രാത്രി പുറത്തിറങ്ങുന്നത് വിലക്കിയ സർക്കാർ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികളടക്കം നൽകിയ ഹർജികളാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. ഹോസ്‌റ്റലിൽ നിന്ന് രാത്രി ഒമ്പതരയ്ക്കുശേഷം പുറത്തിറങ്ങുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് ചോദ്യം ചെയ്‌തായിരുന്നു ഹർജി.