എറണാകുളം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ കെ വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ആഴ്‌ചയിലേക്ക് മാറ്റി. അടുത്ത ചൊവ്വാഴ്‌ചയ്‌ക്ക് ശേഷമാകും ഹര്‍ജി പരിഗണിക്കുകയെന്നാണ് സൂചന. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിദ്യയുടെ വാദം.
തനിക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ നിലപാട് അറിയിക്കും.
എന്നാല്‍, രണ്ടാഴ്‌ചയായിട്ടും വിദ്യ ഒളിവില്‍ തുടരുകയാണ്. വിദ്യയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണവുമായി സഹകരിക്കാമെന്നും ഏത് വ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു.
അവിവാഹിതയായതിനാല്‍ ജാമ്യം നല്‍കണമെന്ന് വിദ്യ: അവിവാഹിതയായ യുവതിയെ അറസ്‌റ്റ് ചെയ്‌ത് ജയിലിലടയ്ക്കുന്നത് നിയമ വ്യവസ്ഥയെ പരിഹസിക്കലാണെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നുമാണ് ഹർജിയിൽ വിദ്യയുടെ വാദം. ഇക്കഴിഞ്ഞ ആറിനാണ് എറണാകുളം സെൻട്രൽ പൊലീസ് വ്യാജരേഖ ചമയ്ക്കൽ കുറ്റമടക്കം ചുമത്തി വിദ്യയ്ക്കെതിരെ കേസെടുത്തത്. നിലവിൽ 14 ദിവസമായി ഒളിവിൽ കഴിയുകയാണ് വിദ്യ.
മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമിച്ചുവെന്നാണ് വിദ്യയ്‌ക്കെതിരെയുള്ള കേസ്. അട്ടപ്പാടി സർക്കാർ കോളജിൽ ഇന്‍റര്‍വ്യു വേളയിലാണ് സംശയമുണ്ടായത്. പിന്നീട് മഹാരാജാസ് കോളജ് പ്രിൻസിപ്പാള്‍ രേഖകൾ വ്യാജമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
അതിനിടെ കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടക്കേസിലെ
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്‌ചയിലേക്ക് മാറ്റി. അറസ്‌റ്റിൽ നിന്നുള്ള സംരക്ഷണം തിങ്കളാഴ്‌ച വരെ തുടരും.
ഉന്നതവിദ്യാഭ്യാസ മന്ത്രിയടക്കം വ്യാജ രേഖ ചമച്ചുവെന്ന് കെ സുരേന്ദ്രന്‍: അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവടക്കം വ്യാജ രേഖ ചമച്ചാണ് നിയമനം നേടിയതെന്നും എസ്‌എഫ്‌ഐ നേതാവിന്‍റെ വ്യാജ രേഖ കേസില്‍ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ സംരക്ഷണത്തിനായി ജൂണ്‍ 27ന് സെക്രട്ടേറിയറ്റിന് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കും, വിദ്യാഭ്യാസ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിയമപരമായിട്ട് ഇതിനെ നേരിടും. ദീര്‍ഘനാളത്തെ പ്രതിഷധമാണ് ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ ഭരണവര്‍ഗം കേരളത്തെ ലോകത്തിന് മുമ്പില്‍ നാണം കെടുത്തുന്നുവെന്നും സുരേന്ദ്രന്‍ അറിയിച്ചു.
കേരളത്തിലെ ഏത് കോളജിലും വ്യാജരേഖ ചമച്ച് ആളുകള്‍ക്ക് അഡ്‌മിഷന്‍ നേടാം എന്നാണ് നിലവിലെ അവസ്ഥ. രാഷ്‌ട്രീയ നേതാക്കളുടെ സമ്മര്‍ദം കൊണ്ട് അഡ്‌മിഷന്‍ നല്‍കിയെന്ന് കോളജ് പ്രിന്‍സിപ്പാള്‍ തന്നെ പറയുന്നു. ഒരു തട്ടിപ്പിലും കോളജിന് നടപടി എടുക്കാന്‍ ആകുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ തന്നെ വ്യാജ രേഖ ചമയ്‌ക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ തന്നെ ഇത് നടക്കുമ്പോള്‍ പാര്‍ട്ടി നേതാക്കളെ എങ്ങനെ കുറ്റം പറയും. വ്യാജ രേഖ കേസില്‍ പ്രതിയായ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി തന്നെ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു.
എസ്‌എഫ്‌ഐയെ താറടിക്കാനുള്ള നീക്കമാണ് എന്നാണ് പറയുന്നത്. സിപിഎം നേതൃത്വമാണ് ഇതില്‍ മറുപടി പറയേണ്ടത്. വസ്‌തുത എന്താണെന്ന് അറിയുന്നതിന് മുമ്പ് അല്ലെങ്കില്‍ എല്ലാം അറിഞ്ഞുകൊണ്ട് പാര്‍ട്ടി സെക്രട്ടറി നടപടിയെടുക്കുകയാണ്- ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.